30 വയസ്സിൽ ഹൃദയാഘാതം വലിയ വാർത്തയല്ലാതായി; ഹൃദയം കാക്കാൻ ജീവിതശൈലി മാറ്റാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കണ്ണൂർ: ജീവിതശൈലിയിലെ പിഴവുകളും മനഃസമ്മർദവും മലയാളികളുടെ ഹൃദയതാളം തെറ്റിക്കുന്നു. അപകട ഘടകങ്ങൾ ഒന്നിച്ചെത്തുമ്പോൾ ചെറുപ്പക്കാരിലടക്കം ഹൃദയാഘാതം കൂടിവരികയാണ്.

ഹൃദയാഘാതത്തിൽനിന്ന് രോഗികളെ രക്ഷിക്കാൻ 45,000-ലധികം ആൻജിയോപ്ലാസ്റ്റിയാണ് കേരളത്തിൽ ഒരുവർഷം ചെയ്യുന്നത്. അതിൽ മൂന്നിലൊന്നും ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണ്. ധമനിയിലെ തടസ്സം നീക്കാൻ ഇൻട്രാവീനസ് ത്രോംബലിസിസ് ചികിത്സയും ധാരാളം ചെയ്യുന്നു. ആധുനിക ചികിത്സ ലഭിക്കുന്നതിനാൽ മാത്രമാണ് ആയിരങ്ങൾക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നത്. നല്ല ജീവിതശൈലിയിലൂടെ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ മഹാഭൂരിഭാഗത്തിനും കഴിയുന്നില്ല.

ഹൃദയാഘാതത്തിന് പ്രായം കുറഞ്ഞു

60 വയസ്സ് പിന്നിട്ടവരിലായിരുന്നു പണ്ട് ഹൃദയാഘാതം മഹാഭൂരിഭാഗവും. പിന്നീട് 50-ലെത്തി. ഇന്ന് 25-45 പ്രായത്തിൽ ഹൃദയാഘാതം വരുന്നവരുടെ എണ്ണം വളരെക്കൂടി. 30 വയസ്സിൽ ഹൃദയാഘാതം വലിയ വാർത്തയല്ലാതായി.

കാരണങ്ങൾ

ഹൃദയനിയന്ത്രണമില്ലാത്ത ബി.പി., പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, തീരെ വ്യായാമമില്ലാത്ത ജീവിതം, അമിത വ്യായാമം, മനഃസമ്മർദം, അമിത മദ്യപാനം, തെറ്റായ ഭക്ഷണരീതികൾ, പാരമ്പര്യ-ജനിതകപരമായ പ്രവണത.

സുവർണ മണിക്കൂറിൽ ചികിത്സ

വിവിധ ആസ്പത്രികളിലായി 180 കാത്ത് ലാബുകളുണ്ട് കേരളത്തിൽ. വികസിത രാജ്യങ്ങൾക്ക് സമാനമാണിത്. അതിനാൽ 90 ശതമാനം ആളുകൾക്കും ഹൃദയാഘാതമുണ്ടായാൽ നിർണായകമായ ആദ്യ ഒരുമണിക്കൂറിനുള്ളിൽ ചികിത്സ നൽകാൻ കഴിയും. എങ്കിലും ഹൃദയാഘാതമാണെന്ന് തിരിച്ചറിയാത്തതിനാൽ പലരും ചികിത്സ തേടാൻ വൈകുന്നു.

ഹൃദ്രോഗസാധ്യത കൂടി

30 വർഷത്തിനിടെ കേരളത്തിൽ ഹൃദ്രോഗസാധ്യത വൻതോതിൽ കൂടി. 1993-ൽ അപകടസാധ്യത 1.4 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ 19.9 ശതമാനമായി.

പരിശോധനകൾ

ഹൃദയാഘാതമുണ്ടാകുന്ന 50 ശതമാനം പേരിലും ലക്ഷണങ്ങൾ ഉണ്ടാകുന്നില്ല. അതിനാൽ 30 വയസ്സാകുംമുൻപ് തന്നെ നിർബന്ധമായും ആരോഗ്യപരിശോധനകൾ നടത്തണം. പുരുഷന്മാർ പ്രത്യേകിച്ചും. അടിസ്ഥാന രക്തപരിശോധനകൾ, ഇ.സി.ജി., എക്കോ, ട്രെഡ്മിൽ എന്നീ സ്ക്രീനിങ്‌ പരിശോധനകൾ.

മരണനിരക്ക് കുറഞ്ഞു

ആധുനിക ചികിത്സാസൗകര്യങ്ങൾ കാരണം ഹൃദയാഘാതം മൂലമുള്ള മരണസംഖ്യയിൽ ചെറിയ കുറവ് വരുന്നുണ്ട്. 2020-ൽ സംസ്ഥാനത്ത് 25.43 ശതമാനം പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2021-ൽ 21.39 ശതമാനമാണ് ഹൃദയാഘാതം മൂലമുള്ള മരണസംഖ്യ.

Content Highlights: Rise in Heart Attacks Among Young People