'സ്വന്തം ശമ്പളത്തില്‍നിന്ന് 500 രൂപയെടുക്കാന്‍ ഭര്‍ത്താവിന്റെ സമ്മതംവേണ്ട ഭാര്യമാര്‍ ഇന്നുമുണ്ട്'

ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതസ്ഥാനത്തിരിക്കുന്ന വനിതയെ പൊതുപരിപാടിക്കിടയില്‍ പരിചയപ്പെട്ടു. മറയില്ലാതെ സംസാരിക്കാനുള്ള സ്വാതന്ത്ര്യമായപ്പോള്‍ അവര്‍ ചിലതൊക്കെ തുറന്നു പറഞ്ഞു. പഠിച്ചു നേടിയ ജോലിയും ഓഫീസില്‍ അവര്‍ക്ക് ലഭിക്കുന്ന സ്ഥാനവും ബഹുമാനവും അവര്‍ക്ക് അഭിമാനമാണ്.
എന്നാല്‍ വീട്ടിലേക്ക് എത്തുമ്പോള്‍ അവര്‍ ആകെ നിരാശയാണ്. ഭര്‍ത്താവും രണ്ടു കുട്ടികളുമാണുള്ളത്. അവിടെ അവര്‍ക്ക് ആരില്‍ നിന്നും യാതൊരു പരിഗണനയും ലഭിക്കുന്നില്ല. വേലക്കാരിക്ക് സമം പെരുമാറേണ്ടി വരുന്നു. ഒരു സഹായിയെ വീട്ടില്‍ നിര്‍ത്താന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ലത്രെ.. അവരെ ജോലിക്ക് വിടുന്നത് തന്റെ ഔദാര്യമാണെന്നും, ജോലി കഴിഞ്ഞ് വന്ന് അയാളുടെയും മക്കളുടെയും കാര്യങ്ങള്‍ അവള്‍ തന്നെ നോക്കണം എന്നും അയാള്‍ക്ക് വാശിയാണത്രേ..അങ്ങനെയല്ലെങ്കില്‍ ജോലി എന്നത് മറന്നേക്കൂ എന്നതാണ് അയാളുടെ നിലപാട്..എത്ര ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുമ്പോഴും 'നീ പെണ്ണാണ്' എന്ന ഓര്‍മ്മപ്പെടുത്തല്‍ അവരെ നിരന്തരം പിന്തുടരുന്നു
ഒന്ന് ചിന്തിച്ചു നോക്കൂ.. സ്ത്രീ ശൂന്യകാശം വരെ കീഴടക്കുമ്പോഴും സമൂഹത്തിന്റെ കണ്ണില്‍ അവള്‍ അബലയാണ്.. പലയിടത്തും ഈ ചിന്ത കാരണം അവള്‍ നീക്കി നിര്‍ത്തപ്പെടുന്നു. 'പെണ്ണല്ലേ.. അവളെ കൊണ്ടാകുമോ? സംരക്ഷണം വേണ്ടേ,സംവരണം വേണ്ടേ, ദുര്‍ബലയല്ലെ!'... സമൂഹത്തില്‍ നിന്നും ഈ വാക്കുകളും വികാരവും പാടെ മാറിയിട്ടുണ്ടോ?
ഒരു ചെറിയ ഓഫീസില്‍ പോലും സ്ത്രീയ്ക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ഇത്തരം സംസാരങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചിലയിടത്ത് ഉടനെയൊന്നും കല്യാണം കഴിക്കില്ലെന്നും കുട്ടിയുണ്ടാകില്ലെന്നും വരെ വാക്കാല്‍ ഉറപ്പു മേടിക്കുന്നു. ഈ പറയുന്ന വിവാഹത്തിലും കുഞ്ഞുണ്ടാകലിലും ഒക്കെ തുല്യപങ്കാളിത്തമുള്ള നമ്മുടെ ആണുങ്ങള്‍ക്കാവട്ടെ, ഈ വക പ്രശ്‌നങ്ങളും ചോദ്യങ്ങളും കരാറുകളും ഒന്നും അഭിമുഖീകരിക്കേണ്ടി വരുന്നില്ല!
ഈ വര്‍ഷത്തെ വിമന്‍സ് ഡേയുടെ തീം Invest in women; Accelerate progress എന്നതാണ്. സ്ത്രീകളെ എല്ലായിടങ്ങളിലും ഉള്‍പ്പെടുത്താനും, അവളുടെ കഴിവുകളെ മനസ്സിലാക്കാനും വിലമതിക്കാനും സമൂഹത്തെ പ്രചോദിപ്പിക്കുക എന്നതാണ് ഈ തീമിന്റെ ലക്ഷ്യം. ഭാവിയിലേക്കുള്ള കുതിപ്പില്‍ അവളുടെ ഇടപെടലുകള്‍ക്കും ചിന്തകള്‍ക്കും അധ്വാനത്തിനും വലിയ സ്ഥാനമാണ് നല്‍കേണ്ടത്.
അവളുടെ ബുദ്ധിശക്തിയും, കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനുള്ള കഴിവും, പ്രശ്‌നപരിഹാരത്തിലുള്ള മിടുക്കും, നേതൃത്വപാടവവും, ഒരേ സമയം പല കാര്യങ്ങള്‍ ശ്രദ്ധയോടെ ഏകീകരിച്ചു പ്രാവര്‍ത്തികമാക്കാനുള്ള കഴിവും കൃത്യമായി ഉപയോഗിച്ചാല്‍,അതിലൂടെ ഒരു മികച്ച ലോകം സൃഷ്ടിക്കാന്‍ കഴിയുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്...ഇതെങ്ങനെ സാധിക്കും?
'ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ ഈ സമൂഹത്തില്‍ നിങ്ങളെയെങ്ങനെ അടയാളപ്പെടുത്തുന്നു എന്നത് അനുസരിച്ചായിരിക്കും നിങ്ങളെ സമൂഹം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതും'- ഈ എഴുത്ത് സത്യമാണ്!
ഈ വനിതാ ദിനത്തില്‍ ആണും പെണ്ണും ചിന്തിക്കേണ്ടതും ഇതാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് എന്ത് മാതൃകയാണ് നിങ്ങള്‍ തയ്യാറാക്കികൊടുക്കുന്നത്? പണ്ട് അത് വിവാഹിതയായി, നല്ല കുടുംബിനിയായി, നല്ല അമ്മയായി, ഭാര്യയായി, അഅടുക്കള ഭരിക്കാന്‍ അറിയാവുന്നവളായി ജീവിക്കണം എന്നായിരുന്നു. ഇന്നിപ്പോള്‍ അതു മാറി പഠിക്കണം, ജോലി നേടണം, അതിന് ഒരു പ്രായമാകുമ്പോള്‍ വിവാഹം ചെയ്യണം, കുടുംബമുണ്ടക്കണം എന്നായി മാറിയിട്ടുണ്ട്. അത്രയും മതിയോ?
പുരുഷനൊപ്പം ജോലി ചെയ്ത്, അത്രയൊ അതിനു മേലെയോ ശമ്പളം വാങ്ങി വൈകുന്നേരം വീടെത്തുന്ന സ്ത്രീ വേഷം മാറി നേരെ അടുക്കളയില്‍ കയറുമ്പോള്‍, പുരുഷന്‍ മെല്ലെ ടിവിയ്ക്ക് മുന്നിലേക്ക് നീങ്ങുന്നു. പാചകത്തിനിടയില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും, അടുക്കള വൃത്തിയാക്കാനും അവള്‍ സമയം കണ്ടെത്തുമ്പോള്‍ അദ്ദേഹം മൊബൈലില്‍ ഒടുവില്‍ കിടപ്പറയില്‍ തളര്‍ന്നെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശാരീരിക ആവശ്യങ്ങളും നിറവേറ്റണം. ഇത് 90-കളില്‍ അല്ലേയെന്ന് പറയാന്‍ വരട്ടെ... ഓരോരുത്തരും ഒന്ന് സ്വന്തം വീട്ടിലേക്ക് നോക്കൂ.... നമ്മുടെ വീട്ടിലെ അമ്മ, സഹോദരി, ഭാര്യ -ഇവരൊക്കെ ഈ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തെത്തിയോ? ഇതില്‍ ഇന്നത്തെ ലോകത്ത് എവിടെയൊക്കെയോ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നല്ലാതെ എത്ര വീടുകളില്‍ പ്രകടമായ മാറ്റമുണ്ട്?
എവിടെയാണ്, ആരുടേതാണ് കുഴപ്പം?
- ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പലതും മാതാപിതാക്കള്‍ മറന്നു പോകുന്നിടത്താണ് ആദ്യത്തെ പിഴവ്. ഒരു പൊതുസ്ഥലത്ത് വസ്ത്രീകളെ അപമാനിച്ചു സംസാരിക്കുന്ന ഒരു മകന് എന്തോ വലിയ തമാശ കേട്ടത് പോലെ കൈയ്യടിച്ചു പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കളെ ഈ അടുത്ത് കണ്ടിരുന്നു.
- ഇന്നും പുറത്തേക്കിറങ്ങാന്‍ പുരുഷന്റെ കൂട്ട് നോക്കിയിരിക്കുന്നവര്‍, പുരുഷന് ശേഷമേ ഭക്ഷണം കഴിക്കൂ എന്ന് ചിന്തിക്കുന്ന സ്ത്രീകള്‍ ,ആണ്‍കൂട്ടില്ലെങ്കില്‍ എന്തു ചെയ്യും എന്ന് ചിന്തിക്കുന്നവര്‍ , അടുക്കളഭരണവും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും തന്റെ ജോലി മാത്രമാണ് എന്ന് സ്വയം ധരിക്കുന്നവര്‍- ഇങ്ങനെയുള്ള സ്ത്രീകള്‍ ഉള്ളിടത്തോളം ഈ ചിന്ത സമൂഹത്തില്‍ നിന്ന് മാറ്റിയെടുക്കാന്‍ പ്രയാസമാണ്.
- സ്വന്തം ശമ്പളത്തില്‍ നിന്ന് 500 രൂപയെടുക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം വേണമെന്ന് പറയുന്ന ഭാര്യമാര്‍ ഇന്നുമുണ്ട്. അവനവന്റെ അവകാശം എന്താണെന്ന് പോലും അറിയാത്തവര്‍!വീടിന്റെ മുറ്റത്തേക്ക് ഇറങ്ങാന്‍ ഭര്‍ത്താവ് സമ്മതിക്കണമെന്ന് തന്നെത്തന്നേ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നവരുമുണ്ട്. ഭര്‍ത്താവുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും അഭിപ്രായമാരായലിനും പകരം, അഭിപ്രായമില്ലായ്മയും വിധേയത്വവും ഇന്നും ദാമ്പത്യജീവിതത്തിന്റെ മുഖമുദ്രയായി കൊണ്ടു നടക്കുന്ന സ്ത്രീകള്‍ അവര്‍ക്കുള്ള കുഴി സ്വയം വെട്ടുകയാണ്.
- ചിലര്‍ ഇപ്പോഴും സ്വന്തം വീട്ടില്‍ അമ്മ അച്ഛനോട് കാണിക്കുന്ന വിധേയത്വവും, സ്വന്തം വീട്ടില്‍ അവര്‍ക്കുള്ള അഭിപ്രായമില്ലായ്മയും കണ്ട് ശീലിച്ച്, അതാണ് തന്റെയും വഴിയെന്ന മുന്‍ധാരണ വളര്‍ത്തിയെടുക്കുന്നു.വീട്ടില്‍ സ്ത്രീയ്ക്ക്, തന്റെ ഭാര്യക്ക്,സമത്വമോ അഭിപ്രായസ്വാതന്ത്ര്യമോ ഒരു തരി പോലും നല്‍കാത്ത ചില അച്ഛന്മാര്‍, മകളുടെ വിവാഹസമയത്ത് അവള്‍ക്ക് ഈ പറഞ്ഞതെല്ലാം നല്‍കണം എന്ന് ആണ്‍വീട്ടുകാരോട് പറയുന്നത് കേട്ട് പലപ്പോഴും ചിരി വന്നിട്ടുണ്ട്
- ഇനി മറ്റൊന്നുണ്ട്.. നിര്‍ദോഷമെന്ന് തോന്നുമെങ്കിലും ഏറ്റവും അപകടകരമായ ഒന്ന്...ഇന്നത്തെ ലോകത്ത് മാതാപിതാക്കള്‍ ഏറെ മാറിയിട്ടുണ്ടത്രേ . മകള്‍ വിവാഹശേഷവും പഠിക്കും, അവളെ ജോലിക്ക് വിടണം എന്നൊക്കെ ചില കരാറുകള്‍ ചെറുക്കന്‍ വീട്ടരുമായി വയ്ക്കാനൊക്കെ ശ്രദ്ധിക്കുന്നുണ്ട്! ഇത് കേള്‍ക്കുന്ന പെണ്‍കുട്ടിയുടെ മനസില്‍ എന്താവും കയറിക്കൂടുക?
എങ്ങനെ മാറണം?
വിവാഹശേഷമാണ് പല സ്ത്രീകളും മേല്‍പ്പറഞ്ഞ ചട്ടക്കൂട്ടില്‍ ഒതുങ്ങി പോകുന്നത്.
- ആണ്‍കുട്ടികള്‍ക്ക് സ്ത്രീസമത്വത്തെകുറിച്ച് കൃത്യമായ ധാരണ നല്‍കുക. സ്‌കൂള്‍ തലത്തില്‍ അതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക. സമൂഹത്തില്‍ വളര്‍ന്നു വരുന്ന ആണും പെണ്ണും ചേര്‍ന്ന തലമുറയ്ക്ക് വളര്‍ച്ചയുടെ തുടക്കത്തിലാണ് തിരുത്തല്‍ വേണ്ടത്. കതിരില്‍ കൊണ്ടു വളം വച്ചിട്ടെന്ത് കാര്യം!അനുസരണയും മര്യാദയും വായനയും മറ്റുമോഒക്കെ ശീലിപ്പിക്കുന്നതിനൊപ്പം ശീലിപ്പിക്കേണ്ട ഒന്നാണ് സ്ത്രീകളെ തുല്യരായി കാണുക എന്നതും, അവനവന്റെ ജോലികള്‍ സ്വയം ചെയ്യുക എന്നുള്ളതും! കസേരയില്‍ കാല്‍ കയറ്റി വച്ച് ആജ്ഞാപിക്കുന്ന ആണിന്റെ കാലം കഴിഞ്ഞുപോയെന്ന് അവനും അറിയട്ടെ.
- ചുട്ടമറുപടികള്‍: അപമാനങ്ങള്‍ സഹിക്കരുത്. പണ്ടൊരു ചൊലുണ്ടല്ലോ? പെണ്ണിന്റെ ശബ്ദം പൊങ്ങരുതെന്ന്..ശബ്ദമുയര്‍ത്തിയെ തീരൂ. ഈ സമൂഹം നമ്മളെ അംഗീകരിക്കാന്‍ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടത് അനിവാര്യമാണ്.
- വീട്ടില്‍ നിന്നാകണം മാതൃക. സ്വന്തം വീട്ടില്‍ അച്ഛനും അമ്മയും തമ്മിലുള്ള സൗഹൃദവും തുല്യതയും കണ്ടു വളരുന്ന ആണ്‍കുട്ടികള്‍ സ്ത്രീകളെ ബഹുമാനിക്കാനും അവനൊപ്പം കാണാനും പഠിക്കും. അതു കണ്ടു വളരുന്ന സ്ത്രീകള്‍ അവളുടെ അവകാശങ്ങളെപ്പറ്റി ബോധവതിയാകും.
- മകളുടെ വിവാഹസമയത്ത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന രീതിയിലുള്ള സംസാരങ്ങളും പെരുമാറ്റവും അവസാനിപ്പിക്കുക.എന്തിനാണ് ഇത്തരം കരാറുകള്‍? അവള്‍ അവളുടെ ജീവിതം തുടര്‍ന്നും ജീവിക്കും എന്നൊരു ഒറ്റ വാക്ക് പോരെ അവിടെ? ആണിന് അവന്റെ യാതൊരു സൗകര്യങ്ങളും ഇഷ്ടങ്ങളും മാറ്റി വയ്‌ക്കേണ്ടതില്ലാത്ത ദാമ്പത്യത്തില്‍, സ്ത്രീക്ക് പഠിക്കാനും വളരാനും ജോലി ചെയ്യാനും അവന്‍ അനുവാദം കൊടുക്കണമെന്ന അഭ്യര്‍ത്ഥന തന്നെ തെറ്റാണ്.
- സ്വതന്ത്രമായി സഞ്ചരിക്കാന്‍,ലോകത്തെ അറിയാന്‍,വായിക്കാന്‍,നിയമങ്ങള്‍ പഠിക്കാന്‍ അതുവഴി സാമൂഹിക-സാംസ്‌കാരിക ഇടങ്ങളില്‍ ശബ്ദവും പ്രവര്‍ത്തിയും കൊണ്ട് തന്റെതായ പ്രാതിനിധ്യം ഉറപ്പിക്കുവാനുമുള്ള ആര്‍ജ്ജവം അവള്‍ സ്വയം ഉണ്ടാക്കിയെടുക്കണം. അവള്‍ക്ക് ഈ രീതിയില്‍ വളരാനും,പ്രോത്സാഹിപ്പിക്കാന്‍ വീടും സമൂഹവും ഒരുപോലെ അവസരങ്ങള്‍ നല്‍കുകയും ചെയ്യണം. സ്ത്രീയെ കഴിവുകളെ അംഗീകരിച്ച്,അതിലൂടെ ഉരുത്തിരിയുന്ന സാധ്യതകള്‍ തിരിച്ചറിഞ്ഞ്, അവ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ അഭിവാജ്യഘടകമാണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹമുണ്ടാവട്ടെ.
Content Highlights: womens day article about womens freedom and patriarchy