110 പേജ് മാത്രമുള്ള നോവലെഴുതാന്‍ 14 വര്‍ഷമെടുത്ത സ്‌കാര്‍മേറ്റ; എന്തെന്നാല്‍ നെരൂദയാണ് കഥാപാത്രം!

ലഹരിയാണ്, ആനന്ദമാണ് എന്നൊക്കെ പറയുമെങ്കിലും ജീവിതമങ്ങനെ തട്ടിയും തടഞ്ഞും ഒഴുകുന്നതിനിടയില്‍ ചിലപ്പോള്‍ വായന വഴിമുട്ടി നില്‍ക്കാറുണ്ട്. വായിക്കാനെടുത്ത പുസ്തകം ഒരു പത്തുപേജിനപ്പുറം നീങ്ങാത്ത അവസ്ഥ. ചെറിയ പനി വരുമ്പോള്‍ ഒരു ഡോളോ 650 വിഴുങ്ങി വീണ്ടും എന്‍ജിന്‍ ചൂടാക്കിയെടുക്കുന്നതു പോലെ, വായനയിലെ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ചില ഒറ്റമൂലി പ്രയോഗങ്ങള്‍ ഉണ്ട്. ഏതു കാലത്തും കയ്യിലെടുത്താല്‍ നിലത്തുവയ്ക്കാതെ വായിക്കാവുന്ന ചില പുസ്തകങ്ങള്‍ കയ്യെത്തും ദൂരത്തുണ്ടാവും. വലിപ്പം കൊണ്ട് ഭയപ്പെടുത്താത്ത, ഭാഷ കൊണ്ട് കീഴ്‌പ്പെടുത്തുന്ന മനോഹരമായ ചില ചെറു ഗ്രന്ഥങ്ങള്‍. എന്റെ വ്യക്തിപരമായ ഇഷ്ടം ആണെന്നു പറഞ്ഞാല്‍ കൂടി വിശ്വസാഹിത്യത്തിന്റെ മേല്‍ത്തട്ടില്‍ തന്നെ ഇടം പിടിച്ചിട്ടുള്ള മനോഹരങ്ങളായ ചില പുസ്തകങ്ങള്‍.
ഏണസ്റ്റോ സബാട്ടോയുടെ ടണല്‍, പാര്‍ ലാഗര്‍ ക്വിസ്റ്റിന്റെ ബറബാസ്, ബേണ്‍ഹാറ്റ് ഷ്‌ലിങ്കിന്റെ ദ് റീഡര്‍...
ഇത്തവണ വായന വഴി മുട്ടിയപ്പോള്‍ കയ്യിലെടുത്തത് ഈ ഗണത്തില്‍ പെടുന്ന മറ്റൊരു മനോഹര ഗ്രന്ഥമാണ്. അന്റോണിയോ സ്‌കാര്‍മേറ്റയുടെ 'ദ് പോസ്റ്റ് മാന്‍.'
സാല്‍വദോര്‍ അയേന്ദെയുടെ ജനാധിപത്യ ഗവണ്‍മെന്റിനെ പട്ടാള വിപ്ലവത്തിലൂടെ പുറത്താക്കി ജനറല്‍ പിനോച്ചെ അധികാരത്തില്‍ വന്നപ്പോള്‍ ജന്മനാടായ ചിലിയില്‍ നിന്നു നാടുവിട്ട സ്‌കാര്‍മേറ്റ 1985-ല്‍ എഴുതിയ നോവലാണ് The Postman. ആദ്യ ഇംഗ്ലീഷ് പരിഭാഷ 1987-ല്‍ Burning Patience എന്ന പേരിലാണ് പുറത്തുവന്നത്.
ചിലിയിലെയും ലോകസാഹിത്യത്തിലെയും എക്കാലത്തെയും മഹാനായ കവിയായ പാബ്ലോ നെരൂദയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. വെറും 110 പേജ് മാത്രമുള്ള ഈ പുസ്തകം എഴുതാന്‍ താന്‍ 14 വര്‍ഷം എടുത്തു എന്ന് സ്‌കാര്‍മേറ്റ പറയുന്നു. ഇതേ കാലയളവില്‍ തൊട്ടടുത്ത ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ മഹാ സാഹിത്യകാരന്‍ മരിയോ വര്‍ഗാസ് യോസ തന്റെ പ്രകൃഷ്ട കൃതികളായ വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദ് വേള്‍ഡും കോണ്‍വര്‍സേഷന്‍ ഇന്‍ ദ് കത്തീഡ്രലുമടക്കം നാല് നോവലുകള്‍ എഴുതിയതായും അദ്ദേഹം ഫലിതരൂപേണ പറയുന്നു.
നോവല്‍ ആരംഭിക്കുന്നത് 1969- ലാണ്. നൊബേൽ പുരസ്‌കാരത്തിനായി നെരൂദയുടെ പേര് സജീവമായി പരിഗണിക്കപ്പെടുന്ന കാലമാണ്. മരിയോ ഹിമനേത് എന്ന അലസനായ ചെറുപ്പക്കാരന്‍ യാദൃച്ഛികമായി കണ്ട ഒരു പരസ്യത്തില്‍ ആകൃഷ്ടനായി തപാല്‍ ജോലിക്കായി എത്തുന്നു. ആ നാട്ടില്‍ ഒരേയൊരാള്‍ക്കു മാത്രമാണ് കത്തുകള്‍ വരുന്നത്. തന്റെ ഇടപാടുകാരന്‍ മഹാകവി നെരൂദയാണെന്നറിയുന്നതോടെ മരിയോ ഉല്‍സാഹഭരിതനാവുന്നു.
കത്തുകള്‍ സ്ഥിരമായി നല്‍കുന്നതിനിടയില്‍ മരിയോ കവിയുമായി അടുപ്പത്തിലാവാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ മരിയോ നെരൂദയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. കവിയുടെ കവിതകളില്‍നിന്ന് വരികളും ബിംബങ്ങളും ഉദ്ധരിച്ച് കവിയുടെ പ്രീതി പിടിച്ചു പറ്റുന്ന മരിയോ ഒരിക്കല്‍ കവിയോട് തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നു:
നെരൂദ മരിയോയോട് ചോദിച്ചു. നീ അവളോട് എന്തു പറഞ്ഞു.
മരിയോ: ഞാന്‍ ആകെ പറഞ്ഞത് അഞ്ചു വാക്കുകളാണ്.
നെരൂദ: അഞ്ച് വാക്കുകളോ?
മരിയോ: അതെ, എന്താണ് നിന്റെ പേര്?
നെരൂദ: അതില്‍ മൂന്ന് വാക്കുകളല്ലേ ഉള്ളത്?
മരിയോ: അപ്പോള്‍ അവള്‍ മറുപടി പറഞ്ഞു. ബിയാട്രിസ് ഗോണ്‍സാലസ്. അതു കേട്ടയുടന്‍ ഞാന്‍ ആ രണ്ടു വാക്കുകള്‍ ആവര്‍ത്തിച്ചു. ബിയാട്രിസ് ഗോണ്‍സാലസ്.
ഇത്തരം രസകരമായ സംഭാഷണങ്ങളാണ് നോവലില്‍ നിറയെ. ബിയാട്രിസിന്റെ അമ്മ റോസ ഗോണ്‍സാലസ് മകളുടെ മരിയോയുമായുള്ള അപക്വ പ്രണയത്തെക്കുറിച്ച് സംസാരിക്കാന്‍ നെരൂദയെ കാണാന്‍ വരുന്ന രംഗവും ചിരിയോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. യാത്ര പറഞ്ഞിറങ്ങുന്നതിനു മുന്‍പ് അവര്‍ കവിയോട് പറയുന്നുണ്ട്; മരിയോ കവിയുടെ കവിതകളെ മോഷ്ടിച്ച് സ്വന്തമെന്ന നിലയില്‍ പറഞ്ഞു നടക്കുന്നുണ്ട് എന്ന്.
ബിയാട്രിസുമായുള്ള പ്രണയത്തില്‍ നെരൂദയുടെ സഹായം തേടുന്നുണ്ട് മരിയോ. ഒരു ചെറുചിരിയോടെയല്ലാതെ രതിവര്‍ണനകള്‍ പോലും വായിച്ചു തീര്‍ക്കാനാവില്ല.
മരിയോയും ബിയാട്രിസും വിവാഹിതരാവുന്നതിനൊപ്പം നെരൂദ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫ്രാന്‍സിലേക്ക് അംബാസഡര്‍ ആയി പോവുന്നു.
പതിവുപോലെ, ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ ഒഴിവാക്കാനാവാത്ത രാഷ്ട്രീയ നാടകങ്ങള്‍, ചരിത്രസംഭവങ്ങള്‍ അരങ്ങേറുന്നു. ഇതിനിടയില്‍ മരിയോയ്ക്കും ബിയാട്രിസിനും ഒരു മകന്‍ ജനിക്കുന്നു. നെരൂദയുടെ പേരില്‍ ഉള്ള പാബ്ലോ നെഫ്താലി കൂടി ചേര്‍ത്ത് മരിയോ മകന് പേരിട്ടു.
നെരൂദയ്ക്ക് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ സാന്‍ അന്റോണിയോ ഗ്രാമത്തിലെ എല്ലാവര്‍ക്കും മരിയോ മദ്യം വിളമ്പി. അയേന്ദെയുടെ ജനാധിപത്യ സര്‍ക്കാരിനെ പട്ടാളം അട്ടിമറിക്കുന്നു. ഫ്രാന്‍സില്‍വച്ച് രോഗാതുരനായ നെരൂദ Isla Negraയില്‍ അവശനായി ചികില്‍സയില്‍ കഴിയുന്നു. ആ വീട് പട്ടാളം വളഞ്ഞിട്ടുണ്ട്. പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് മരിയോ കവിയുടെ അടുത്തെത്തുന്നു. കവി മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയതായി മരിയോ മനസിലാക്കി. അവര്‍ വീണ്ടും ഒരിക്കല്‍ കൂടി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
1973 സെപ്റ്റംബര്‍ 23-ന് നെരൂദ മരിച്ചു. മരിയോ ആ വാര്‍ത്ത ടെലിവിഷനിലൂടെയാണ് അറിയുന്നത്. തൊട്ടടുത്ത ദിവസം രാവിലെ രഹസ്യ പൊലീസ് മരിയോയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. 'പേടിക്കാനൊന്നുമില്ല. ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ്. ''അവര്‍ പറഞ്ഞു.
കാറില്‍ കയറുമ്പോള്‍ രാജ്യത്ത് പട്ടാളഭരണം നിലവില്‍ വന്നു എന്ന വാര്‍ത്ത റേഡിയോയില്‍ പറയുന്നത് കേട്ടു, മരിയോ.
നെരൂദയുടെ മരണവും പട്ടാളഭരണത്തിന്റെ ആവിര്‍ഭാവവും വിവരിക്കുന്നതിലൂടെ നോവല്‍ അവസാനിക്കുകയാണ്. കയ്യിലെടുത്താല്‍ വായന തീരാതെ നിലത്തു വയ്ക്കാനാവാത്ത വിധത്തില്‍ ലളിതവും സുന്ദരവും കാവ്യാത്മകവുമാണ് സ്‌കാര്‍മേറ്റയുടെ ശൈലി. ഹാസ്യ രസപ്രദാനമായ കഥാപാത്ര ചിത്രീകരണങ്ങളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ഒരു ചലച്ചിത്രം കാണുന്ന ലാഘവത്തില്‍ പുസ്തകം വായിച്ചു തീര്‍ക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു.
സ്‌കാര്‍മേറ്റ തുടര്‍ന്നും നോവലുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ആദ്യ നോവലിനു കിട്ടിയ അത്രയും ജനപ്രീതി മറ്റു നോവലുകള്‍ക്ക് ലഭിച്ചില്ല. കവിതയും കാവ്യബിംബങ്ങളും കഥയും പ്രണയവും എല്ലാറ്റിനുമുപരി നെരൂദയെന്ന മഹാകവിയും നിറഞ്ഞു നില്‍ക്കുന്ന ഈ ചെറുനോവല്‍ വായനയെയും വിശ്വസാഹിത്യത്തെയും പ്രണയിക്കുന്ന വായനക്കാരെ നിരന്തരം വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.
Content Highlights: reading day 2024 ma rajeevkumar writes on antonio skarmeta novel the postman pablo neruda