വയനാട് ഉരുൾപൊട്ടൽ ദുരന്തം: ദത്തെടുക്കലിനുള്ള മാർഗനിർദേശങ്ങൾ വിശദീകരിച്ച് ചൈൽഡ് പ്രൊട്ടക്‌ഷൻ വിഭാഗം

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ ഏറ്റെടുക്കാമെന്ന പേരിൽ ഒട്ടേറെ അന്വേഷണങ്ങളെത്തുന്ന സാഹചര്യത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെ ക്കുറിച്ച് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ വിഭാഗം വിശദീകരിച്ചു.
ദത്തെടുക്കലിന് പിൻതുടരേണ്ട സർക്കാർ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാകൂ. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ല.
മാതാപിതാക്കളെ നഷ്ടപ്പെട്ടതും സംരക്ഷണവും കരുതലും ആവശ്യമായ കുഞ്ഞുങ്ങളെ 2015-ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത്. സെന്റർ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർദിഷ്ട മാനദണ്ഡങ്ങൾക്ക് വിധേയമായി യോഗ്യരായവർക്കാണ് കുട്ടികളെ ദത്തെടുക്കാൻ കഴിയുക.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയതും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷിച്ച് വരുന്നതുമായ ആറ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കുടുംബാന്തരീക്ഷം ഒരുക്കുന്നതിനും താത്കാലികമായ ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റി വളർത്തുന്നതിനും നിയമപ്രകാരം സാധിക്കും. ബാലനീതി നിയമം 2015, അഡോപ്ഷൻ റെഗുലേഷൻ 2022 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണിത്. htt://cara.wcd.gov.in വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ: ചൈൽഡ് വെൽഫെയർ കമ്മിറ്റി - 04936 285050, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് - 04936 246098.
Content Highlights: Wayanad landslide: Child Protection Department explains adoption guidelines