ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

#ഡോ. ശില്‍പ എം മാനുവല്‍
Representational Image| Photo: Canva.com
Representational Image| Photo: Canva.com

പ്രമേഹരോഗവും അതു മൂലമുണ്ടാകുന്ന പ്രയാസങ്ങളും സമൂഹത്തില്‍ എത്രയേറെ ചര്‍ച്ചയായിട്ടും രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. രോഗപീഡ അനുഭവിക്കുന്നവരും പ്രമേഹാനുബന്ധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ ആളുകളെക്കൊണ്ട് നമ്മുടെ ചികിത്സാ കേന്ദ്രങ്ങള്‍ തിങ്ങി നിറയുന്നു. ഷുഗര്‍ എന്ന മധുരതരമായ പേരില്‍ അറിയപ്പെടുകയും എന്നാല്‍ തീരെ മാധുര്യമില്ലാത്തതുമായ ഒന്നാണ് പ്രമേഹം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അഥവാ മാറുന്ന ഒരു ഉപാപചയ അവസ്ഥയാണ് പ്രമേഹം. പ്രമേഹം വന്നാല്‍ അത് പൂര്‍ണ്ണമായും ഭേദമാകില്ലെങ്കിലും 'ഡയബെറ്റിസ് റിവേഴ്‌സല്‍' ആണ് ചികിത്സാ മേഖലയിലെ പുതിയ ആശയം. ലാന്‍സെറ്റ്-2018ല്‍ നടത്തിയ പരീക്ഷണങ്ങള്‍ അനുസരിച്ച് അഞ്ചു വര്‍ഷം വരെ പ്രമേഹരോഗം ഉണ്ടായിരുന്നവര്‍ക്ക് ജീവിതശൈലീ ക്രമീകരണങ്ങളിലൂടെ പ്രമേഹരോഗം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരിക്കുകയോ അളവിലും താഴ്ന്നിരിക്കുകയോ ചെയ്യുന്നതു മൂലം ശരീരത്തിന്റെ പല അവയവങ്ങളുടെ പ്രവര്‍ത്തനവും ക്രമേണ തകരാറിലാവുകയും ജീവിതം ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ദുസ്സഹമാകുകയും ചെയ്യുന്ന രോഗമാണ് പ്രമേഹം.

നവംബര്‍ 14-ന് ലോക പ്രമേഹ ദിനം ആചരിക്കുന്ന വേളയില്‍, പ്രമേഹത്തിന്റെ വര്‍ധിച്ചുവരുന്ന വ്യാപനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും പ്രതിരോധത്തിന്റെയും വിപുലമായ ചികിത്സയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 'നിങ്ങളുടെ റിസ്‌ക് അറിയുക, നിങ്ങളുടെ പ്രതികരണങ്ങളും' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. ടൈപ് -2 പ്രമേഹത്തെയും അനുബന്ധ സങ്കീര്‍ണ്ണതകളെയും പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായി ജീവിക്കുന്നു. ഈ സംഖ്യ 2045 ആകുമ്പോഴേക്കും 109.9 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. 

ജീവിതശൈലിയിലെ മാറ്റങ്ങള്‍, നഗരവല്‍ക്കരണം, ജനിതക കാരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളാല്‍ പ്രമേഹ രോഗികളുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക, ചിട്ടയായ വ്യായാമ മുറകള്‍ പാലിക്കുക, ശരീരഭാരം ഫലപ്രദമായി നിയന്ത്രിക്കുക തുടങ്ങിയ ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെ പ്രമേഹത്തെ വലിയ തോതില്‍ തടയാനാകും എന്നതാണ് നല്ല വാര്‍ത്ത.

സമയബന്ധിതമായ ഇടപെടലിലൂടെ പ്രമേഹത്തെ കൂടുതല്‍ അപകടത്തിലെത്തിക്കാതെ കൈകാര്യം ചെയ്യാന്‍ ഇത് നേരത്തേ കണ്ടുപിടിക്കുകയും രോഗനിര്‍ണയം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ പതിവ് പരിശോധനകള്‍, പതിവ് ആരോഗ്യ പരിശോധനകള്‍ എന്നിവ പ്രമേഹത്തെ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും, പെട്ടെന്ന് ചികിത്സ ആരംഭിക്കാനും സങ്കീര്‍ണതകള്‍ തടയാനും ഇത് സാഹചര്യമൊരുക്കുകയും ചെയ്യും. പ്രമേഹം വന്നാല്‍ പൂര്‍ണ്ണമായും ഭേദമാകുന്ന ചികിത്സയില്ലെങ്കിലും പ്രമേഹ ചികിത്സയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്, ഈ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വിശാലമായ ചികിത്സാ സാധ്യതകള്‍ ഇപ്പോഴുണ്ട്. മരുന്നുകള്‍, ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍, ഇന്‍സുലിന്‍ പമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കൂടുതല്‍ ഫലപ്രദവും വ്യക്തിഗതവുമായ ചികിത്സാ സമീപനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.

പ്രമേഹം തടയുന്നതിനും ഈ അവസ്ഥയുമായി ജീവിക്കുന്ന എല്ലാവര്‍ക്കും വിപുലമായ ചികിത്സയും പരിചരണവും ലഭ്യമാണെന്ന് ഉറപ്പാക്കാനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും നേരത്തെ രോഗം കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഗവേഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും, ആരോഗ്യകരവും സംതൃപ്തവുമായ ജീവിതത്തിന് പ്രമേഹം ഒരു തടസ്സമാകാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍-ജന.മെഡിസിന്‍ ആണ് ലേഖകൻ)

Content Highlights: India has the second highest number of diabetes patients in the world