പ്രകൃതി തന്ന വരദാനങ്ങളൊക്കെയും പണം കൊടുത്തു വാങ്ങേണ്ട കാലം വിദൂരമല്ല-വന്ദന ശിവ

പ്രകൃതിയുടെ സമ്പദ്ഘടന സ്വാഭാവികവും സ്വയം നവീകരിക്കുന്നതുമാണ്. അത് സര്‍വജീവജാലങ്ങളെയും പരിപോഷിപ്പിക്കുന്നു. ജീവനാണ് മൂല്യം; പണത്തിനല്ല. സാമാന്യതയിലും കൊടുക്കല്‍വാങ്ങല്‍ തത്ത്വത്തിലും അധിഷ്ഠിതമാണത്. സ്വകാര്യവത്കരണവും കുത്തകസ്ഥാപിക്കലും ചൂഷണവും സാമ്പത്തികലാഭവുമൊക്കെ പ്രകൃതിക്ക് അപരിചിതമാണ്. പ്രകൃതി നമ്മള്‍ക്ക് വരദാനമായി തന്നതൊക്കെയും പണം കൊടുത്തു വാങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല.
ദുരയുടെ അനന്തരഫലങ്ങള്‍
അത്യാഗ്രഹ സമ്പദ് വ്യവസ്ഥയുടെ അനന്തരഫലമാണ് ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക അടിയന്തരാവസ്ഥ. പണം എല്ലാത്തിന്റെയും അളവുകോലാകുമ്പോള്‍ ജീവന് മൂല്യമില്ലാതായി. സഹജീവിയോടുള്ള കരുതലും പങ്കുവെക്കലും നീതിയും സമത്വവും ധാര്‍മികതയുമൊക്കെ അപ്രധാനമാകുന്നു. പാരിസ്ഥിതിക അടിയന്തരാവസ്ഥകളെ അഭിസംബോധനചെയ്യുന്ന പുതിയ നിര്‍ദേശങ്ങളൊന്നും സമഗ്രമോ സുസ്ഥിരമോ അല്ല. കാരണം അവ ഭൂമിയുടെ മാത്രമല്ല, ആദിവാസികളുടെയും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഭാവിതലമുറയുടെയുമൊക്കെ അവകാശങ്ങളെ നിഷേധിക്കുന്നതാണ്.
എണ്ണയ്‌ക്കൊപ്പം കാലാവസ്ഥാ പ്രതിസന്ധിയും നമുക്കുതരുന്ന കൊള്ളപ്രഭുക്കന്മാര്‍ക്ക് കാര്‍ബണിന്റെ പുതിയ വിപണികള്‍ തുറക്കണം. അവര്‍ക്ക് പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും കേവലം വില്‍പ്പനച്ചരക്കാക്കി സൂക്ഷിക്കുകയും കച്ചവടം നടത്തുകയും വേണം.
റോക്ക്ഫെല്ലര്‍, ഗേറ്റ്സ്, ബ്ലാക്ക് റോക്ക്സ്, വാന്‍ഗാര്‍ഡ്സ് പോലെ ലോകോപകാരികള്‍ എന്ന് വിശേഷിപ്പിക്കുന്ന മുതലാളിമാര്‍ ശ്രമിക്കുന്നത് പ്രകൃതിയെയും നമ്മുടെ ജീവിതങ്ങളെയും സ്വന്തമാക്കാനും സ്വകാര്യവത്കരിക്കാനുമാണ്. ശ്വസിക്കാനും കുടിക്കാനും കഴിക്കാനും നാം വാടകകൊടുക്കേണ്ട ജീവന്റെ തമ്പുരാക്കന്മാരായി അവര്‍ പരിണമിക്കുകയാണ്. പ്രകൃതി നമുക്ക് വരദാനമായി തന്നതൊക്കെയും പണംകൊടുത്തു വാങ്ങേണ്ടിവരുന്ന കാലം വിദൂരമല്ല.
കോളനിവത്കരണം പുതിയ രൂപത്തില്‍
റോക്ക്ഫെല്ലറും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും ചേര്‍ന്ന് 2021-ല്‍ ഇന്‍ട്രിന്‍സിക് എക്സ്ചേഞ്ച് ഗ്രൂപ്പ് (ഐ.ഇ.ജി.) എന്നൊരു സംരംഭത്തിന് തുടക്കമിട്ടു. പ്രകൃതിവിഭവങ്ങളെ സാമ്പത്തിക മൂലധനമാക്കിക്കൊണ്ട് പുതിയൊരു വര്‍ഗത്തെ സൃഷ്ടിക്കുക എന്നതാണ് അതിന്റെ പ്രഖ്യാപിതലക്ഷ്യം. യഥര്‍ഥത്തില്‍ ഇത് കോളനിവത്കരണത്തിന്റെ പരിഷ്‌കൃതരൂപമാണ്, പുതിയതരം മുതലാളിത്തം. പൊതുവായതിനെ കണ്ണുവെക്കുന്ന കൊള്ളപ്രഭുക്കന്മാര്‍ക്ക് പ്രകൃതിക്കുമേല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചാല്‍ മാത്രം പോരാ, അതിന്റെ പാരിസ്ഥിതിക സേവനങ്ങളെ സമ്പത്താക്കിമാറ്റുകയും വേണം. ശുദ്ധവായുവും വെള്ളവും ഭക്ഷണവും മരുന്നുകളും സുസ്ഥിരമായ കാലാവസ്ഥയും മനുഷ്യന്റെ ആരോഗ്യവുമെല്ലാം മുതലാളിമാരുടെ കണ്ണില്‍ ആസ്തികളാണ്.
കമ്മട്ടംകൊണ്ട് അവര്‍ അവസാനവിത്തും അവസാനതുള്ളി വെള്ളവും അവശേഷിക്കുന്ന നദിയും കാടും കൃഷിഭൂമിയും ജീവന്‍വറ്റാത്ത കീടങ്ങളും പുല്‍നാമ്പ് പോലും സ്വന്തമാക്കാമെന്ന് കണക്കുകൂട്ടുന്നു. കണ്ണഞ്ചിപ്പിക്കുംമട്ട് 4000 ട്രില്യണ്‍ യു.എസ്. ഡോളര്‍ മതിപ്പുള്ള സാമ്പത്തിക ആസ്തിയാണ് അവര്‍ക്ക് പ്രകൃതി. വാള്‍സ്ട്രീറ്റുള്‍പ്പെടെയുള്ള ധനകാര്യകേന്ദ്രങ്ങള്‍ പ്രകൃതിവിഭവങ്ങളില്‍നിന്നും സേവനങ്ങളില്‍നിന്നും അത്രയേറെ ലാഭം പ്രതീക്ഷിക്കുന്നുണ്ട്.
ഈ കച്ചവടവത്കരണം സാമാന്യമായതിനെയെല്ലാം ദുര്‍ലഭമാക്കും. അവസാനനദിയും കാടും നിലവും സാമ്പത്തിക ആസ്തിയാകുന്നതോടെ അവയുടെയെല്ലാം യഥാര്‍ഥ രക്ഷകര്‍ത്താക്കള്‍ കുടിയൊഴിക്കപ്പെട്ടവരാകും. പ്രകൃതികേന്ദ്രീകൃതമായ ഉപജീവനവും അവര്‍ക്ക് നഷ്ടമാകും. ഐ.ഇ.ജി. പോലെയുള്ള നവ കൊളോണിയല്‍ വാണിജ്യസംവിധാനങ്ങളെ പാരിസ്ഥിതിക സമ്പദ്‌വ്യവസ്ഥ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്.
എന്തും വിറ്റ് കാശാക്കുന്നവര്‍
90 ട്രില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യഥാര്‍ഥ ചരക്ക്-സേവന സമ്പദ്വ്യവസ്ഥയെ 512 ട്രില്യണ്‍ ഡോളറിലേക്കെത്തിക്കാനുള്ള കൊള്ളപ്രഭുക്കന്മാരുടെ ശ്രമമാണ് 2008-ലെ സാമ്പത്തികമാന്ദ്യത്തിന് കാരണമായത്. തത്ഫലമായി വീടില്ലാതായ, ഭക്ഷണമില്ലാതായ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണീരുകുടിച്ചാണ് സമ്പദ് വ്യവസ്ഥ പിന്നീട് വളര്‍ന്നത്. ഭൂമിയെ എത്രത്തോളം വ്യാപാരവത്കരിക്കുന്നുവോ പാര്‍പ്പിടമില്ലാത്തവരുടെയും പട്ടിണിയാകുന്നവരുടെയും എണ്ണം അത്രത്തോളം കൂടും. ഇത് പ്രകൃതിയുടെ സമ്പദ്ഘടനയ്ക്ക് വിരുദ്ധമാണ്. ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും അവകാശലംഘനമാണ്.
സമ്പത്ത് വര്‍ധിപ്പിക്കാനുള്ള പുതിയ സൂത്രവാക്യങ്ങള്‍കൊണ്ട് പ്രകൃതിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാനാകില്ല. ചൂഷണത്തിലൂടെയും ഊഹക്കച്ചവടത്തിലൂടെയും പ്രകൃതിയെ പണമാക്കിമാറ്റാം. പക്ഷേ, പണംകൊണ്ട് ഒരിക്കലും പരിസ്ഥിതിയെ നിര്‍മിക്കാന്‍ കഴിയില്ല. പൊതുനന്മയ്ക്കും സൗഖ്യത്തിനുംവേണ്ടി പ്രയത്നിക്കുക എന്നതാണ് ജീവിതത്തിന്റെ അര്‍ഥം. കരുതലിന്റെ സമ്പദ്വ്യവസ്ഥയില്‍ മാത്രമേ പൊതുനന്മ സാധ്യമാവുകയുള്ളൂ.
പണം വിശപ്പുമാറ്റില്ല
റോക്ക്ഫെല്ലറിനും ഗേറ്റ്സിനും വാള്‍ സ്ട്രീറ്റിനും ബ്ലാക്ക്റോക്കിനുമൊന്നും ഭൂമിയുടെ ഉടമസ്ഥരാകാന്‍ കഴിയില്ല. അവരുടെ ധനസമ്പാദനമാര്‍ഗങ്ങളെല്ലാം ചേര്‍ത്തുവെച്ചാലും ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും പ്രകൃതിയുടെ സമൃദ്ധിക്കും മുന്നില്‍ തുലോം തുച്ഛമാണ്. മുതലാളിത്ത അത്യാര്‍ത്തി ഇതുവരെ ലക്ഷോപലക്ഷങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ക്രീ ഇന്ത്യന്‍ ഗോത്രവര്‍ഗത്തിന്റെ വേദവാക്യം ഓര്‍മയില്‍വെക്കുക: 'അവസാനമരവും വെട്ടിവീഴ്ത്തിക്കഴിയുമ്പോള്‍, ഒടുവിലെ മത്സ്യത്തെയും ഭക്ഷിച്ചു തീരുമ്പോള്‍, അവശേഷിക്കുന്ന അരുവിയിലും വിഷം കലക്കി കഴിയുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയും, പണം തിന്ന് വിശപ്പുമാറ്റാനാകില്ലെന്ന്.'
Content Highlights: The time is not far away when you have to pay for all the gifts of Nature,Vandana Siva