എന്നും സ്നേഹം പകര്‍ന്നുതന്ന നേതാവ്- ബി.രവിപിള്ള

മനാമ: ഭരണാധികാരി എന്ന നിലയിലും ജനനേതാവ് എന്ന നിലയിലും എന്നും വലിയ സൗഹൃദവും സ്നേഹവും പകര്‍ന്നുതന്ന വ്യക്തിയായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് പ്രവാസി വ്യവസായിയും ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി. രവിപിള്ള അനുസ്മരിച്ചു.
''കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തതില്‍ വി.എസിന്റെ ഇടപെടലുകള്‍ ഏറെ വലുതാണ്. ജനകീയ സമരങ്ങളിലൂടെയും ജനനേതാവ് എന്ന നിലയിലും അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. പ്രവാസി വ്യവസായി എന്ന നിലയില്‍ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുമ്പോള്‍ വലിയ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ച കൊല്ലത്തെ അഷ്ടമുടി റാവിസിന്റെ ഉദ്ഘാടന വേളയില്‍ അപ്രതീക്ഷിതമായി അദ്ദേഹം എത്തിച്ചേര്‍ന്നത് ഞങ്ങള്‍ക്ക് വലിയ ആഹ്ലാദം നല്‍കിയ കാര്യമായിരുന്നു. ദുര്‍ബല വിഭാഗക്കാര്‍ക്കായി രവിപിള്ള ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കാരുണ്യാരവം പദ്ധതിയിലെ സഹായധന വിതരണത്തില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം വളരെ താല്‍പ്പര്യത്തോടെയാണ് പങ്കെടുത്തത്. സഹായധനത്തിന്റെ വിതരണചടങ്ങിലും അദ്ദേഹം സംബന്ധിച്ചു. അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കേരളത്തിലേക്ക് പോകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദേഹാസ്വാസ്ഥ്യം കാരണം അവിടെ എത്താന്‍ കഴിയാത്തതില്‍ ഏറെ പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും ജ്വലിച്ചുനില്‍ക്കും. കേരളം എന്നും ഓര്‍ക്കുന്ന ജനനായകനായ വിഎസിന് മുന്നില്‍ പ്രണാമം'', രവിപിള്ള പറഞ്ഞു.
Content Highlights: Dr. B. Ravi Pillai, Chairman of RP Group, fondly remembers VS Achuthanandan`s support