സുരക്ഷിതമല്ല പതിമൂന്ന് ജില്ലകള്‍, അപകടമുനയിലാണ് കേരളം, മുന്നിലുണ്ട് കേദാര്‍നാഥ്

ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായ തൊണ്ണൂറ്റിയൊമ്പതിലെ (കൊല്ലവര്‍ഷം 1099) വെള്ളപ്പൊക്കത്തിന് നൂറു വര്‍ഷം തികഞ്ഞിട്ട് ദിവസങ്ങളാവുന്നേയുള്ളൂ. പിന്നീടുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തം 2018-ലെ മഹാപ്രളയമായിരുന്നു. അതിനുശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ കേരളം സാക്ഷിയാവുന്നത്. വയനാട്ടിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഒരു ദിവസം തികയുമ്പോള്‍ 150 കവിഞ്ഞു കഴിഞ്ഞു. സമാനതകളില്ലാത്ത ദുരന്തക്കാഴ്ചകളാണ് എവിടെയും.
1924 കര്‍ക്കിടകം ഒന്നിന് (ജൂലായ് 14) തുടങ്ങി മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത പേമാരിയും പ്രളയവും കേരളത്തിലെ താഴ്ന്ന ഭാഗങ്ങളെ മുഴുവന്‍ വെള്ളത്തിലാക്കി. മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായ പ്രളയത്തില്‍ മരിച്ചവര്‍ എത്രയെന്ന് കണക്കില്ല, ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് കണക്കില്ല. കേട്ടറിഞ്ഞ ആ പേടിസ്വപ്നം എത്ര ഭയാനകമായിരുന്നുവെന്ന് മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തത് 2018-ലെ പ്രളയമാണ്. 450 പേര്‍ മരിച്ച ഈ പ്രളയത്തില്‍ 14.57 ലക്ഷം ആളുകള്‍, 3,91,494 കുടുംബങ്ങള്‍ ക്യാമ്പുകളിലായി. 15,272 വീടുകള്‍ പൂര്‍ണമായും 2.53 ലക്ഷം വീടുകള്‍ ഭാഗികമായും നശിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായെന്ന് സര്‍ക്കാര്‍ കണക്കുകള്‍. പ്രളയദുരിതമുണ്ടാക്കിയ മാനസിക അസ്വാസ്ഥ്യങ്ങളും നിസ്സാരമായിരുന്നില്ല.
Content Highlights: wayand landslide, landslip, chooralmala, mundakkai, western ghats