കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

പ്രതീകാത്മക ചിത്രം | Photo: canva.com\
പ്രതീകാത്മക ചിത്രം | Photo: canva.com\

വാഷിങ്ടണ്‍: കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി ശീലിക്കുന്നത് പ്രമേഹരോഗികളെ സഹായിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി പുതിയ പഠനം. പ്രമേഹം അനിയന്ത്രിത അളവില്‍ ഉള്ളവര്‍ക്ക് പ്രമേഹം നിയന്ത്രിക്കാനും പ്രമേഹ സാധ്യതയുള്ളവര്‍ക്ക് രക്തത്തിലെ ഷുഗര്‍ നില കുറയ്ക്കാനും ഈ ഡയറ്റ് രീതി സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.  അമേരിക്കയിലെ ടുലെന്‍  യൂണിവേഴ്‌സിറ്റിയാണ് പഠനം സംഘടിപ്പിച്ചത്. 

രണ്ട് വിഭാഗം ആള്‍ക്കാരുടെയും  ഭക്ഷണക്രമം പഠന വിധേയമാക്കിയായിരുന്നു ഗവേഷണം. ആദ്യത്തെ വിഭാഗത്തിന് കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണവും രണ്ടാമത്തെ വിഭാഗം സാധാരണ ഭക്ഷണക്രമവും ആറ് മാസത്തേക്ക് പിന്‍തുടര്‍ന്നു. ശേഷം നടത്തിയ ടെസ്റ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച വിഭാഗത്തിന്റെ രക്തത്തില്‍ ഷുഗര്‍ ലെവല്‍, സാധാരണ ഭക്ഷണം കഴിച്ച വിഭാഗത്തിനെക്കാള്‍ കുറവായിരുന്നു. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച ആള്‍ക്കാരുടെ ഭാരത്തിലും ഫാസ്റ്റിങ്ങ് ഷുഗര്‍ ലെവലിലും കുറവ് അനുഭപ്പെട്ടു.

ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേര്‍ണലില്‍ ആണ് ഗവേഷണം ഫലം പ്രസിദ്ധികരിച്ചത്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം ശീലിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് വരാതെ ഇരിക്കുന്നതിനും അതിന്റെ ചികിത്സക്കും ഉപകരിച്ചേക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമെന്നും  ടുലെന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റണ്‍ ഡൊറന്‍സ് പറഞ്ഞു.

പ്രീഡയബറ്റിക്ക് അവസ്ഥയില്‍ നിന്ന് ഡയബറ്റിക്ക് അവസ്ഥയിലേക്ക് എത്തിയവരും പ്രമേഹത്തിന് മരുന്ന് കഴിക്കാത്തവരേയുമാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, പ്രമേഹം ഇല്ലാതാക്കും എന്നല്ല മറിച്ച്  പ്രീഡയബറ്റിക്ക്, ഡയബറ്റിക്ക് അവസ്ഥയില്‍ ഉള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്ന് വ്യക്തമാക്കുകയാണ് തങ്ങളുടെ പഠനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ക്രിസ്റ്റണ്‍ ഡൊറന്‍സ് പറഞ്ഞു. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണ രീതി ടൈപ്പ് 2 പ്രമേഹം തടയുമോയെന്നത് ഗവേഷണം നടത്തേണ്ട വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: world diabetes day 2022, low crab food can reduce and control type 2 diabetics, health