'മറഞ്ഞത് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ പങ്കുവഹിച്ച നേതാവ്'; വി.എസിനെ അനുസ്മരിച്ച് നേതാക്കൾ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകള്‍ ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ പൂർത്തിയായതിനു പിന്നാലെ നടന്ന അനുശോചന സമ്മേളനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നേതാക്കൾ.
കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും ജനാധിപത്യ ശക്തികള്‍ക്കും വലിയ നഷ്ടമാണ് വി.എസിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ചവരിലൊരാളാണ് വി.എസ്. സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ഇഴചേര്‍ന്നാണ് ആ ജീവിതം നമുക്ക് കാണാനാവുക. സര്‍ സി.പിക്കു നേരെ 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ഐതിഹാസിക സമരം നടത്തിയ പുന്നപ്ര-വയലാര്‍ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരുന്നു വിഎസിന്റെ ജീവിതം. തൊഴിലാളി സംഘടനയെയും കര്‍ഷക പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം, മുഖ്യമന്ത്രി പറഞ്ഞു.
അധഃസ്ഥിത വിഭാഗത്തോട് ചേര്‍ന്നുള്ള നടപടികളാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ നേതാക്കളിലൊരാളാണ് അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോയി നേതൃനിരയില്‍ അസാമാന്യ മികവ് തെളിയിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജീവിതം മുഴുവന്‍ പോരാട്ടമാക്കി മാറ്റിയ നേതാവായിരുന്നു വി.എസെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വി.എസുമായി നമുക്കെല്ലാവര്‍ക്കും ഒരുപാട് ഓര്‍മകളുണ്ട്. ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വി.എസ്. ഉണ്ടായത്. പോരാട്ടത്തിലൂടെ അവകാശം നേടിയെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളെ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. കര്‍ഷകത്തൊഴിലാളികള്‍ക്ക് സംഘടനയുണ്ടാക്കി. അടിമസമാനമായ ജീവിതത്തില്‍നിന്ന് അവകാശം ചോദിച്ചുവാങ്ങാന്‍ കഴിയുന്നവരാക്കി കര്‍ഷകരെ മാറ്റിയത് വിഎസാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന്റെ നഷ്ടം നികത്താനാവുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അനുശോചിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. തുടങ്ങിയവരും അനുശോചന പ്രസംഗം നടത്തി. വിവിധ മന്ത്രിമാർ, എംപിമാർ,എംഎൽഎമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: VS Achuthanandan's Funeral Held in Alappuzha: Leaders Reflect on His Contributions to Kerala