പതിറ്റാണ്ടുകളുടെ സംഗീത തപസ്യ; രാഗങ്ങളുടെ രാജ... ഇസൈജ്ഞാനി ഇളയരാജ !

ഇളയരാജ  | Photo : Facebook / Ilaiyaraaja
ഇളയരാജ | Photo : Facebook / Ilaiyaraaja

തുമ്പീ വാ തുമ്പക്കുടത്തിൻ‌ 
തുഞ്ചത്തായ് ഊഞ്ഞാലിടാം‌...
ആകാശപ്പൊന്നാലിന്നിലകളെ 
ആയത്തിൽ തൊട്ടേ വരാം‌...

1982-ൽ ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓളങ്ങളിലെ ഈ ഗാനം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജനങ്ങളുടെ മനസ്സിൽ ഇന്നും അതിന് ഇളം പ്രായമാണ്. തലമുറകൾ കടന്നു പോയിട്ടും ഈ ഗാനം പുതുമയോടെ കാതുകൾക്ക് ഈണം പകരുന്നുണ്ടെങ്കിൽ മാന്ത്രികമായത് എന്തോ ആ ഗാനത്തിലുണ്ടായെന്നിരിക്കാം. ഇന്ത്യൻ സംഗീത ലോകം സാക്ഷിയായ ഒരു സംഗീത പ്രതിഭയുടെ സ്പർശമാണ് ഗാനത്തെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. ഒരു ശരാശരി ദക്ഷിണേന്ത്യക്കാരന് ഇദ്ദേഹത്തിൽ നിന്നും രക്ഷ നേടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. അവരുടെ ആഘോഷങ്ങളിലും, സുഖദുഃഖങ്ങളിലും പല കുറി ഈ മനുഷ്യൻ ഈണം നൽകിയ വരികൾ കടന്നുപോയിട്ടുണ്ടാകാം. അതേ..ആയിരത്തിലധികം ചിത്രങ്ങളുടെ സംഗീതസംവിധായകൻ, 8,000-ത്തിലധികം ഗാനങ്ങൾ, അഞ്ച് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയർ...സാക്ഷാൽ ഇസൈജ്ഞാനി ഇളയരാജ. 

പിന്നീടങ്ങോട്ട് മലയാള സിനിമാലോകം സാക്ഷിയാകാൻ പോകുന്ന ഒട്ടനവധി രാജാസ്പർശമുള്ള ​ഗാനങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു അത്. വാണിജ്യ സിനിമാ ചേരുവകളിൽ നിന്നും എന്നും മാറി സഞ്ചരിച്ചിരുന്ന പത്മരാജന്റെ രണ്ട് ചിത്രങ്ങൾക്കും രാജ ഈണം നൽകി. സീസണും മൂന്നാം പക്കവും. അക്കാലത്ത് ഇറങ്ങിയ ​ഗാനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നതായിരുന്നു സീസണിലെ ​ഗാനങ്ങൾ. കോവളത്ത് ഉല്ലസിക്കാനെത്തുന്ന സഞ്ചാരികളുടേയും ആ സമൂഹത്തിന്റെ ഭാ​ഗമായി ജീവിക്കുന്നവരുടെ താളവും കോർത്തിണക്കി രാജ ചിട്ടപ്പെടുത്തിയ പോയ് വരൂ എന്ന ​ഗാനം അന്നോളം മലയാളം സിനിമ കണ്ടതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. സീസണിലെ ​ഗാനങ്ങൾ വഴി മാറി സഞ്ചരിച്ചവയായിരുന്നെങ്കിൽ മൂന്നാം പക്കത്തിൽ ഏറെയും ജനപ്രിയ ​ഗാനങ്ങളായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് രാജ ഈണം പകർന്ന് "ഉണരുമീ ഗാനം" ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഇതേ ​ഗാനമാണ്  ജി.വേണുഗോപാലിന് അദ്ദേഹത്തിന്റെ പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുക്കുന്നത്. 

മലയാള സിനിമാചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇളയരാജ. 1984-ൽ ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ നവോദയ സ്റ്റുഡിയോയ്ക്ക് കീഴിൽ പ്രേക്ഷകരിലേക്കെത്തിയ ഫാന്റസി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ​ഗാനങ്ങൾക്ക് ഈണം പകർന്നത് രാജയായിരുന്നു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ 3ഡി ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു കുട്ടിച്ചാത്തൻ. ഒപ്റ്റിക്കൽ ഇല്യൂഷൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ജിജോ ഒരുക്കിയ അത്ഭുതമായിരുന്നു  "ആലിപ്പഴം പെറുക്കാം" എന്ന ​ഗാനം. ഈ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് രാജയായിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് രാജ ഈണം പകർന്ന ഗാനം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്‌.

രാജിവ് അഞ്ചൽ ചിത്രം ​ഗുരുവിന്റെ സംഗീതസംവിധായകനും മറ്റ് ആരുമല്ലായിരുന്നു. ഓസ്‌കർ പുരസ്കാരത്തിന് രാജ്യത്ത് നിന്നും തിരഞ്ഞെടുക്കുന്ന ആദ്യ മലയാള ചിത്രമായി മാറി അന്ന് ​ഗുരു.  ഗുരുവിനായി ഒരുക്കിയ പശ്ചാത്തല സം​ഗീതവും ​ഗാനങ്ങളും അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

ഗ്രാമങ്ങളുടേയും നാട്ടുകാരുടേയും കഥകൾ പറയുന്ന സത്യൻ അന്തിക്കാടിനൊപ്പം രാജ ചേർന്നപ്പോൾ ഒരുങ്ങിയതെല്ലാം അതിമനോഹരമായ ഗാനങ്ങളായിരുന്നു. മനസ്സിനക്കരെ മുതൽ സ്നേഹവീട് വരെയുള്ള അന്തിക്കാട് ചിത്രങ്ങൾക്ക് രാജ ​ഗാനങ്ങളൊരുക്കി. ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്റാണ് അദ്ദേഹം അവസാനമായി സംഗീതം നൽകിയ മലയാള ചിത്രം.

ഇളയരാജ തന്റെ സംഗീത പ്രതിഭയാൽ ഇന്നും ജനങ്ങളെ അതിശയിപ്പിക്കുന്നു. 8000-ത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്നിട്ടും ഇന്നും മറ്റൊന്നിനോട് സാമ്യമില്ലാതെ രാജയുടെ മനസ്സ് പുതിയ ഈണങ്ങൾ കണ്ടെത്തുന്നു. സം​ഗീതം  സപ്തസ്വരങ്ങളാണ്...അതിന് ഭാഷയുടെ അതിർവരമ്പുകളില്ല...സിബി മലയിൽ- മോഹൻലാൽ ചിത്രം ദേവദൂതനിൽ പറയുന്നത് പോലെ അയാൾ സംഗീതത്തിന്റെ രാജാവാണ്...ഇളയരാജ!

Content Highlights: Ilaiyaraaja, music composer, music day