ലൈംഗിക രോഗങ്ങള്‍ ബാധിച്ചവര്‍ എച്ച്.ഐ.വി. ടെസ്റ്റ് നടത്തേണ്ടതുണ്ടോ? അറിയാം കാരണങ്ങളും ചികിത്സയും

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയാണ് ലൈംഗിക രോഗം അഥവാ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്. എച്ച്.ഐ.വിയും ഒരു ലൈംഗിക രോഗമാണ്. മറ്റ് ചില ലൈംഗിക രോഗങ്ങളാണ് സിഫിലിസ്, ഹെര്‍പിസ് തുടങ്ങിയവ.
ടി സെല്ലുകള്‍ എന്നറിയപ്പെടുന്ന CD4 കോശങ്ങളെയാണ് എച്ച്.ഐ.വി. വൈറസ് ബാധിക്കുക. ലൈംഗിക രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന വ്രണങ്ങളിലൂടെ ഈ വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെ പ്രതിരോധ കോശങ്ങളായ CD4 കോശങ്ങളെ ഇവ നശിപ്പിക്കുന്നു. ഇതുവഴി അണുബാധയുണ്ടാകുന്നു. അതിനാല്‍ തന്നെ ലൈംഗിക രോഗങ്ങളുള്ള വ്യക്തിയ്ക്ക് എച്ച്.ഐ.വി. ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എച്ച്.ഐ.വി. ബാധിച്ചവരില്‍ പ്രതിരോധ ശേഷി കുറയുന്നത് ലൈംഗിക രോഗങ്ങള്‍ ഉള്‍പ്പടെ മറ്റ് രോഗങ്ങള്‍ കുറയാന്‍ വഴിയൊരുക്കും. അതിനാല്‍ എച്ച്.ഐ.വി. ബാധിച്ചവരെ ലൈംഗിക രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്നും ലൈംഗിക രോഗങ്ങള്‍ ബാധിച്ചവരെ എച്ച്.ഐ.വി. ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാറുണ്ട്.
എച്ച്.ഐ.വി. ബാധിച്ചാല്‍ മറ്റ് ലൈംഗിക രോഗങ്ങളുള്ളവരുടെ ലക്ഷണങ്ങളില്‍ മാറ്റങ്ങള്‍ വന്ന് രോഗനിര്‍ണയം ബുദ്ധിമുട്ടിലാകും. ഒപ്പം രോഗതീവ്രതയും രോഗം മറ്റ് സങ്കീര്‍ണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ രോഗം കുറയുന്നത് വൈകിയേക്കാം. സാധാരണ ചികിത്സാരീതികളോട് പ്രതികരിക്കാതിരിക്കാനും സാധ്യതയുണ്ട്.
മറ്റൊന്ന് രോഗത്തിന്റെ രണ്ടാം വരവാണ്. ചികിത്സിച്ചു മാറിക്കഴിഞ്ഞാലും രോഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങള്‍
ജനനേന്ദ്രിയങ്ങളില്‍ വ്രണങ്ങള്‍, ചെറിയ മുഴകള്‍, ചുവന്ന പാടുകള്‍, ചൊറിച്ചില്‍, മൂത്രനാളിയിലോ യോനിയിലോ മലദ്വാരത്തിലോ നിന്ന് ചില സ്രവങ്ങള്‍ പുറത്തുവരിക, മലമൂത്ര വിസര്‍ജ്ജന സമയത്ത് വേദന എന്നിവയാണ് ലക്ഷണങ്ങള്‍.
ചികിത്സ
ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ. രക്തപരിശോധനകള്‍, സ്രവപരിശോധന എന്നിവയും വേണ്ടി വരും. ലൈംഗികരോഗങ്ങള്‍ കൃത്യമായി ചികിത്സിക്കുന്നത് എച്ച്.ഐ.വി. ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. എന്നാല്‍ എച്ച്.ഐ.വി.യ്ക്കുള്ള ചികിത്സ വേറെ ചെയ്യേണ്ടതുണ്ട്. എച്ച്.ഐ.വി. ബാധിച്ചവരില്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി ആണ് വേണ്ടത്.
ലൈംഗികരോഗങ്ങളും എച്ച്.ഐ.വിയും ഉണ്ടാകാന്‍ സാധ്യത കൂട്ടുന്ന കാര്യങ്ങള്‍:
- കോണ്ടം ഉപയോഗിക്കാതെ ആനല്‍ സെക്‌സ്, ഓറല്‍ സെക്‌സ് എന്നിവയില്‍ ഏര്‍പ്പെടുന്നത്.
- ഒന്നിലധികം ലൈംഗിക പങ്കാളികള്‍
- അപരിചിതരായ ലൈംഗിക പങ്കാളികള്‍
- മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുകൊണ്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇത് വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സുരക്ഷിതമല്ലാത്ത സെക്‌സിലേക്ക് എടുത്തുചാടാനും അങ്ങനെ ലൈംഗികരോഗങ്ങള്‍ക്കും എച്ച്.ഐ.വിക്കുമുള്ള സാധ്യത വര്‍ധിക്കാനും ഇടയാക്കും.
രോഗത്തെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക.
- നിരവധി ആളുകളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
- കോണ്ടം ഉപയോഗിക്കുക.
- കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സൂചികള്‍ വീണ്ടും ഉപയോഗിക്കരുത്.
- പരിശോധനകള്‍ എല്ലാം നടത്തിയ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ രക്തം സ്വീകരിക്കാവൂ.
- ലൈംഗിക പങ്കാളിയ്ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ നല്‍കണം.
- രോഗലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് ജീവിതം മുന്നോട്ടുനയിക്കാന്‍ സഹായിക്കും.
Content Highlights: relation between hiv aids and other sexually transmitted diseases