സി.എഫ്.എല്ലും എല്‍.ഇ.ഡിയും മാത്രമല്ല, ഈ തുരുത്തില്‍ പാഴല്ല ഒന്നും

മണ്ണ് മാഫിയകള്‍ അന്നേ തുരന്നില്ലാതാക്കേണ്ടതായിരുന്നു മുളന്തുരുത്തിഗ്രാമത്തിലെ മനയ്ക്കമലയിലെ ആ ചെമ്മണ്‍ കുന്നിനെ. കുന്ന് സ്ഥിതി ചെയ്യുന്ന തുരുത്തിക്കര പ്രദേശത്തെ മനുഷ്യരെല്ലാം ചേര്‍ന്ന് നടത്തിയ പാരിസ്ഥിതിക പ്രതിരോധമാണ് വികസനത്തിന്റെ ഭാഗമായി അമര്‍ന്നടിയേണ്ട ആ കുന്നിനെ ഇന്നും നിലനിര്‍ത്തുന്നത്. "കുന്നിനെ കാക്കാം കൈകോര്‍ക്കാം" എന്ന പേരില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമായ തങ്കച്ചന്‍ മാഷിന്റെ നേതൃത്വത്തില്‍ ഗ്രാമമൊന്നാകെ കണ്ണിചേര്‍ന്ന് പിന്നീട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പരിസ്ഥിതി സൗഹൃദ ഭൂപടത്തില്‍ സമാനതകളില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന ഏടാണ്.
2016 ലാണ് മനയ്ക്കമല എന്ന ചെമ്മണ്‍ കുന്ന് തുരക്കാനുള്ള മണ്ണ്‌ലോബികളുടെ ശ്രമമുണ്ടാവുന്നത്. അതിനെതിരായി വലിയ കൂട്ടായ്മയുണ്ടാക്കി. ചെമ്മണ്‍ കുന്നുകള്‍ മനുഷ്യര്‍ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ച് പഠിച്ച് ബോധവത്കരണം നടത്തിയതാണ് പ്രദേശത്തെ മനുഷ്യരെയാകെ പ്രതിരോധ കൂട്ടായ്മയിലേക്ക് ആകര്‍ഷിച്ചതും. ആ പ്രതിരോധം വിജയിച്ചതോടെ കൂട്ടായ്മ നാടിന്റെ സുസ്ഥിര വികസനത്തിലേക്കുള്ള യാത്രയില്‍ പങ്കാളികളാവുകയായിരുന്നു. അങ്ങനെയാണ് ഊര്‍ജ്ജ നിര്‍മ്മല ഹരിതഗ്രാമം എന്ന സങ്കല്‍പത്തിലേക്ക് തുരുത്തിക്കര നീങ്ങുന്നതും. അങ്ങനെ 2018ല്‍ സംസ്ഥാനം ഹരിതഗ്രാമമായി തുരുത്തിക്കരയെ പ്രഖ്യാപിക്കുകയായിരുന്നു.
കുന്നുകളെ ആദ്യം പഠിച്ചു പിന്നീട് കിണറും
2012 മുതല്‍ പ്രദേശത്തെ കിണറുകളുടെ ജലവിതാനത്തെ കുറിച്ച് 5 വര്‍ഷക്കാലം സിഡബ്ല്യുഡിആര്‍ഡിഎമ്മിന്റെ സഹകരണത്തിൽ പഠനം നടത്തി. ജലവിതാനം എങ്ങനെ മാറുന്നു എന്ന് നിരീക്ഷിക്കാനായിരുന്നു പഠനം. തണ്ണീര്‍ത്തടങ്ങളുള്ള പ്രദേശമായിട്ടും രണ്ട് മീറ്ററോളം ഇവിടത്തെ ജലവിതാനം താഴ്ന്നു എന്ന കണ്ടെത്തല്‍ ആശങ്കയുളവാക്കുന്നതായിരുന്നു. സുരക്ഷിതമായ ഭൂഗര്‍ഭജല ലഭ്യത 650 അടി താഴ്ചയിലാണ് തുരുത്തിക്കരയില്‍. ചെറിയ വരള്‍ച്ചയുണ്ടായാല്‍ തന്നെ വലിയ രീതിയിലുള്ള ജലക്ഷാമം ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് അവശേഷിക്കുന്ന കുന്നുകള്‍ കൂടി സംരക്ഷിക്കണമെന്ന ചിന്ത ഗ്രാമത്തിൽ ഉടലെടുക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും തുരുത്തിക്കരയിലെ പരിഷത്തിന്റെ റൂറല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററില്‍ നിലവില്‍
എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി എ തങ്കച്ചന്‍ ഇതിനെല്ലാം ചുക്കാൻ പിടിച്ചതോടെ സുസ്ഥിര വികസനത്തിലുള്ള അപൂർവ്വ നേട്ടമാണ് ഈ ഗ്രാമം കൈവരിച്ചത്.
ചെമ്മണ്‍ കുന്നുകളെ കുറിച്ച് കേരളത്തില്‍ പഠനം പോലും നടന്നിട്ടില്ലാത്ത ഘട്ടത്തിലാണ് വിവിധ സ്ഥാപനങ്ങളുടെ സഹകരണം തേടി ചെമ്മണ്‍ കുന്നുകളെ കുറിച്ചുള്ള പഠനം നടക്കുന്നത്.
"ഒരു ഏക്കര്‍ കുന്ന് ഒരു കോടി ലിറ്റര്‍ വെള്ളം സംഭരിക്കും എന്ന പ്രാഥമിക അറിവ് ഞങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്തു. മാത്രവുമല്ല കേരളത്തിലെ തന്നെ പ്രത്യേകതയുള്ള ചെമ്മണ്‍ കുന്നിലൊന്നായിരുന്നു തുരുത്തിക്കരയിലേത്. മഴപെയ്താല്‍ വെള്ളം സ്‌പോഞ്ചിലേതുപോലെ ശേഖരിക്കാന്‍ കെല്‍പുള്ള പ്രത്യേകതയുള്ള ഘടനയായിരുന്നു ഇവിടുത്തെ മണ്ണിന്. കുന്ന് മുഴുവനും നികത്തിയില്ലെങ്കിലും മേല്‍മണ്ണ് എടുത്താല്‍ തന്നെ കുന്നുകൊണ്ടുള്ള ഗുണം പ്രദേശ നിവാസികൾക്ക് നഷ്ടമാവും. ഇത്തരത്തില്‍ പഠനത്തിലെ വിവരങ്ങളും പങ്കുവെച്ചു. ഇതാണ് അവശേഷിക്കുന്ന കുന്ന് സംരക്ഷിക്കണമെന്ന പൊതുബോധം തുരുത്തിക്കര പ്രദേശനിവാസികളില്‍ ഉണ്ടാക്കിയത്", തങ്കച്ചന്‍ പറയുന്നു.
കുന്നിന്റെ ഏറ്റവും മുകളിലുള്ള നിര്‍ണ്ണായക സ്ഥലം ഭൂഉടമകളുടെ കയ്യിലാണ്. കുന്നിനു വേണ്ടിയുള്ള കേസ് ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്. വിഭവങ്ങള്‍ പരിമിതമാണ്. അത് കാത്ത് വെച്ച് അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണെന്ന ചിന്തയിലാണ് ഈ ഇടപെടലുകള്‍ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മാത്രമല്ല തുരുത്തിക്കരയെകുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ആരോഗ്യമേഖലയിലും മണ്ണിലും ജലത്തിലുമെല്ലാം ശാസ്ത്രസാഹിത്യപരിഷത്തിന്റെ സഹായത്തോടെ തുടർന്ന് പഠനങ്ങള്‍ നടത്തി.
ഫിലമെന്റ് രഹിത ഗ്രാമം
ഫിലമെന്റ് ബള്‍ബുകളില്‍ നിന്ന് വലിയ വിലകൊടുത്ത് എല്‍ഇഡി ബള്‍ബുകളിലേക്ക് മാറാനുള്ള വിമുഖത ഗ്രാമത്തിലുള്ളവര്‍ക്കുണ്ടായിരുന്നു. 60 വാട്ടിന്റെ ഫിലമെന്റ് ബള്‍ബിന്റെ കറന്റുകൊണ്ട് എട്ട് മുറിയിലെ എല്‍ഇഡി ബള്‍ബ് കത്തിക്കാം. ബാക്കിയാവുന്ന കറന്റ് അടുത്ത വീട്ടില്‍ ഉപയോഗിക്കാം. അപ്പോള്‍ ഗ്രാമത്തിലെ മൊത്തം ഫിലമെന്റ് ബള്‍ബ് ഊരിയാല്‍ അത്രയും വൈദ്യുതി ചെലവാകാതെ രക്ഷിച്ചെടുക്കാം എന്ന സന്ദേശം പ്രദേശവാസികൾക്കിടിയിൽ പ്രചരിപ്പിച്ചു. ഒരു ജലവൈദ്യുത പദ്ധതിയുണ്ടാക്കുന്നതിനേക്കാല്‍ വൈദ്യുതി ഇത്തരത്തില്‍ രക്ഷിച്ചെടുക്കാന്‍ സാധിക്കും എന്ന മാതൃക കേരളത്തിലാദ്യമായി മുന്നോട്ടുവെച്ച ഗ്രാമങ്ങളിലൊന്നാണ് തുരുത്തിക്കര. അങ്ങനെ കേരളം മുഴുവന്‍ ഇന്‍കാന്ഡസന്റ് ബള്‍ബില്‍ നിന്ന് സിഎഫ് എല്ലിലേക്ക് മാറിയാല്‍ നമുക്കെന്തിന് പൂയംകുട്ടി ജലവൈദ്യുത പദ്ധതി എന്ന ചോദിക്കുന്നു തങ്കച്ചന്‍ മാഷ്.. ഇത്തരത്തിലുള്ള വൈദ്യുതി ലാഭിക്കല്‍ ഊര്‍ജ്ജോത്പാദനത്തിനു തുല്യമാണ്. അങ്ങനെയാണ് തുരുത്തിക്കര കേരളത്തിനാകെ മാതൃകയായ ഫിലമെന്റ് ബള്‍ബ് രഹിത മാതൃകയിലേക്ക് മാറുന്നത്.
നമ്മുടെ ബള്‍ബ് നമുക്ക് നിര്‍മ്മിക്കാം എന്ന ആശയം തങ്കച്ചന്‍ മാഷിന്റെയും സംഘത്തിന്റെയും തലയിൽ ഉദിച്ചതോടെ എല്ലാ കുടുംബശ്രീക്കാരും തൊഴിലുറപ്പുകാരും കുട്ടികളും എല്ലാം ചേര്‍ന്ന് തുരുത്തിക്കരക്കായി സ്വന്തം ബള്‍ബുണ്ടാക്കാൻ തുടങ്ങി. അനെര്‍ട്ട് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ അതില്‍ സഹകരിപ്പിച്ചു.അങ്ങനെ തുരുത്തിക്കര ഫിലമെന്റ് ഫ്രീ ഗ്രാമമായി.
ബള്‍ബ് മാലിന്യമല്ലാതാക്കിയ തുരുത്തിക്കര മാജിക്
ഫ്യൂസാവുന്ന ബള്‍ബുകള്‍ എലികള്‍ കുഴിക്കുന്ന പൊത്തുകളില്‍ തിരുകിക്കയറ്റുന്ന രീതിയാണ് പൊതുവെ എല്ലാവരും അവലംബിച്ചിരുന്ന സംസ്‌കരണ രീതി. ഫ്‌ളൂറസന്റ് ബള്‍ബുകള്‍ ഒരു ഭയവുമില്ലാതെ പൊട്ടിച്ച് വലിച്ചെറിയുന്ന നാട്ടില്‍ തങ്കച്ചന്‍ മാഷുടെ നേതൃത്വത്തില്‍ അതിനും മാര്‍ഗ്ഗം കണ്ടു. ഒരു സിഎഫ്എല്‍ പൊട്ടുമ്പോള്‍ മൂന്ന് മില്ലിഗ്രാം മെര്‍ക്കുറി സ്വതന്ത്രമാവുന്നുണ്ട്. ഒരു പഞ്ചായത്തില്‍ പതിനായിരക്കണക്കിന് ഫ്‌ളൂറസന്റ് ബള്‍ബുകള്‍ പൊട്ടുമ്പോള്‍ അത്രയധികം മെര്‍ക്കുറിയാണ് സ്വതന്ത്രമാവുന്നതും വെള്ളത്തിലൂടെയും മറ്റും നമ്മളുടെ ശരീരത്തിനുള്ളിലേക്ക് തിരിച്ചെത്തുന്നതും. ഈ ആലോചനയിൽ നിന്നാണ് ഗ്രാമം ഊര്‍ജ്ജ ഗ്രാമം പദ്ധതിയെ നിർമ്മല ഗ്രാമം പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. തുടർന്ന് സിഎഫ്എല്‍ പൊട്ടുമ്പോള്‍ അത് പൊട്ടിക്കാതെ കാത്ത് വെച്ച് കൈമാറാന്‍ പ്രേരിപ്പിക്കുന്ന മനോഭാവം മനുഷ്യരിലുണ്ടാക്കി. പിന്നീട് ഇ- മാലിന്യമെല്ലാം ശാസ്ത്രീയമായാണ് ഈ ഗ്രാമത്തിൽ സംസ്‌കരിക്കപ്പെട്ടത്. മാത്രവുമല്ല ഗ്രാമത്തിലെ സിഎഫ്എല്‍ പിന്നീടൊരിക്കലും വലിച്ചെറിയപ്പെട്ടിട്ടുമില്ല. അതിനായി കേരളത്തിലാദ്യമായി എല്‍ഇഡിക്കായി ആശുപത്രി എന്ന തരത്തില്‍ എല്‍ഇഡി ക്ലിനിക്ക് തുടങ്ങിയ ഗ്രാമമായും തുരുത്തിക്കര മാറി. ആ സംരംഭത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം വീണ്ടും ഗ്രാമത്തെതേടിയെത്തുകയും ചെയ്തു.
എല്‍ഇഡി ക്ലിനിക്കിന്റെ പ്രവര്‍ത്തനം
എല്‍ഇഡി ബള്‍ബുകള്‍ 10 രൂപക്ക് നന്നാക്കി ആയിരം മണിക്കൂറോ പതിനായിരം മണിക്കൂറോ ആയി കത്തുന്ന എല്‍ഇഡി ബള്‍ബായി തിരിച്ചു നല്‍കുന്നതാണ് ഗ്രാമത്തിലെ എൽഇഡി ക്ലിനിക്കിൻരെ ദൗത്യം. "എല്‍ഇഡി ട്യൂബ് ഈ ക്ലിനിക്കിലെത്തി 150 രൂപ മുടക്കിയാല്‍ ഒരു വര്‍ഷം വാരണ്ടിയുള്ള ട്യൂബായി നിങ്ങള്‍ക്ക് തിരിച്ചു തരും", ഐസിയുവില്‍ അഡ്മിറ്റാവാന്‍ അത്രയധികം ബെഡ്ഡുണ്ടെന്ന് ചിരിച്ചു കൊണ്ട് പറയുന്നു തങ്കച്ചന്‍.
തുരുത്തിക്കരയിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് നിലവില്‍ അഞ്ച് രൂപക്ക് ബള്‍ബ് റിപ്പയര്‍ ചെയ്ത് നല്‍കുന്നത്. പത്താംക്ലാസ്സ് ഭൗതിക ശാസ്ത്രത്തിലെ ഒരു പാഠഭാഗം തന്നെ എല്‍ഇഡി റിപ്പയറും നിര്‍മാണവുമാണ്. അങ്ങനെയെങ്കില്‍ ഓരോ സ്‌കൂളിലെയും കുട്ടികളെ ഉപയോഗിച്ച് ഓരോ പഞ്ചായത്തിനും ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്ന ആലോചനയും പി.എ തങ്കച്ചന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ സ്‌കൂളിലെ ജീവനക്കാരനായതുകൊണ്ടാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നും തങ്കച്ചന്‍ പറയുന്നു
രണ്ട് മേശയും വരാന്തയുമുള്ള ചുരുങ്ങിയ മുതല്‍മുടക്കില്‍ ഓരോ പഞ്ചായത്തിലും തുടങ്ങാവുന്നതേയുള്ളൂ എല്‍ഇഡി ക്ലിനിക്കുകള്‍ എന്നതിന് തുരുത്തിക്കര ഗ്രാമം സാക്ഷിയാണ്. 7000 വീടുള്ള ഒരു പഞ്ചായത്തില്‍ 5000 ബള്‍ബുകള്‍ മാസം കേടാവുകയാണെങ്കില്‍ വലിയ രീതിയിലുള്ള മാലിന്യം തന്നെയാണ് ഉത്പാദിപ്പിക്കപ്പെടുക. പഞ്ചായത്തുകള്‍ ഈ പദ്ധതി തുടങ്ങുകയാണെങ്കില്‍ ബള്‍ബുകള്‍ ഹരിതകര്‍മ്മസേന വഴി ക്ലിനിക്കിലെത്തിക്കാം. ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്ക് 10 രൂപ ചാര്‍ജ്ജ്, ഹരിത കര്‍മ്മസേനക്ക് അഞ്ച് രൂപ എന്ന നിരക്കിൽ 15 രൂപക്ക് ബള്‍ബ് വീണ്ടും ഉപയോഗിക്കാം. ഇത്തരത്തിൽ 50,000 രൂപയുടെ വവരുമാനം ഒരു ക്ലിനിക്കിനുണ്ടാക്കാം. മുഴുവൻ സമയ തൊഴിലാളികളുടെ ആവശ്യം ക്ലിനിക്കിനുണ്ടാവുകയുമില്ല.
"ഒരു എല്‍ഇഡിയില്‍ 9 ബള്‍ബുണ്ടാവും ഒന്ന് ഫ്യൂസായാല്‍ 8 വാട്ടുള്ള ബള്‍ബായി തിരിച്ചിതരും. ഓരോ ബള്‍ബും കേടായി പ്രകാശം കുറയുമ്പോൾ, ബാത്ത്‌റൂമിലും മറ്റും ഉപയോഗിക്കാം. അതിന് പത്ത് പൈസ സർവ്വീസ് ചാര്‍ജ്ജില്ല. ഇനി ഈ ബള്‍ബ് എന്നന്നേക്കുമായി കണ്ണടച്ചാല്‍ ചെറിയ തുകക്ക് റിപ്പയര്‍ ചെയ്ത് പൂര്‍ണ്ണആരോഗ്യമുള്ള ബള്‍ബായി തിരിച്ചും തരും", ഈ രീതിയാണ് നിലവിൽ തുരുത്തിക്കര പിന്തുടരുന്നത്. കോഴിക്കോട് പേരാമ്പ്രയില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.
ഇതിലൊന്നും അവസാനിക്കുന്നതല്ല തുരുത്തിക്കരയുടെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ മുട്ടഭവനം, മീന്‍ ഭവനം, തേന്‍ഭവനം പദ്ധതികളും കമ്പിയൊടിഞ്ഞ കുടയില്‍ നിന്ന് മീന്‍വാങ്ങാനുള്ള വെള്ളം കയറാത്ത ബാഗുകള്‍, കിടക്കവിരിയില്‍ നിന്ന് ബാഗുകള്‍ തുടങ്ങീ അനേകം പുനരുപയോഗ സാധ്യതകളും ഈ ഗ്രാമം പരീക്ഷിക്കുന്നുണ്ട്.
പദ്ധതികൾ
- എല്‍ഇഡി ബള്‍ബ് റിപ്പയറിങ്
- ഒരുകുട കൊണ്ട് അഞ്ച് മീന്‍ സഞ്ചി
- പഴയ സാരിയില്‍ നിന്ന് പത്ത് തുണി സഞ്ചി
- പുതപ്പ് കൊണ്ട് ചെടിച്ചട്ടി
- എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റ്
- മഴ വെള്ളത്തില്‍ നിന്ന് കിണര്‍ റീചാര്‍ജ്ജ്
തുരുത്തിക്കരയില്‍ ഇത്തരത്തിലുള്ള എല്ലാ സുസ്ഥിര പ്രവർത്തനങ്ങൾക്കും ചുക്കാനും പിടിക്കുന്നത് തങ്കച്ചനും പരിഷത്തിന്റെ സയൻസ് സെന്ററുമാണ്. . പാഴ്പുതുക്കല്‍, എൽഇഡി റിപ്പയറിങ്, വിവിധ ഭവനങ്ങള്‍ എന്നിങ്ങനെയുള്ള തുരുത്തിക്കര മോഡല്‍ പദ്ധതി നടപ്പാക്കാന്‍ കേരളത്തിലെവിടെയും പരിശീലനം നല്‍കാന്‍ സയന്‍സ് സെന്റര്‍ തയ്യാറാണ്. രണ്ട് ദിവസം കൊണ്ട് എല്‍ഇഡി നിര്‍മ്മാണം പഠിക്കാവുന്നതേയുള്ളൂ. നയന്‍ വാള്‍ട്ട് ബള്‍ബ്, ടി ബള്‍ബ്, ട്യൂബ് എന്നിവ നിര്‍മ്മിക്കാനും റിപ്പയര്‍ ചെയ്യാനും സയന്‍സ് സെന്ററിന് പരിശീലനം നല്‍കാനാകും. പരിശീലനം പൂർത്തിയായവര്‍ക്ക് ചെറിയ മുതല്‍മുടക്കില്‍ സ്വന്തമായി എല്‍ഇഡി ക്ലിനിക്ക് ആരംഭിക്കാവുന്നതേയുള്ളൂ.
സുസ്ഥിര ഗ്രാമത്തിലെ സുസ്ഥിര ഭവനങ്ങൾ
ഒരു ഗ്രാമം സുസ്ഥിര ഗ്രാമമാകണമെങ്കിൽ അവിടെ സുസ്ഥിര ഭവനങ്ങൾ വേണം. അത്തരത്തിൽ ഹരിത ഭവനമാകണമെങ്കിൽ സൗരഭവനം, കാർഷിക ഭവനം. മുട്ടഭവനം തേൻ ഭവൻം എന്നിവയാവണം .അതിന് സയൻഡസ് സെന്ററിന്റെ പരിശീലന സഹായമുണ്ടാകും. നാട്ടിലെ ബാങ്ക് അതിനുള്ള സബ്സിഡി നൽകും. അത്തരത്തിൽ ഒട്ടേറെ മുട്ട, തേൻ സൗര, കാർഷിക ഭവനങ്ങൾ ഇതിനോടകം ഈ ഗ്രാമത്തിലുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ തുരുത്തിക്കരയെ ഭക്ഷ്യസുരക്ഷാ ഊർജ്ജ സുരക്ഷാ ഗ്രാമമാക്കുക എന്നതാണ് ലക്ഷ്യം.
Content Highlights: Thuruthikkara Village model of sustainable development and LED bulb repairing,recycling, environment