നെഞ്ചിലെ കഠിനമായ വേദനയ്ക്കൊപ്പം വിയർപ്പും ഛർദിയും; നിസ്സാരമാക്കരുത് ഹൃദയാഘാത ലക്ഷണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. ആഗോളതലത്തില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ഹൃദ്രോഗങ്ങള്‍ മൂലമാണ്.
ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രധാനമായും മൂന്നു വിധത്തിലുണ്ട്. ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍. സാധാരണ ഗതിയിൽ ഈ മൂന്ന് അവസ്ഥകളും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും മൂന്നും വ്യത്യസ്തമാണ്.
ഹാര്‍ട്ട് ഫെയ്‌ലിയര്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകൾ കൂടുതൽ ദിവസങ്ങൾ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ്, മരണം സംഭവിക്കാം. ഹൃദയാഘാതം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന ഒരു സങ്കീര്‍ണ്ണത എന്ന നിലയില്‍ ഹൃദയസ്തംഭനവും, ഹാര്‍ട്ട് ഫെയ്‌ലിയറും ഇതിലൂടെ സംഭവിക്കാം. ചെറുപ്പക്കാരായ പലര്‍ക്കും ആദ്യം ഹാര്‍ട്ട് അറ്റാക്ക് വരികയും പിന്നീട് ജീവിത കാലം മുഴുവനും അതിന്റെ പ്രയാസങ്ങള്‍ പേറി നടക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം എന്നത് മരണം തന്നെയാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അതില്‍ നിന്ന് കൃത്യസമയത്ത് ഇടപെടല്‍ ഉണ്ടായാല്‍ ആളുകളെ തിരിച്ചുകൊണ്ടു വരാന്‍ സാധിക്കും. ബി എല്‍ എസ് - ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ് ലഭിച്ചവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളെ സഹായിക്കാനാകും. ഹൃദയാഘാതമുണ്ടാവുമ്പോൾ ഉടനെ ഐസിയു വിൽ കിടത്തുന്നത് ഇതുണ്ടാവുകയാണെങ്കിൽ ഉടൻ ഇടപെടാനാണ്.
ഹൃദയ പേശികളിലേക്കു പോകുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് കുഴലുകള്‍ ചുരുങ്ങുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ആദ്യം ചെറിയ തോതിലാണെങ്കിലും ക്രമേണ അവ വളര്‍ന്ന് രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അവിടെ പെട്ടെന്നൊരു ദിവസം രക്തം കട്ട പിടിക്കുമ്പോഴാണ് അത് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്.
ലക്ഷണങ്ങള്‍
ആദ്യം നെഞ്ചില്‍ കഠിനവേദന വരാം. അതോടൊപ്പം ചില രോഗികള്‍ക്ക് വിയര്‍പ്പ്, ഛര്‍ദ്ദിക്കാന്‍ തോന്നുക പോലുള്ള ലക്ഷണങ്ങളാണ് കാണുക. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. നെഞ്ചില്‍ ഒരു ഭാരം വെച്ചതു പോലുള്ള ഒരു തോന്നലായും എരിച്ചിലായും ചിലപ്പോൾ അനുഭവപ്പെടാം. അതിനെ അവഗണിക്കാതെ ചികിത്സ തേടണം. നടക്കുമ്പോഴാണ് നെഞ്ചു വേദന അനുഭവപ്പെടുന്നതെങ്കില്‍ അവര്‍ വൈകാതെ ഡോക്ടറെ കണ്ട് ആവശ്യമായ ടെസ്റ്റുകള്‍ നടത്തണം.
ഹൃദ്രോഗം പ്രായമേറിയവരെയും വ്യായാമമില്ലാത്തവരെയും പുകവലിക്കാരെയുമൊക്കെയാണ് ആദ്യകാലങ്ങളില്‍ ബാധിച്ചിരുന്നതെങ്കില്‍ ഇന്ന് പ്രായ-ലിംഗ ഭേദമെന്യ വരുന്ന രോഗാവസ്ഥയായി അത് മാറിക്കഴിഞ്ഞു. പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗം കൂടുതലായി കാണുന്നുണ്ട്. 45 വയസ്സു കഴിഞ്ഞവര്‍ക്ക്, മാസമുറ അവസാനിച്ച സ്ത്രീകള്‍ക്ക്, അമിത വണ്ണമുള്ളവര്‍ക്ക്, വ്യായാമം ചെയ്യാത്തവര്‍, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം എന്നിവ ഹ്രൃദയാഘാത സാധ്യത കൂട്ടുന്നവയാണ്.
ഇതില്‍ പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു. അധികം രോഗികളിലും പഞ്ചസാരയുടെ അളവ് ക്രമീകരണമെന്നത് നടക്കാതെ പോകുന്നതുകൊണ്ടു തന്നെ ഇവരില്‍ ഹൃദയാഘാത സാധ്യത വളരെയധികമാണ്.
ചികിത്സകള്‍
മരുന്നുകള്‍ കഴിക്കുന്നതിലൂടെ ബ്ലോക്കുകള്‍ നീങ്ങിപ്പോകുകയോ പ്രയാസങ്ങള്‍ ലഘൂകരിക്കുകയോ ചെയ്യാന്‍ സാധിക്കും. 70 ശതമാനത്തിൽ കുറവ് ബ്ലോക്ക് ഉള്ള രോഗികള്‍ക്കാണ് സാധാരണ ഗതിയില്‍ മരുന്നുപയോഗിച്ച് ചികിത്സ നടത്താറുള്ളത്.ചെറിയ രക്തക്കുഴലുകളിലുള്ള ബ്ലോക്കുകൾക്കും മരുന്നുകൾ മാത്രം മതി. കൂടുതല്‍ ശതമാനം ബ്ലോക്ക് പ്രധാനപ്പെട്ട രക്തക്കുഴലിൽ ഉള്ളവർക്ക് ആന്‍ജിയോപ്ലാസ്റ്റി, രണ്ടോ മൂന്നോ ബ്ലോക്കുകള്‍ പ്രധാന സ്ഥലങ്ങളിലുണ്ടെങ്കില്‍ ബൈപാസ് സര്‍ജറി എന്നിവയാണ് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
ആന്‍ജിയോപ്ലാസ്റ്റി
കൈയിലൂടെയോ കാലിലൂടെയോ ഞരമ്പു വഴി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്കുകള്‍ കുറക്കുന്ന ചികിത്സാ രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബില്‍ നടക്കുന്ന പ്രക്രിയയിലൂടെ ഒരു ട്യൂബിലൂടെ വയറും ബലൂണും കടത്തിവിട്ടാണ് കൊഴുപ്പടിഞ്ഞ ധമനികളെ വികസിപ്പിക്കുകയും ആ രക്തക്കുഴല്‍ വീണ്ടും അടഞ്ഞു പോകാതിരിക്കാന്‍ സ്‌റ്റെന്റ് ഉപയോഗിക്കുകയും ചെയ്യുന്നത്. ഇതാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോപ്ലാസ്റ്റിയുടെ തന്നെ നൂതന രൂപമായ ഒസിടി ഗൈഡഡ് ആന്‍ജിയോപ്ലാസ്റ്റി പോലുള്ളവയും ഇന്ന് ലഭ്യമാണ്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്തത്തിലെ അമിതമായ കൊഴുപ്പിന്റെ അളവ് എന്നിവയാണ് ഏറ്റവും പ്രധാനമായ ഹൃദ്രോഗ കാരണങ്ങള്‍. അമിതവണ്ണം, വ്യായാമം ഇല്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ കൂടിയാകുമ്പോള്‍ ഹൃദരോദഗ സാധ്യത വളരെ കൂട്ടുന്നു. വ്യായാമം കുറവുള്ളവര്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍, പ്രായം കൂടി വരുന്നതിന് അനുസരിച്ച്, ജീവിച്ചിരിക്കുന്ന ഭൂപ്രദേശം അനുസരിച്ച് എന്നിങ്ങനെയൊക്കെയുള്ളവരെയാണ് ഹൃദയരോഗങ്ങള്‍ ബാധിച്ചിരുന്നത്.
മുന്‍കരുതലുകള്‍
ആന്‍ജിയോപ്ലാസ്റ്റിയോ, ബൈപാസ് സര്‍ജറിയോ ചെയ്യുന്നത് ഹൃദയാഘാതത്തിന്റെ കാഠിന്യം കുറക്കാൻ സഹായിക്കും. അതു പോലെ തന്നെ വളരെ നല്ല രീതിയില്‍ മരുന്നുകള്‍ മാത്രം ഉപയോഗിച്ചുള്ള ചികിത്സാ രീതിയും ഹൃദയാഘാതം തടയാൻ പര്യാപ്തമാണ്. അതോടൊപ്പം പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക. നമുക്ക് നേരിട്ട് നിയന്ത്രിക്കാവുന്ന പുകവലി, അമിത വണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടി സാധിച്ചാല്‍ ഒരു പരിധി വരെ ഹൃദ്രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും വന്നത് കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് പോകാതെ നോക്കാനും അത് സഹായിക്കും.
അര മണിക്കൂറെങ്കിലും ദിവസേന നടക്കുക, അല്ലെങ്കില്‍ ഏറോബിക് വ്യായാമങ്ങള്‍ ചെയ്യുക. കൂടാതെ ഭക്ഷണത്തില്‍ പച്ചക്കറിയും പഴങ്ങളും ഉള്‍പ്പെടുത്തണം. അതോടൊപ്പം പാചകം ചെയ്തവ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് ഒക്കെ പരമാവധി ഒഴിവാക്കുകയും ചെയ്യുക. ചീര, ഉലുവയില, മല്ലിയില, പുതിനയില തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഇലക്കറികള്‍, നാരുകള്‍ അടങ്ങിയ ഓട്‌സ് പോലുള്ള ഭക്ഷണം, ഗോതമ്പ്, അരി, ബാര്‍ലി, ചോളം തുടങ്ങിയ ധാന്യങ്ങള്‍, വൈറ്റമിന്‍ അടങ്ങിയ തക്കാളി തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം പാലിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ സാധിക്കും.
Content Highlights: Heart Attack Symptoms and Treatment