തിരഞ്ഞെടുപ്പുകളിലെ വി.എസ്; അമ്പലപ്പുഴ മുതല്‍ മലമ്പുഴ വരെ

വി.എസ് അച്യുതാനന്ദന്‍ |ഫോട്ടോ: മാതൃഭൂമി
വി.എസ് അച്യുതാനന്ദന്‍ |ഫോട്ടോ: മാതൃഭൂമി

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവാ വി.എസ്. അച്യുതാനന്ദന്‍ എന്ന പേരിന് അണികളുടെ ആവേശം എന്ന് മറ്റൊരര്‍ഥം കൂടിയുണ്ട്. 1967-ലാണ് അച്യുതാനന്ദന്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ  എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് അച്യുതാനന്ദന്‍ നിയമസഭയുടെ പടികള്‍ കയറിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കന്നിയങ്കം അതായിരുന്നില്ല. 1965ല്‍ സ്വന്തം വീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കായിരുന്നു തോല്‍വി.

പിന്നീട് 1970, 1991, 2001, 2006, 2011, 2016 തുടങ്ങിയ വര്‍ഷങ്ങളില്‍ അച്യുതാനന്ദന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1970-ല്‍ ആര്‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോല്‍പ്പിച്ചത്. എന്നാല്‍ 1977-ല്‍ കുമാരപിള്ളയോട് തന്നെ 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിന് ശേഷം കുറേക്കാലം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ അച്യുതാനന്ദന്‍ ഒതുങ്ങിക്കഴിഞ്ഞു. തുടര്‍ന്ന് 1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്‍പിച്ചു.

ചില പരാജയങ്ങള്‍ ചിലരെ അതിശക്തരാക്കി മാറ്റാറുണ്ട്. അത്തരമൊരു പരാജയം വി.എസിന് 1996-ല്‍  രുചിക്കേണ്ടിവന്നു. സത്യത്തില്‍ വി.എസിന്റെ പരാജയം അദ്ദേഹത്തേക്കാള്‍ ഞെട്ടിച്ചത് കേരളത്തിലെ പാര്‍ട്ടിയെയായിരുന്നു. മാര്‍ക്‌സിസ്റ്റ്  പാര്‍ട്ടിയുടെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ പാര്‍ട്ടി അന്വേഷണം നടത്തി. പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പുറകിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അച്യുതാനന്ദനെ അനൗദ്യോഗികമായി അംഗീകരിച്ചിരുന്ന സമയത്താണ് മാരാരിക്കുളത്ത് അദ്ദേഹം പരാജയപ്പെടുന്നത്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ വളരുന്നത് തടയിടാന്‍ നടത്തിയ ചിലരുടെ നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചെങ്കിലും അച്യുതാനന്ദന്‍ എന്ന പേര് പാര്‍ട്ടിക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നായി മാറി. 1996-ല്‍ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വി.എസ്. വെട്ടിനിരത്തിയെന്ന ആരോപണം പിന്നാലെയുണ്ടായി. എന്നാല്‍ വിമര്‍ശനങ്ങളില്‍ പതറാതെ വി.എസ് മുന്നോട്ടുനീങ്ങി.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മാറി പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലേക്ക് വി.എസ് ചുവടുമാറ്റി. അവിടെയും വി.എസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.  വി.എസിനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ണൂരില്‍ നിന്ന് സതീശന്‍ പാച്ചേനിയെ ഗോദയിലിറക്കി. അതുവരെ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്ന മലമ്പുഴ മണ്ഡലത്തില്‍ പാച്ചേനിക്കെതിരെ 4703 വോട്ടിന്റെ ഭൂരിപക്ഷമേ വി.എസിന് നേടാനായുള്ളു. 2006ല്‍ ഇതേ മണ്ഡലത്തില്‍ ഇതേ എതിരാളിയെ 20,017 വോട്ടുകള്‍ക്കു തോല്‍പിച്ചാണ് വി.എസ്. പാര്‍ട്ടിയുടെ അഭിമാനം കാത്തത്. 2001മുതല്‍ 2016 വരെ തുടര്‍ച്ചയായി മലമ്പുഴ മണ്ഡലത്തെ വി.എസ് പ്രതിനിധീകരിച്ചു.

പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദന്‍ അധികാരപദവികള്‍ വഹിച്ചത് വളരെ കുറഞ്ഞ കാലയളവ് മാത്രമാണ്. 1967ലും 2006-ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ല്‍ കന്നിക്കാരനായിരുന്നതിനാല്‍ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ല്‍ സി.പി.എമ്മിന്റെ  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതു നടക്കാതെപോയി. 2016 ല്‍ വി.എസ്. ജയിച്ചെങ്കിലും പിണറായി വിജയന്‍ ആണ് മുഖ്യമന്ത്രിയായത്.  

2006-ലെ തെരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി നിലപാട്. എന്നാല്‍ 2006 ലെ മിന്നുന്ന വിജയത്തിന് പിന്നാലെ വിഎസ് മുഖ്യമന്ത്രിയാകുമെന്ന ചിന്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്ന് തീരുമാനം വൈകിയത് പ്രതിഷേധത്തിന് കാരണമായി. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ജാഥകള്‍ കേരളത്തില്‍ നടന്നു എന്നത് ചരിത്രം. പിന്നാലെ ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ പാര്‍ട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാര്‍ട്ടി തീരുമാനിച്ചുവെങ്കിലും ജനസ്വീകാര്യത കണക്കിലെടുത്ത് പിന്നീട് പാര്‍ട്ടി നിലപാട് മാറ്റി.

Content Highlights: VS Achuthanandan`s electoral journey, from his first win in 1967 to his chief ministership in 2006