വയസ് 30 കഴിയണം, ബിരുദം വേണം; അന്ന് സ്ത്രീകള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ കടമ്പകളേറെയായിരുന്നു!

#സന്തോഷ് മാത്യു
വോട്ടവകാശത്തിനായി സ്ത്രീകള്‍ നടത്തിയ സമരത്തില്‍ നിന്ന്‌ | Photo: Museum of London
വോട്ടവകാശത്തിനായി സ്ത്രീകള്‍ നടത്തിയ സമരത്തില്‍ നിന്ന്‌ | Photo: Museum of London

ആകാശത്തിന്റെയും ഭൂമിയുടെയും എന്തിനേറെ പ്രപഞ്ചത്തിന്റെയും പാതിക്ക് ഉടമയാണ് വനിതകള്‍. അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായിട്ടാണ് അന്തര്‍ദേശീയ വനിതാ ദിനാചരണം നടത്തുന്നത്. 'വനിതകളെ ശാക്തീകരിക്കുക:പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന പ്രമേയം.

സ്ത്രീകള്‍ക്ക് വോട്ടവകാശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍പോലും പറ്റില്ലായിരുന്നു. 1918-ല്‍ ബ്രിട്ടനില്‍ ഭാഗികമായെങ്കിലും വോട്ടവകാശം സ്ത്രീകള്‍ നേടിയെടുത്തതോടെയാണ് ലോകമെങ്ങും ലിംഗഭേദമെന്യേ വോട്ടവകാശം വേണമെന്ന വാദത്തിന് ആക്കം കൂടുന്നതും. നൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലാതിരുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഒരു വനിതയാണ് -കമല ഹാരിസ്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ജനപ്രീതി നേടിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു. ബ്രിട്ടനില്‍ ഉരുക്ക് വനിതയായി പതിറ്റാണ്ടിലേറെ മാര്‍ഗരറ്റ് താച്ചര്‍ വാണു. ജസീന്ത ആന്‍ഡേഴ്‌സണ്‍ ലോക കാരുണ്യത്തിന്റെ മുഖമായി ന്യൂസിലാന്‍ഡ് ഭരിച്ചു,ഒരു വര്‍ഷം മുമ്പു വരെ.

1918 ഫെബ്രുവരി ആറിന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമമാണ് 30 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചത്. എന്നാല്‍ പുരുഷന്മാരുടെ വോട്ടിംഗ് പ്രായമാകട്ടെ 21ഉം. പിന്നെയും നിബന്ധനകള്‍ ഉണ്ടായിരുന്നു സ്ത്രീകള്‍ക്ക്. ബിരുദധാരിണി ആയിരിക്കണം, സ്വന്തം പേരില്‍ നിശ്ചിത സ്ഥാവര ജംഗമ വസ്തുക്കള്‍ ഉണ്ടായിരിക്കണം.

10 വര്‍ഷം കൂടി കഴിഞ്ഞ ശേഷമാണ് സാര്‍വത്രിക വോട്ടവകാശം പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത്. 1928ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമത്തിലൂടെയാണ് 21 വയസ്സായ എല്ലാ ബ്രിട്ടീഷ് പൗരത്വമുള്ള സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചത്. ഇതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച വോട്ടവകാശ പ്രസ്ഥാനത്തിന്റെ (suffrage movements) നായിക എമലൈന്‍ പാന്‍കൃസ്റ്റിന്റെ മരണത്തിന് ഏതാനും ആഴ്ചകള്‍ക്കകം സാര്‍വത്രിക വോട്ടവകാശം ബ്രിട്ടനില്‍ എല്ലാ സ്ത്രീകള്‍ക്കും ലഭിച്ചു. ഇത് ആ ധീരവനിതയോടുള്ള ആദരവ് കൂടിയായാണ് പരിഗണിക്കുന്നത്.

ബ്രിട്ടനിലെ ചരിത്ര നിയമത്തിന് 100 വയസ്സായി. ഈ ചരിത്രം രചിക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷത്തെ പോരാട്ടമാണ്. എമലൈന്‍ പാന്‍കൃസ്റ്റിനെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ചരിത്രം തള്ളിവിടുകയായിരുന്നു. ഏതായാലും തീവ്രനിലപാടുകള്‍ 1918ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ സ്ത്രീകള്‍ നല്‍കിയ പങ്കിനെ ആദരിച്ചാണ് വോട്ടവകാശം നല്‍കിയതെന്ന മറുവാദവും ഉണ്ട്. 1999ല്‍ ടൈം മാഗസിന്‍ 20-ആം  നൂറ്റാണ്ടിനെ സ്വാധീനിച്ച 100 വ്യക്തികളെ തെരഞ്ഞെടുത്തപ്പോള്‍ എമലൈനും ആ പട്ടികയില്‍ ഇടം നേടിയിരുന്നു. ഏതായാലും ബ്രിട്ടന്‍ നിയമങ്ങള്‍ ലോകത്തെമ്പാടും അലയൊലികള്‍ സൃഷ്ടിച്ചു. സോവിയറ്റ് യൂണിയന്‍ 1917ലും ജര്‍മനി 1918ലും ബ്രസീലും തായ്ലണ്ടും 1934ലും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. എന്നാല്‍ ഫ്രാന്‍സ് 1944 വരെ കാത്തുനിന്നു. 1971ല്‍ മാത്രമാണ് സ്വിറ്റ്സര്‍ലാണ്ട് വോട്ടവകാശം നല്‍കിയത്.

ലോകസാമൂഹ്യ വ്യവസ്ഥയെയും ലിംഗനീതിയേയും പുനര്‍നിര്‍വചിച്ച സ്ത്രീവോട്ടവകാശ നിയമങ്ങള്‍ക്ക് പിന്നില്‍ രക്തരൂക്ഷിതമായ സമരചരിത്രമുണ്ട്. വമ്പന്‍ റാലികള്‍ സംഘടിപ്പിച്ചും, റെയില്‍ ലൈനുകള്‍ ഉപരോധിച്ചും വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തും വൈദ്യുതി ലൈനുകള്‍ താറുമാറാക്കിയും ഒക്കെയാണ് സമരം നയിച്ചത്. തീവ്ര നിലപാടുകള്‍ക്ക് നേതൃത്വം നല്‍കിയതാവട്ടെ എമലൈന്‍ പാന്‍കൃസ്റ്റും. 1913ല്‍ എമിലി ഡേവിസണ്‍ എന്ന വനിത രക്തസാക്ഷിത്വം വഹിച്ചതോടെ യൂറോപ്പിലെമ്പാടും സാര്‍വത്രിക വോട്ടവകാശം സ്ത്രീകള്‍ക്കും കൂടി എന്ന മുദ്രാവാക്യത്തിന് ആക്കം കൂടി.

1893ല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന ന്യൂസിലാണ്ട് ആണ് സ്ത്രീകള്‍ക്ക് ലോകത്താദ്യമായി വോട്ടവകാശം നല്‍കിയത്. 1881ല്‍ ബ്രിട്ടന്റെ പുത്രികാരാജ്യമായി കണക്കാക്കിയിരുന്ന ഐല്‍ ഓഫ് മാന്‍ ഭാഗിക വോട്ടവകാശം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. 1895ല്‍ ഓസ്ട്രേലിയ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയെങ്കിലും 1921ല്‍ മാത്രമാണ് ഒരു വനിത പാര്‍ലമെന്റില്‍ എത്തുന്നത്. 1906ല്‍ ഫിന്‍ലാണ്ട് യൂറോപ്പില്‍ ആദ്യമായി സ്ത്രീള്‍ക്ക് വോട്ടവകാശം നല്‍കി.

1920ല്‍ 19-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. 248 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ വൈസ് പ്രസിഡന്റ് ആയി ആദ്യമെത്തുന്ന വനിത, ആ സ്ഥാനത്തു എത്തുന്ന ആദ്യ ഏഷ്യന്‍ വംശജ എന്നൊക്കെ കമലയെ വിശേഷിപ്പിക്കാം. കമലയുടെ അമ്മ ചെന്നൈ സ്വദേശിയായ ഡോ. ശ്യമള ഗോപാലന്‍ 1960-ലാണ് അമേരിക്കയില്‍ എത്തുന്നത്. അവര്‍ക്ക് ഡൊണാള്‍ഡ് ഹാരിസ് എന്ന സ്റ്റാന്‍ഫോര്‍ഡ്  യൂണിവേഴ്‌സിറ്റിയിലെ ജമൈക്കക്കാരനായ ഇക്കണോമിക്‌സ് പ്രൊഫെസ്സര്ക്കുണ്ടായ പുത്രിയാണ് കമല. അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയതാകട്ടെ 1961ലും.

കമലയുടെ ഭര്‍ത്താവ്  ഡഗ്ലസ് ഒരു അഭിഭാഷകനും ജൂത വംശജനുമാണ്. ഇതിനു മുന്‍പ് രണ്ടു വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി വന്നിട്ടുണ്ട്. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജുറാള്‍ഡിനെ ഫെററോ 1984ലും റിപ്പബ്ലിക്കന്‍ കഷികാരിയായ സാറാഹ്പാലിന് 2008 ലും.രണ്ടു പേരും പരാജയപ്പെട്ടു.

ദക്ഷിണേഷ്യയില്‍ 1931ല്‍ ശ്രീലങ്കയും 1932ല്‍ മാലിദ്വീപും 1963ല്‍ അഫ്ഗാനിസ്ഥാനും വോട്ടവകാശം നല്‍കി. സ്വാതന്ത്യപ്രാപ്തിയോടൊപ്പം ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. 1971ല്‍ ബംഗ്ലാദേശിലും സ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീകള്‍ക്ക്  വോട്ടവകാശവും ലഭിച്ചു. മാത്രമല്ല കഴിഞ്ഞ നാല് പതിറ്റാണ്ടായി അവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നതും സ്ത്രീകളാണ്. ഖാലിദ സിയയും, ഷേയ്ക്ക് ഹസീനും മാറി മാറി രാജ്യം ഭരിക്കുന്നു. 

ലോകത്താദ്യമായി അമ്മയും മകളും പ്രധാനമന്തിമാരായത് ശ്രീലങ്കയിലാണ്. സിരിമാവോ ഭണ്ടാരനായകെയും ചന്ദ്രികാ കുമാരതുംഗെയും. പാകിസ്താന്‍ പ്രധാനമന്ത്രിയായിരിക്കെ 1990ല്‍ പ്രസവിച്ച ബേനസീര്‍ ബൂട്ടോ ആണ് ആ പദവിയിലിരിക്കെ അമ്മയായ ആദ്യ വനിത. ഇന്ത്യയിലെ ഇന്ദിരാ ഗാന്ധിയും ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചറും ഉരുക്കു വനിതകളായിരുന്നു.

ജൊവാന്‍ ഒഫ് ആര്‍ക്ക്, ചരിത്രത്തിലെ ഏറ്റവും ധീരയായ വനിതയയാണ് കണക്കാക്കപ്പെടുന്നത് . പതിനാലാം നൂറ്റാണ്ടില്‍(1412 )ഫ്രാന്‍സ് ജന്മം കൊടുത്ത ഈ വീരാംഗന ഇന്നും ഫ്രഞ്ചുകാരുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ്. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലേര്‍പ്പെട്ട 100 വര്‍ഷ യുദ്ധത്തിന്റെ ഗതി മാറ്റി മറിക്കാന്‍ ജോനിനായി. ഇംഗ്ലീഷ് ആധിപത്യത്തില്‍ നിന്ന് ഫ്രാന്‍സിനെ രക്ഷിക്കാന്‍ 13-ആം  വയസില്‍ ആണ്‍വേഷം കെട്ടി യുദ്ധം നയിച്ച ജോന്‍ ഇംഗ്ലീഷുകാരെ വിറപ്പിക്കുക തന്നെ ചെയ്തു. വെളിപാടുകളുടെ അടിസ്ഥാനത്തില്‍ സൈനികരെ പ്രചോദിപ്പിച്ചു. 19-ാം വയസില്‍(1431) ശത്രുക്കള്‍ പിടികൂടി ചുട്ടുകൊന്നു. 500 വര്‍ഷത്തിന് ശേഷം 1920-ല്‍  ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ ജൊവാന്‍ ഒഫ് ആര്‍ക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. ജൊവാന്‍ ഒഫ് ആര്‍ക്കിനെ പഴയ ഫ്രഞ്ച് കോളനിയായ പോണ്ടിച്ചേരിയും സ്മരിക്കുന്നുണ്ട്. ബീച്ചിന് അഭിമുഖമായി നിലകൊള്ളുന്ന നോട്ടര്‍ഡാം പള്ളിയുടെ മുമ്പില്‍ ജൊവാന്‍ ഒഫ് ആര്‍ക്കിന്റെ പൂര്‍ണകായ പ്രതിമ നിരവധി സഞ്ചാരികളെയും ചരിത്രകുതികകളെയും ആകര്‍ഷിക്കുന്നു. 

സാര്‍വത്രിക വോട്ടവകാശം സ്ത്രീകള്‍ക്കും ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് 1918 ഫെബ്രുവരി ആറിലെ നിയമം. പീപ്പിള്‍സ് റപ്രസന്റേഷന്‍ ആക്ട് എന്നത് ബ്രിട്ടനിലെ വനിതകള്‍ക്ക് മാത്രമായുള്ള നിയമമായല്ല, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ആവേശമായുള്ളതാണ്. സ്ത്രീകളെ പുരുഷന് തുല്യമായി കാണണം എന്ന ചിന്ത വളര്‍ത്തിയെന്നതു കൂടിയാണ് ഈ ചരിത്ര പ്രഖ്യാപനത്തിന്റെ മഹത്വം.

1908 മാര്‍ച്ച് എട്ടിന് അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിലെ തുന്നല്‍ സൂചി നിര്‍മാണത്തൊഴിലാളികള്‍ തൊഴിലവകാശങ്ങള്‍ക്കും വോട്ടവകാശത്തിനുംവേണ്ടി ഐതിഹാസികമായ  പ്രതിഷേധം നടത്തി തെരുവിലിറങ്ങി. ഈ പ്രതിഷേധത്തെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിരവധി സ്ത്രീകള്‍ മര്‍ദനങ്ങള്‍ക്ക് ഇരയായി. അതിനെയെല്ലാം ചെറുത്ത് പരാജയപ്പെടുത്തിയ സ്ത്രീമുന്നേറ്റം ലോകശ്രദ്ധ പിടിച്ചുപറ്റി. 

1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് വിമന്‍സ് കോണ്‍ഫറന്‍സിലാണ് മാര്‍ച്ച് എട്ടിന് പ്രതിഷേധ സമരത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഈ ദിനം സാര്‍വദേശീയ വനിതാ ദിനമായി ആചരിക്കാനുള്ള ആഹ്വാനം ഉയര്‍ന്നത്. വനിതാ ദിനാചരണം 114 വര്‍ഷം പിന്നിട്ടിരിക്കുന്നു. സ്ത്രീ എന്ന ലിംഗവിഭാഗം നേരിടുന്ന തനതായ പ്രശ്നങ്ങളെക്കുറിച്ച് ചിന്തകള്‍ ഉയര്‍ന്നുവന്നത് ഫ്രഞ്ചുവിപ്ലവ കാലത്താണ്. അടിമവിരുദ്ധ കലാപങ്ങളിലും സ്ത്രീസ്വത്വം ഉയര്‍ന്നുനിന്നു. 1908 മാര്‍ച്ച് എട്ടിലെ ഐതിഹാസിക ന്യൂയോര്‍ക്ക് പ്രക്ഷോഭവും അടിച്ചമര്‍ത്തലും ചരിത്രം കുറിച്ചു. ഈ ദിനത്തെ വനിതാ വിമോചനത്തിന്റെ അടയാളമാക്കാന്‍ കോപ്പന്‍ഹേഗനില്‍ 1910-ല്‍ ചേര്‍ന്ന രണ്ടാം സോഷ്യലിസ്റ്റ് വിമന്‍സ് കോണ്‍ഫറന്‍സാണ് തീരുമാനിച്ചത്.

ഇപ്പോഴും സാര്‍വത്രിക വോട്ടവകാശം വിദൂരമായ രാജ്യങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും പരിമിതമായ വോട്ടവകാശമേ സ്ത്രീകള്‍ക്കുള്ളൂ. ഏറെ പുരോഗതി പ്രാപിച്ച യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പോലും പരിമിതമായ വോട്ടിംഗ് അവകാശമേ ഉള്ളൂ. ബ്രൂണെ പോലെ സുല്‍ത്താന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളിലും സാര്‍വത്രിക വോട്ടവകാശം ഇന്നും വിദൂരസ്വപ്നമാണ്.

ലിംഗസമത്വമെന്ന സ്വപ്നത്തിലേക്കെത്താന്‍ ലോകം ഇനിയും 132 കൊല്ലം കാത്തിരിക്കണമെന്നാണ് ലോകസാമ്പത്തികഫോറം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട 'ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്' റിപ്പോര്‍ട്ടില്‍ പറയുന്നത്.രാഷ്ട്രീയരംഗത്ത് ഒപ്പമെത്താന്‍ 155 വര്‍ഷവും സാമ്പത്തികമേഖലയിലെ തുല്യതയ്ക്കായി 151 വര്‍ഷവും പിന്നിടണം.സ്ത്രീകള്‍ക്കുമാത്രമായി എന്തിനൊരു ദിനാചരണമെന്ന ചോദ്യത്തിന് ഈ കണക്കുകള്‍ ഉത്തരംപറയുന്നു. നീണ്ട ചരിത്രഗതിയിലൂടെയാണ് വനിതാശാക്തീകരണമെന്ന ആശയം മുന്നേറിയത്.എന്നാല്‍, സ്ത്രീപദവി ഇപ്പോഴും എവിടെ നില്‍ക്കുന്നുവെന്ന ചോദ്യം ഓരോ വനിതാദിനത്തിലും പ്രസക്തമാകുന്നു.
 

Content Highlights: history of women empowerment, women's day, struggles of women for equal rights