എച്ച്.ഐ.വി ബാധ ഇല്ലാതാക്കാനുള്ള യജ്ഞവുമായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നേതൃത്വത്തിലുള്ള വിവിധ സേവന കേന്ദ്രങ്ങള്‍, ലഭ്യമാക്കുന്ന സേവനങ്ങള്‍, എച്ച്.ഐ.വി അണുബാധിതര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാം.

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സേവന കേന്ദ്രങ്ങളും സേവനങ്ങളും

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഇതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സേവന കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജ്യോതിസ് കേന്ദ്രങ്ങള്‍ (ഐ.സി.റ്റി.സി)

രക്തപരിശോധയയിലൂടെ മാത്രമേ എച്ച്.ഐ.വി അണുബാധ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എച്ച്.ഐ.വിക്കെതിരെയുള്ള പ്രതിവസ്തു (Antibody) രക്തത്തില്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയില്‍ ഈ പ്രതിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുവാന്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ചതു മുതല്‍ മൂന്നുമാസം വരെ സമയമെടുക്കും.

ഈ കാലയളവിനെ ജാലകവേള (Window period) എന്നു പറയുന്നു. ആദ്യ പരിശോധനയില്‍ എച്ച്.ഐ.വി അണുബാധയുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ രണ്ടു ടെസ്റ്റുകളും കൂടി ചെയ്തു നോക്കുകയും ഈ മുന്ന് പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കില്‍ മാത്രമേ ആ വ്യക്തി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയുള്ളൂ.

സംസ്ഥാനത്ത് 688 ജ്യോതിസ് കേന്ദ്രങ്ങള്‍ (ഐ.സി.റ്റി.സി) കൗണ്‍സിലിംഗിനും പരിശോധനയ്ക്കുമായി പ്രവര്‍ത്തിക്കുന്നു. അതില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 150 എണ്ണം (2 മൊബൈല്‍ ഐ.സി.ടി.സികള്‍ ഉള്‍പ്പടെ) കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും 538 എണ്ണം സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയും, 90 എണ്ണം സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു.

ഇതുകൂടാതെ 64 സുരക്ഷ പ്രോജക്ടുകള്‍ വഴി  കമ്യൂണിറ്റി ബേസ്ഡ് സ്‌ക്രീനിങ് (Community based screening) നടത്തുന്നുണ്ട്. ഇവിടെ എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്.ഐ.വി അണുബാധയുണ്ടെന്നു കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി എ.ആര്‍.ടി കേന്ദ്രങ്ങളിലേക്ക് അയക്കും.

ഉഷസ് കേന്ദ്രങ്ങള്‍ (എ.ആര്‍.ടി)

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസര്‍ഗോഡ്, എറണാകുളം ജനറല്‍ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങള്‍ (എ.ആര്‍.ടി) പ്രവര്‍ത്തിക്കുന്നുണ്ട്.  ഇതുകൂടാതെ പത്തനംതിട്ട,  തിരൂര്‍, മഞ്ചേരി,  മാനന്തവാടി, പൈനാവ, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ/ജനറല്‍ ആശുപത്രികളിലും നെയ്യാറ്റിന്‍കര, കൊട്ടാരക്കര, പീരിമേട്, പുനലൂര്‍ താലൂക്ക് ആശുപത്രികളിലും, ലിങ്ക് എ.ആര്‍.ടി സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.  ഇതുവരെയുള്ള കണക്കനുസരിച്ച് 28057 എച്ച്.ഐ.വി അണുബാധിതരാണ് ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ എ.ആര്‍.ടി ചികിത്സയിലുള്ളത് 16295 പേരാണ്.

 ഉഷസ് കേന്ദ്രങ്ങളുടെ പേര്

1 തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി
2 കൊല്ലം ജില്ലാശുപത്രി
3 ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി
4 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി
5 എറണാകുളം ജനറല്‍ ആശുപത്രി
6 തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രി
7 പാലക്കാട് മെഡിക്കല്‍കോളേജ് ആശുപത്രി
8 കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി
9 കണ്ണൂര്‍ ജില്ലാശുപത്രി
10 കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
11 എറണാകുളം മെഡിക്കല്‍കോളേജ് ആശുപത്രി, കളമശ്ശേരി
12 പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി, കണ്ണൂര്‍
13 മാനന്തവാടി ജനറല്‍ ആശുപത്രി, വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി
14 മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രി, മലപ്പുറം
15 ഇടുക്കി മെഡിക്കല്‍കോളേജ് ആശുപത്രി

കെയര്‍ സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ (സി.എസ്.സി)

എ.ആര്‍.ടി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്.ഐ.വി അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ കൂട്ടായ്മകളിലൂടെ സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ് എന്നീ ഏഴു ജില്ലകളില്‍ കെയര്‍ സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ (സി.എസ്.സി) 2021 ഒക്ടോബര്‍ 1 മുതല്‍ നാഷണല്‍ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദ്ദേശത്തോടു കൂടി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പുലരി കേന്ദ്രങ്ങള്‍ (എസ്.റ്റി.ഐ)

പുലരി കേന്ദ്രത്തിലൂടെ (എസ്.റ്റി.ഐ) ലൈംഗികജന്യ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു.  സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലുമായി 23 പുലരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലക്ഷ്യാധിഷ്ഠിത ഇടപെടല്‍ കേന്ദ്രങ്ങള്‍ (ടി.ഐ)

കേരളത്തിലെ 14 ജില്ലകളിലായി എച്ച്.ഐ.വി അണുബാധാ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 64 സുരക്ഷാ പദ്ധതികള്‍ (ടി.ഐ) പ്രവര്‍ത്തിച്ചു വരുന്നു.  ലക്ഷ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍, സ്ത്രീലൈംഗിക തൊഴിലാളികള്‍, പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കു മരുന്നു കുത്തിവയ്ക്കുന്നവര്‍, ട്രാന്‍സ്ജെന്‍ഡര്‍, അതിഥിതൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍ എന്നിവരാണ്. കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍സ് (Community Based Organisatiosn), സന്നദ്ധസംഘടനകള്‍/സമൂഹാധിഷ്ഠിത സംഘടനകള്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്ക് മരുന്ന് കുത്തിവയ്പ്പിലൂടെ സ്വീകരിക്കുന്നവരുടെ ഇടയില്‍ കുത്തിവയ്പുകള്‍ എന്നിവയിലൂടെ വരാന്‍ സാധ്യതയുള്ള അണുബാധകള്‍ തടയുന്നതിനായി ഉറകളുടെയും (കോണ്ടം), സൂചി, സിറിഞ്ച് എന്നിവയുടെയും വിതരണം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നു.  മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്‍ അപകട സാധ്യത കുറയ്ക്കുന്നതിനും ആസക്തി ചികിത്സിക്കുന്നതിനും അനുയോജ്യമായ Opioid Substitution Therapy (OST) 11 കേന്ദ്രങ്ങള്‍ വഴി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.

ബോധവത്കരണ വിഭാഗം (ഐ.ഇ.സി)

എച്ച്.ഐ.വി പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ബോധവത്കരണമാണ്. ഇതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വിവിധ മാധ്യമങ്ങളുടെ സഹായത്തോടു കൂടി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.  റേഡിയോ, ടെലിവിഷന്‍, അച്ചടി മാധ്യമങ്ങള്‍ വഴിയും, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചും, ബസ്സുകളില്‍, ആശുപത്രികളില്‍, കോളേജുകളിലും ഡിജിറ്റല്‍ ബോര്‍ഡുകള്‍ റയില്‍വേ സ്റ്റേഷനുകളില്‍, പ്രധാന ഷോപ്പിംഗ് മാളുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടും നടപ്പിലാക്കി വരുന്നു.

ഇതു കൂടാതെ നാടന്‍ കലാരൂപങ്ങളുടെ സഹായത്തോടു കൂടി എച്ച്.ഐ.വി യെക്കുറിച്ചുള്ള ശരിയായ വിവരം തീരദേശവും, ആദിവാസ മേഖലയും ഉള്‍പ്പെട്ട ഉള്‍പ്രദേശങ്ങളില്‍  നല്‍കപ്പെടുന്നു.  ഇത് കൂടാതെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി യെക്കുറിച്ചും ലൈംഗികരോഗങ്ങളെക്കിറിച്ചും സന്നദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

കൂടാതെ ജീവിതനൈപുണ്യം കൈവരിക്കുന്നതിനും എച്ച്.ഐ.വി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും കോളേജ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റെഡ് റിബണ്‍ ക്ലബുകള്‍ നടത്തിവരുന്നത്. ബോധവത്കരണ വിഭാഗത്തിന് കീഴില്‍  മുഖ്യധാരാവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് അനവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

എച്ച്.ഐ.വി & എയ്ഡ്സ് (തടയലും നിയന്ത്രണവും) നിയമം 2017 നിലവില്‍ വന്നിട്ടുണ്ട്.  ഇതു പ്രകാരം എച്ച്.ഐ.വി ബാധിച്ച ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പു നല്‍കുന്നു.  കോടതി ഉത്തരവ് ഉണ്ടെങ്കിലോ ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനോ ഒഴികെയുള്ള സാഹചര്യങ്ങളില്‍ ഒരാളും എച്ച്.ഐ.വി ബാധിതരുടെ സ്റ്റാറ്റസോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ പുറത്തു പറയുവാന്‍ പാടുള്ളതല്ല.

എച്ച്.ഐ.വി പരിശോധനയോ, ഗവേഷണമോ അതാത് വ്യക്തിയുടെ അറിവോ, സമ്മതമോ ഇല്ലാതെ നടത്തുകയില്ലായെന്ന് ഈ നിയമം ഉറപ്പു വരുത്തുന്നു.  അതുപോലെ എച്ച്.ഐ.വി പരിശോധനയ്ക്ക് മുന്‍പും, പിന്‍പും കൗണ്‍സിലിംഗിനുമുള്ള അവസരം ഉണ്ടായിരിക്കണം. എച്ച്.ഐ.വി ബാധിതരായിട്ടുള്ള വ്യക്തികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ, വെറുപ്പോ കാണിക്കുന്നത് ഈ നിയമം തടയുന്നു.

ആശുപത്രികള്‍, ഓഫീസുകള്‍, കോളേജുകള്‍, സ്‌ക്കൂളുകള്‍ എന്നിവിടങ്ങളില്‍ വിവേചനം കാണിക്കുന്നത് തടയുന്നു.   തൊഴിലിടങ്ങളില്‍ വെച്ച് എച്ച്.ഐ.വി അണുബാധ ഉണ്ടാകുന്നത് തടയുവാന്‍ സുരക്ഷിതമായ ഒരു തൊഴിലിടം സൃഷ്ടിക്കുന്നതിന് പോസ്റ്റ് എക്സ്പോഷര്‍ പ്രോഫിലാക്സിനുള്ള സഹായം, കരുതലെടുക്കുവാനും, എച്ച്.ഐ.വി യില്‍ നിന്ന് സ്വയം സംരക്ഷണം നേടാനുള്ള പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്. 

ഈ നിയമത്തിന്റെ ലംഘനം, ഇത് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്)നെ ഓംബുഡ്സ്മാനായി നിയമിച്ചിരിക്കുന്നു.  അതുപോലെ 100 അല്ലെങ്കില്‍ അതിലും അധികം ജീവനക്കാരുള്ള ഏതു സ്ഥാപനവും, 20 അല്ലെങ്കില്‍ അതിലും അധികം ജീവനക്കാരുള്ള ആരോഗ്യ പരിപാലന സ്ഥാപനവും പരാതി പരിഹാരത്തിനായി ഒരു കംപ്ലെയ്ന്‍സ് ഓഫീസറെ നിയമിക്കുകയും വേണം. നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ 3 മാസം മുതല്‍ 2 വര്‍ഷം വരെ ജയില്‍ വാസമോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷ വിധിക്കുന്നതായിരിക്കും.  

Content Highlights: world aids day 2023,AIDS,health