ചെറുപ്പക്കാർ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുന്ന സംഭവം; കാരണങ്ങൾ എന്താണ്?, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

പ്രായം കുറഞ്ഞവരിലും കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ വില്ലൻ. വ്യായാമത്തിനിടയിൽ ആളുകൾ കുഴഞ്ഞുവീഴുന്നതും ഇപ്പോൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇവിടെ കുറ്റക്കാരൻ തീവ്രതയേറിയ വ്യായാമങ്ങൾ മാത്രമാണോ? ചെറുപ്പക്കാരിൽ ഹൃദ്രോഗ സാധ്യത ഉയരുന്നതിന് ഈ ഒറ്റ കാരണത്തെ മാത്രം പഴിക്കുന്നത് ശരിയാണോ?

വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അടിസ്ഥാന പ്രശ്നങ്ങളാണ് ഹൃദയത്തിന്റെ അനാരോഗ്യത്തിന് കാരണമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാൽ, വ്യായാമം ഒഴിവാക്കുകയല്ല വേണ്ടത്. മറിച്ച് ഗുരുതരമാകുന്നതിന് മുമ്പ് നിശ്ശബ്ദമായ അപകട ഘടകങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതാണ് നിർണായകം. തീവ്രതയേറിയ വ്യായാമത്തിനിടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പതിവായി പ്രകടമാകാറുണ്ട്. ഇത് പലപ്പോഴും രോഗലക്ഷണം പുറത്തുവരുന്നതാണെന്ന് നേരത്തെ പ്രശസ്ത കാർഡിയോളജിസ്റ്റ് അലോക് ചോപ്ര പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അല്ലാതെ, രോഗത്തിന് പിന്നിലെ കാരണമല്ലെന്നും അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • മോശമായ ഉപാപചയ ആരോഗ്യം(Metabolic Health)
  • ഇൻസുലിൻ പ്രതിരോധം
  • വിട്ടുമാറാത്ത വീക്കം(Inflammation)
  • അമിതമായ മാനസിക പിരിമുറുക്കം
  • മോശം ഉറക്കവും വിശ്രമവും
  • പോഷകക്കുറവുള്ള ഭക്ഷണക്രമം

വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം.
  • മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
  • രക്തസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ചിലർക്ക് ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്‌ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്‌തേശഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്‌സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)