ഹൃദയാഘാതം സംഭവിച്ച വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകലും സി.പി.ആർ. ചെയ്യലും എപ്രകാരം?

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പ്രഥമശുശ്രൂഷ

ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്ന വ്യക്തിയെ സമാശ്വസിപ്പിച്ച് കസേരയിൽ ചാരിയിരുത്തുക. തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കണം. ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ അയച്ചുകൊടുക്കണം. തളർന്ന് അവശനായി ഇരിക്കുകയോ കുഴഞ്ഞുവീഴുകയോ ചെയ്താൽ ഉടൻ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തണം. കാലിനടിയിലായി ഒരു തലയണവെച്ച് കാൽഭാഗം ഉയർത്തിവെക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കും. ബോധം വീണ്ടെടുക്കാനും ഇതുപകരിക്കും. രോഗിയുടെ ശ്വാസോച്ഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്ഥ മനസ്സിലാക്കണം. മൂക്കിനു താഴെ ചൂണ്ടുവിരൽ പിടിച്ചുനോക്കുകയാണെങ്കിൽ നിശ്വാസവായു സ്പർശിച്ചറിയാൻ കഴിയും. ഒപ്പം നെഞ്ചിൻകൂടിന്റെ താളാത്മകമായ ചലനവും മനസ്സിലാക്കാം.

കഴുത്തിന്റെ ഇരുവശങ്ങളിലായി കരോട്ടിഡ് പൾസോ കൈത്തണ്ടയിൽ പിടിച്ച് റേഡിയൽ പൾസോ നോക്കി ഹൃദയപ്രവർത്തനം അറിയാൻ ശ്രമിക്കാം. ശ്വസനപ്രവർത്തനവും ഹൃദയസ്പന്ദനവുമില്ലെങ്കിൽ രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കാം. ഇവിടെ രോഗിക്ക് ഹൃദയസ്തംഭനവും (കാർഡിയാക് അറസ്റ്റ്), ശ്വസനസ്തംഭനവും (റെസ്പിറേറ്ററി അറസ്റ്റ്) ഉണ്ടായിരിക്കുകയാണ്. സി.പി.ആർ. (കാർഡിയോ പൾമനറി റെസസിറ്റേഷൻ) എന്ന ജീവൻരക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് പ്രഥമശുശ്രൂഷകർ ശ്രമിക്കേണ്ടത്.

സി.പി.ആർ. ചെയ്യാൻ

രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. മൂക്കിലും വായിലുമൊക്കെ പിടിച്ചിരിക്കുന്ന ഉമിനീരും പതയുമൊക്കെ തുടച്ചുമാറ്റണം. ബോധക്ഷയമുണ്ടായ ആളിന്റെ നാവ് പുറകോട്ട് മറിഞ്ഞ് ശ്വാസതടസ്സമുണ്ടാകാതെയിരിക്കാനായി കീഴ്ത്താടി അല്പം ഉയർത്തിപ്പിടിക്കണം.

രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി ശുശ്രൂഷകന്റെ വലതുകൈപ്പത്തിയും ചേർത്തുവെക്കുക. കൈമുട്ടുകൾ മടക്കാതെ കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമർത്തണം. 5-6 സെന്റീമീറ്റർ വരെ താഴുമ്പോൾ ഹൃദയം ഞെരുങ്ങി ഹൃദയ അറകളിൽ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്.

നെഞ്ചിൽ സമ്മർദമേൽപ്പിക്കുന്നതോടൊപ്പം രോഗിയുടെ വായിലേക്ക് ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നൽകണം. എന്നാൽ നെഞ്ചിൽ അമർത്തുന്നതുകൊണ്ടുതന്നെ ഹൃദയപ്രവർത്തനങ്ങളെ പുരുജ്ജീവിപ്പിക്കാമെന്ന് കണ്ടാൽ കൃത്രിമശ്വാസോച്ഛ്വാസം നിർബന്ധമില്ല. കാർഡിയാക് മസാജ് നൽകുമ്പോൾ ഒരു മിനിറ്റിൽ 70-80 തവണയെങ്കിലും അമർത്തണം. രോഗിയുടെ പൾസും ശ്വാസോച്ഛ്വാസ ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആർ. തുടരണം. 

കാർഡിയാക് അറസ്റ്റ് സംഭവിച്ച വ്യക്തിയുടെ നെഞ്ചിൽ ഹൃദയഭാഗത്തായി ശക്തിയായി ഇടിക്കുക. പെട്ടെന്നുള്ള ഈ സമ്മർദം ഒരു ഷോക്കുപോലെ പ്രവർത്തിച്ച് ഹൃദയപ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സഹായിച്ചുവെന്നുവരാം. നെഞ്ചുവേദന കുറയ്ക്കാനായി നാക്കിനടിയിൽ സോർബട്രേറ്റ് ഗുളിക ഇട്ടുകൊടുക്കാം. ഒരു ഡിസ്പ്രിൻ ഗുളിക ചവച്ചുകഴിക്കാനും കൊടുക്കാം. രക്തം കട്ടപിടിക്കുന്നതു തടയാൻ ക്ലോപ്പിഡോഗ്രൽ ഗുളികകൾ നാലെണ്ണം ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്.

അടിസ്ഥാന ഹൃദ്രോഗ പരിചരണ സംവിധാനങ്ങളും കാർഡിയാക് ഐ.സി.യു.വും ഉള്ള ഏറ്റവും അടുത്ത ആശുപത്രിയിലേക്ക്രോഗിയെ കൊണ്ടുപോവുക. ഓക്സിജൻ ഡീഫിബ്രില്ലേറ്റർ സംവിധാനങ്ങളുള്ള ആംബുലൻസിൽ തന്നെ രോഗിയെ കൊണ്ടുപോകാൻ ശ്രമിക്കുക. രോഗിയുമായി എത്തുന്ന കാര്യം ആശുപത്രിയിൽ വിളിച്ചറിയിക്കുന്നതും പ്രയോജനം ചെയ്യും.

Content Highlights: Heart attack first aid and cpr Information