'പുസ്തകം: ഇതുവരെ ഉയര്‍ത്തിയതില്‍വെച്ച് ഏറ്റവും വലിയ ഭാരം തന്ന ഒന്ന്'- അനൂപ് സത്യന്‍

മൊബൈല്‍ ഫോണില്‍ നിന്നും റീലുകളില്‍ നിന്നും പുസ്തകങ്ങളിലേക്ക് ശ്രദ്ധതിരിക്കാനെടുത്ത അധ്വാനത്തെക്കുറിച്ചും പുസ്തകം തന്ന അനിതരസാധാരണമായ അനുഭവത്തെക്കുറിച്ചും സംവിധായകന്‍ അനൂപ് സത്യന്‍ എഴുതുന്നു.
മൂന്നു മാസം മുന്‍പാണ്, ഇതുവരെ ഉയര്‍ത്തിയതില്‍വെച്ച് ഏറ്റവും വലിയ ഭാരം ഞാനെടുത്ത് പൊക്കുന്നത്. 140 കിലോ; ജിമ്മില്‍ 'ഡെഡ്-ലിഫ്റ്റ്' ചെയ്യുമ്പോള്‍. പിന്നീട് അത്യാവശ്യം ഭാരമുള്ള ഒന്നിനോടും എനിക്ക് വലിയ ബഹുമാനം ഒന്നുമുണ്ടായിരുന്നില്ല. അന്തിക്കാട്ടെ വീട്ടില്‍ ചക്കയിടുമ്പോള്‍, രണ്ടു കൈയിലും ഓരോ ചക്കയെടുത്ത് ഞാന്‍ നടക്കും. അമ്മ കൊപ്രയാട്ടിക്കാന്‍വെച്ചിരിക്കുന്ന ചാക്കുകള്‍ ബാഹുബലി സ്റ്റൈലില്‍ എടുത്തുയര്‍ത്തി തോളില്‍വെച്ച് ഞാന്‍ ഷോ കാണിക്കും. കറക്ട് ഒരു മാസം കഴിഞ്ഞ് നടുവുളുക്കി ഞാന്‍ കിടപ്പിലായി.
ആഴ്ചകളോളം നീളുന്ന ബെഡ്‌റെസ്റ്റ്. വെയിറ്റ് ഉള്ളതൊന്നും എടുക്കാന്‍ പാടില്ല. ഈ സമയത്താണ് ഏറ്റവും ഭാരമുണ്ടെന്ന് തോന്നിയിരുന്ന ചിലത് ഞാന്‍ വീണ്ടും കൈയിലെടുക്കുന്നത്. പുസ്തകങ്ങള്‍!
മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍നിന്നും പുസ്തകങ്ങളിലെ പേജുകളിലേക്ക് ശ്രദ്ധ തിരിക്കുന്നത് വലിയൊരു അധ്വാനംതന്നെയായിരുന്നു. സ്വിച്ചിട്ട് ഹീറ്റര്‍ ഓണാക്കി ഷവറിനു കീഴെ നില്‍ക്കുന്ന ആലസ്യമാണ് ഇന്‍സ്റ്റഗ്രാം റീലുകളിലും യൂട്യുബിലും കിട്ടുന്നത്. എത്ര നേരം വേണേലും ഒരിളം ചൂടില്‍ നില്‍ക്കാം. പുറത്തിറങ്ങുമ്പോള്‍ അകത്താകെ ഒരു പുകമയവും. പുസ്തകങ്ങള്‍ വായിക്കുന്നത് അങ്ങനല്ല. വെള്ളം കോരി, അടുപ്പത്തു ചൂടാക്കി, ചുമന്നു കുളിമുറിയില്‍ കൊണ്ടുപോയി, കോരി കുളിക്കേണ്ടത്ര ഒരു മെനക്കേടുണ്ട് അതിന്. എങ്കിലും, മനസ് കൂടുതല്‍ വൃത്തിയായി തോന്നുന്നത് രണ്ടാമത് പറഞ്ഞ കാര്യം ചെയ്യുമ്പോഴാണ്.
കുറച്ച് കാലമായി വായിക്കാനിരിക്കുമ്പോള്‍ ഒരു നോട്ടുബുക്ക് കൂടെ ഞാന്‍ കൈയിലെടുക്കാറുണ്ട്. വായിക്കുമ്പോള്‍ തിളക്കം തോന്നുന്ന വരികള്‍ കുറിച്ചിടാനാണത്. കാശുകുടുക്കയില്‍ ചില്ലറത്തുട്ടിട്ട് സൂക്ഷിക്കുന്നതുപോലെ. ഈ നോട്ട്ബുക്കുകള്‍ ഇടയ്ക്ക് മറിച്ചുനോക്കുമ്പോള്‍ ഉള്ള് തൊടുന്ന വരികള്‍ അതില്‍ കിടന്നുകിലുങ്ങാറുണ്ട്. എന്തെങ്കിലും എഴുതാനിരിക്കുന്നതിന് മുന്‍പ് ഇങ്ങനെ കുലുക്കി നോക്കുന്നത് ഇപ്പോള്‍ ഒരു ശീലമാണ്. വിനോദ് നായരുടെ 'മിണ്ടാട്ടം' എന്ന കുഞ്ഞു കഥകളുടെ പുസ്തകമാണ് ഒടുവിലത്തെ വായന. കൗതുകമുള്ള ഉപമകള്‍ ധാരാളമുള്ള എഴുത്താണ് വിനോദേട്ടന്റെത്. അതില്‍ ഒളിച്ചോടാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന രണ്ടു പേരുടെ കഥ പറഞ്ഞ് തുടങ്ങുന്നതിങ്ങനെയാണ് - 'അവനും അവളും കയറിയപ്പോഴാണ് അത് തീവണ്ടിയായത്. കാരണം അവരുടെ ഉള്ളില്‍ തീയായിരുന്നു. ഒരു ടിക്കറ്റേ കണ്‍ഫേംഡ് ആയുള്ളൂ. രണ്ടാമത്തേത് പ്രണയം പോലെ RAC.' എന്തുരസമുള്ള ആലോചനയാണത്!
ബെഡ്‌റെസ്റ്റ് സമയത്ത് ആപ്പിളും ഓറഞ്ചുമായി പലരും സന്ദര്‍ശിച്ചപ്പോള്‍ ഒരു സുഹൃത്ത് വന്നത് Elif Sharaf ന്റെ 'The 40 Rules of Love' എന്ന പുസ്തകവുമായാണ്. ഞാനെഴുതിക്കൊണ്ടിരുന്ന സിനിമയിലെ കഥാപാത്രത്തിന്റെ അതേ മാനസികാവസ്ഥയിലുള്ള ഒരു സ്ത്രീയാണ് ആ നോവലിലെ 'Ella' എന്നത് എന്നെ അതിശയിപ്പിച്ചു. ഒരു സീനിലേക്ക് പറയാന്‍ വേണ്ടി ഞാനതില്‍ നിന്നും ഒന്ന് കട്ടെടുത്തിട്ടുമുണ്ട്. 'ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിലേക്ക് എറിയുന്ന ഒരു കല്ലിന്, ആ പുഴയെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. മറ്റു പലതിനെയും പോലെ ഏതെങ്കിലും ഒരു തീരത്ത് പുഴ അതിനെ ഉപേക്ഷിക്കും. പക്ഷെ നിശ്ചലമായിരിക്കുന്ന ഒരു തടാകത്തെ മൊത്തത്തില്‍ ഉലയ്ക്കാന്‍ ഈയൊരൊറ്റ കല്ല് മതി.' യൗവനത്തിന്റെ ഒഴുക്ക് നിന്നു പോയ ഒരു സ്ത്രീയുടെ മനസ്സാണ് ഭംഗിയായി ഇതില്‍ വരച്ചിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ ബഹളങ്ങളിലൂടെ ഊളിയിട്ട് നമ്മളെത്തുന്നത്, തിരിച്ചറിയാന്‍ പറ്റാത്ത ഏതോ തുരുത്തിലാണ് എന്നെനിക്ക് തോന്നാറുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പഴങ്ങളും പച്ചക്കറിയും വാങ്ങുന്നത് പോലെ, ഓരോ മൂഡിനും ഓരോ സ്റ്റാറ്റസ് ഇടാനായി പല quotes ഉം ഇന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നമുക്കെടുക്കാം. കുറച്ചുനേരം കൂട്ടിരിക്കാന്‍ വേണ്ടി ഒരാളെ തേടിയുള്ള ഒരു നില്‍പ്പാണത്. ഒരു പുസ്തകം കൂട്ടായി വരുന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്. വായിച്ചുതീര്‍ത്ത പുസ്തകത്തില്‍ നിന്നും ഓര്‍മയില്‍ പതിയുന്ന വരികള്‍ക്ക്, ഒരു ചെടി നട്ടുവളര്‍ത്തി, അതില്‍ നിന്നും പൊട്ടിച്ചെടുത്തത് കഴിക്കുമ്പോഴുള്ള സ്വാദുണ്ടായേക്കും. തനിച്ചാണെങ്കിലും, കടലിനെ നോക്കിയിരിക്കുമ്പോള്‍ കിട്ടുന്നതുപോലൊരു ശാന്തതയും.
ഇതെഴുതിക്കഴിഞ്ഞപ്പോള്‍ ഒരു പുതിയ പുസ്തകം കൈയിലെടുത്തു. ജയശ്രീ മിശ്രയുടെ 'Ancient Promises' എന്ന 350 പേജുള്ള ഒരു നോവലാണ്. എന്തോ, പുസ്തകങ്ങള്‍ക്കിപ്പോള്‍ ഭാരം കുറഞ്ഞുതുടങ്ങുന്നത് പോലെ തോന്നുന്നു.
Content Highlights: reading day 2024 director anoop sathyan article on the intellectual weight of books