സ്തംഭിച്ച ഹൃദയവും മിടിക്കും; പരിശീലിക്കാം ‘ഹൃദയപൂർവം’, CPR എന്ന ഹൃദയ പുനരുജ്ജീവനം

#രൺജിത്ത് ചാത്തോത്ത്
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

കണ്ണൂർ: ഹൃദയസ്തംഭനം സംഭവിച്ച രോഗിയെ ആസ്പത്രിയിലെത്തിക്കുന്നതിന് മുൻപ് നൽകുന്ന ശാസ്ത്രീയമായ പ്രഥമശുശ്രൂഷാ പരിശീലനം വ്യാപിപ്പിക്കാനുള്ള ‘ഹൃദയപൂർവം’ പരിപാടി നൂറുകണക്കിനാളുകൾക്ക് രക്ഷയാകും. ആവശ്യമായ സമയത്ത് പ്രഥമശുശ്രൂഷ അടിയന്തരമായി നൽകി ജീവൻ രക്ഷിക്കാനാണ് പരിശീലനം നൽകുക. ഹൃദയസ്തംഭനം വന്നവർക്ക് പലപ്പോഴും അടിയന്തര പ്രഥമശുശ്രൂഷ കിട്ടാതെപോകുന്നുണ്ട്. പ്രത്യേക ഉപകരണങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ ചെയ്യാനാവുന്ന ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ച് പരിശീലനം ലഭിച്ചാൽ ഇതിന് വലിയപരിധിവരെ പരിഹാരമാവും. ഹൃദയസ്തംഭനം വന്നയാളിൽ ശരിയായ രീതിയിൽ നെഞ്ചമർത്തൽ ഉടൻ ആരംഭിച്ചാൽ രക്തചംക്രമണം നിലനിർത്തി അതിജീവന സാധ്യത മൂന്നിരട്ടിവരെ വർധിപ്പിക്കാൻ സഹായിക്കും. തക്കസമയത്തെ ഇടപെടൽമൂലം ചിലരുടെ ജീവൻ സമീപകാലത്ത് ഇത്തരത്തിൽ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

പരിശീലന കേന്ദ്രങ്ങൾ

സംസ്ഥാന ആരോഗ്യവകുപ്പാണ് ഹൃദയാഘാത പ്രഥമശുശ്രൂഷാ (സിപിആർ- കാർഡിയോ പൾമണറി റെസസിറ്റേഷൻ) പരിശീലന ബോധവത്കരണം നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് 200-ലധികം പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകും. പരിശീലന പരിപാടികളിൽ മെഡിക്കൽ കോളേജുകൾ, മറ്റ് ആസ്പത്രികൾ, സ്വകാര്യ ആസ്പത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ നേതൃത്വം നൽകും. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പ്രാവർത്തികമാക്കുക.

ഡ്രൈവർമാർ, പോലീസ് ഉദ്യോഗസ്ഥർ, കോളേജ് വിദ്യാർഥികൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ, സന്നദ്ധസേവകർ തുടങ്ങിയവർക്ക് പരിശീലനം നൽകും.

ഹൃദയ പുനരുജ്ജീവനം

പരിശീലനം ലഭിച്ച ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന പ്രഥമശുശ്രൂഷാ മാർഗമാണ് സിപിആർ എന്ന ഹൃദയ പുനരുജ്ജീവനം. വ്യക്തിക്ക് പ്രതികരണമില്ലെന്ന് കണ്ടാൽ ഉടനടി അടിയന്തര സേവനങ്ങളെ വിളിക്കുക. ശ്വാസം പരിശോധിക്കുക. വ്യക്തി ശ്വാസമെടുക്കുന്നുണ്ടോ എന്ന് 10 സെക്കൻഡിനുള്ളിൽ നിർണയിക്കുക. ശ്വാസമില്ലെങ്കിൽ, നെഞ്ചിന്റെ മധ്യഭാഗത്ത് ഒരുകൈയുടെ മുകളിൽ മറ്റൊരു കൈവെച്ച് വിരലുകൾ പരസ്പരം ബന്ധിപ്പിക്കുക. കൈകൾ ഉപയോഗിച്ച് മിനിറ്റിൽ 100 മുതൽ 120 തവണ വരെ വേഗത്തിലും ശക്തമായും അമർത്തുക. 30 അമർത്തലുകൾക്ക് ശേഷം സിപിആറിന് പുറമേ വായയിലൂടെ കൃത്രിമശ്വാസോച്ഛ്വാസവും നൽകുക. രോഗി പ്രതികരിക്കുന്നതുവേരെയോ ആസ്പത്രിയിൽ എത്തുന്നതുവരെയോ ഇത് തുടരണം.

ഐഎംഎ എമർജൻസി ലൈഫ് സപ്പോർട്ട് (ഇഎൽഎസ്) സംസ്ഥാനത്തെമ്പാടും കുറച്ചുവർഷങ്ങളായി സ്കൂൾ വിദ്യാർഥികൾക്കുൾപ്പടെ പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നുണ്ട്.

ഹൃദയസ്തംഭന ലക്ഷണങ്ങൾ

  • പെട്ടെന്ന് കുഴഞ്ഞ് വീഴുക
  • ബോധം നഷ്ടപ്പെടുക
  • പൾസ് നിലക്കുക
  • ശരിയായി ശ്വസമെടുക്കാൻ കഴിയാതിരിക്കുക
  • ശ്വാസം നിലക്കുക.

Content Highlights: Master CPR with `Hridayapoorvam`, a Kerala Health Dept initiative. Get trained to provide life-saving first aid for cardiac arrest, increasing survival chances significantly.