അന്ന് മാവോയിസ്റ്റ് വേട്ട, ഇന്ന് രക്ഷകവേഷം, ദുരന്തമുഖത്ത് തണ്ടർബോൾട്ടിൻ്റെ വേറിട്ട മുഖം

തണ്ടർബോൾട്ട് അംഗങ്ങൾ പോത്തുകല്ലിൽ ശരീരാവശിഷ്ടങ്ങൾ കൊണ്ടുപോവുന്നു
തണ്ടർബോൾട്ട് അംഗങ്ങൾ പോത്തുകല്ലിൽ ശരീരാവശിഷ്ടങ്ങൾ കൊണ്ടുപോവുന്നു

മാവോയിസ്റ്റുകൾക്കുവേണ്ടിയല്ല, ഉരുൾ ചവിട്ടിക്കുഴച്ചിട്ട മണ്ണിൽ അവശേഷിക്കുന്ന  ജീവനുകൾക്കുവേണ്ടിയാണ് അവരിപ്പോൾ തിരച്ചിൽ നടത്തുന്നത്. ഛിന്നിച്ചിതറി പുഴയിലൊഴുകിയെത്തുന്ന ജഡങ്ങൾക്കും ശരീരാവശിഷ്ടങ്ങൾക്കുംവേണ്ടിയാണ് ഇവർ ഇപ്പോൾ ചാലിയാർ പുഴയിൽ അലയുന്നത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അഥവാ എസ്.ഒ.ജി. എന്ന കേരള പോലീസിന്റെ പ്രത്യേക സേനയിലെ അംഗങ്ങളാണിവർ. തണ്ടർബോൾട്ട് എന്ന പേരിലാണ് ഇവരുടെ പ്രശസ്തി. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ വലിയ വിമർശനം നേരിടുന്ന സേനയുടെ പുതിയൊരു മുഖമാണ് ഇപ്പോൾ മുണ്ടക്കൈയിലും ചൂരൽമലയിലും പോത്തുകല്ലിലുമെല്ലാം കാണുന്നത്.

സൈന്യത്തിനും എൻ.ഡി.ആർ.എഫിനും അഗ്നിസുരക്ഷാസേനയ്ക്കുമെല്ലാമൊപ്പം കൈ മെയ്  മറന്ന്  ഇവരും സജീവമാണ് ദുരന്തമുഖത്ത്. മുണ്ടക്കൈയിൽ മാത്രമല്ല, നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാർ നദിയില്‍ നിന്ന് മൃതദേഹം വീണ്ടെടുക്കുന്നതിനും നേതൃത്വം കൊടുക്കുന്നതും എസ്.ഒ.ജിയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിപ്പോയ മൂന്ന് യുവാക്കളെ രക്ഷിക്കുന്നതിലും ഇവരുണ്ടായിരുന്നു മുൻപന്തിയിൽ.

കോഴിക്കോട്, കണ്ണൂര്‍, അരീക്കോട്, വയനാട് യൂണിറ്റിലെ 140 പേരടങ്ങുന്ന സംഘമാണ് വയനാട് രക്ഷാദൗത്യത്തില്‍  ഏര്‍പ്പെട്ടിരിക്കുന്നത്. എസ്.ഒ.ജി എസ്പി തബോഷ് രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ ടീം അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ദുരന്തമുഖത്തുണ്ട്. 

പരിചിതമായ ഭൂമി

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾ പൊട്ടിയെന്നറിഞ്ഞപ്പോള്‍ ആദ്യം സംഭവസ്ഥലത്തേക്ക് എത്തിയത് വയനാട് യൂണിറ്റിലെ 30 അംഗ സംഘമായിരുന്നു. മാവോയിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരവധി തവണ എത്തിയിട്ടുള്ളതിനാല്‍ തന്നെ ദുരന്തഭൂമിയുടെ ഭൂപ്രകൃതിയെക്കുറിച്ച് സംഘത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏറെ നിര്‍ണായകമായി. സംഘത്തിലെ രണ്ടംഗങ്ങള്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിന് തൊട്ടുതാഴെ വരെ എത്തി. ട്രീവാലി റിസോര്‍ട്ടിനും പുഞ്ചിരിമറ്റത്തിനും ഇടയിലുള്ള പ്രദേശത്തുകൂടി കലിയടങ്ങാതെ അലറിയൊഴുകിയ മലവെള്ളപ്പാച്ചിലും താണ്ടി രണ്ടുപേർ മറുകരെയെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ ആദ്യം എത്തുന്നതും ഇവരാണ്. കമുകും മരത്തടിയും വിലങ്ങനെയിട്ടു, കൈവശമുണ്ടായിരുന്ന കയര്‍ അരയില്‍ ചുറ്റിയാണ് ഇരുവരും മറുകരയെത്തിയത്. പ്രദേശവാസിയായ യുവാവിന്റെ സഹായത്തോടെ ഇവര്‍ ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീടാണ് ഇവിടേയ്ക്ക് മറ്റ് സേനാവിഭാഗങ്ങള്‍ എത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യഘട്ടത്തില്‍ ഏകദേശം 200 ഓളം പേരെയാണ് എസ്.ഒ.ജിയുടെ കമാൻഡോകൾ മുണ്ടക്കൈയില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

തണ്ടർബോൾട്ട് സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ

മരപ്പാലത്തിന് പിന്നിലും എസ്.ഒ.ജി

മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേയ്ക്ക് മരപ്പാലം നിര്‍മ്മിക്കാനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചതും എസ്.ഒ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇവർക്ക് സഹായവുമായി അഗ്നിരക്ഷാസേനയും ഉണ്ടായിരുന്നു. പിന്നീടാണ് എന്‍ഡിആര്‍എഫും സൈന്യവും ഇവിടേയ്ക്ക് എത്തുന്നത്. 

മൃതദേഹങ്ങള്‍ തേടിയും അലച്ചിൽ

മുണ്ടക്കൈയില്‍ നിന്ന് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാര്‍ പുഴയിലും ചാലിയാറിന്റെ കരയിലുള്ള വനങ്ങളിലും ഈ സേന സജീവമായിരുന്നു. വനമേഖല കൈവെള്ള പോലെ അറിയാവുന്ന എസ്.ഒ.ജിയുടെ അനുഭവ സമ്പത്ത് ഇവിടെയും മുതല്‍കൂട്ടായി. രൗദ്രഭാവത്തില്‍ ഒഴുകുന്ന ചാലിയാര്‍ കടന്ന് മറുകരയിലുള്ള മൃതദേഹങ്ങള്‍ വീണ്ടെടുത്തതും എസ്.ഒ.ജിയാണ്. ആദ്യ ഘട്ടത്തില്‍ മേഖലയില്‍  തിരച്ചില്‍  നടത്തിയ എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സിനും മുന്നില്‍ കുത്തിയൊഴുകുന്ന ചാലിയാറും മറുകരയിലുള്ള കുമ്പളപ്പാറ കോളനിയും വെല്ലുവിളിയായപ്പോള്‍ ആ രക്ഷാദൗത്യം എസ്.ഒ.ജി ഏറ്റെടുത്തു. നിലമ്പൂര്‍ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്  അവരുടെ ഡിങ്കി ബോട്ടില്‍ ചാലിയാര്‍ കടത്തി. സംഘാംഗങ്ങള്‍ ഒന്‍പത് കിലോമീറ്ററുകള്‍ കൊടുംവനത്തിലൂടെ കുമ്പളപ്പാറ കോളനി ലക്ഷ്യമാക്കി നടന്നു. അഞ്ച് പേരടങ്ങുന്ന ടീം രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്ന് മൃതദേഹങ്ങളുമായി തിരിച്ചെത്തി. 30 പേരടങ്ങുന്ന സംഘം ദുരന്തം നടന്ന് നാല് ദിവസം പിന്നിടുമ്പോള്‍ ചാലിയാറില്‍ തിരച്ചിലിനായി സജീവമായുണ്ട്.

തണ്ടർബോൾട്ട് അംഗങ്ങളും അഗ്നിരക്ഷാസേനയും മുണ്ടക്കൈയിൽ താത്കാലിക പാലം പണിയുന്നു

കാടിനെ അറിയാം മലകളെയും

കാടിനെ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നതുകൊണ്ടുതന്നെ ഉരുള്‍പൊട്ടല്‍ ചിതറിത്തെറിപ്പിച്ച മൃതദേഹങ്ങളെ കാട്ടിൽ നിന്ന് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തിൽ എസ്.ഒ.ജി യുടെ പങ്ക് വലുതാണ്. നിലമ്പൂര്‍, വയനാട് വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കപ്പെടുന്ന ഇടങ്ങളായത് കൊണ്ടുതന്നെ ഈ മേഖലകളിൽ എസ്ഒജി ടീമിന്റെ നിരീക്ഷണം ശക്തമാണ്. നേവി ഹെലികോപ്റ്ററില്‍ എത്തി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള വനാന്തരങ്ങളില്‍ വളരെ എസ്ഒജി മുണ്ടക്കൈയ്ക്കാരെ തിരഞ്ഞു. പര്‍വതാരോഹണത്തിലും എസ്ഒജി അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏത് വലിയ മലകളെയും ഇവര്‍ക്ക് കീഴടക്കാം. തണ്ടര്‍ബോള്‍ട്ടിന്റെ പ്രത്യേക പരിശീനം ലഭിച്ചിട്ടുള്ളതിനാല്‍ തന്നെ കാട്ടിലെ അപകടങ്ങള്‍ മാത്രമല്ല നാട്ടിലെ അപകടങ്ങളിലും ഇവര്‍ക്ക് രക്ഷകരായി എത്താനാകും.

കവളപ്പാറയിലും

2019ല്‍ ഉരുള്‍പൊട്ടലുണ്ടായപ്പോഴും രക്ഷാദൗത്യത്തിലും എസ്.ഒ.ജിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഈ അനുഭവം വയനാട്ടിലും ടീമിന് മുതല്‍ക്കൂട്ടായി. മാവോയിസ്റ്റ് വേട്ട ലക്ഷ്യമാക്കി രൂപീകരിച്ച വിഭാഗമായതിനാല്‍ തന്നെ ദുരന്തമുഖത്ത് പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണങ്ങളുടെ അപര്യാപ്തത മാത്രമാണ് ഇവര്‍ നേരിടുന്ന ഏക വെല്ലുവിളി.

Content Highlights: Wayanad rescue by Thunderbolt team by Kerala Police