പ്രണയം ദൈവികമാണ്; നിരസിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ തോന്നുന്നത് യഥാര്‍ഥ പ്രണയമല്ല-ശിവദ

#ജെസ്‌ന ജിന്റോ
ശിവദ, ശിവദയും ഭർത്താവ് മുരളി കൃഷ്ണനും | Photo: instagram.com|sshivadaoffcl|?hl=en
ശിവദ, ശിവദയും ഭർത്താവ് മുരളി കൃഷ്ണനും | Photo: instagram.com|sshivadaoffcl|?hl=en

രഞ്ജിത് ശങ്കറിന്റെ സു...സു...സുധി വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടിയാണ് ശിവദ. കുറച്ചുനാള്‍ കൊണ്ട് ഒരുപിടി സിനിമകളിലൂടെ അവര്‍ മലയാള സിനിമാരംഗത്ത് ശക്തമായ സാന്നിധ്യമായി മാറി. സിനിമാതാരമായ മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. ഇരുവരുടെയും കോളേജ് കാലത്ത് തുടങ്ങിയ പ്രണയം സിനിമാമേഖലയില്‍ എത്തിയതോടെ കൂടുതല്‍ ദൃഢമായി. വാലന്റൈന്‍സ് ഡേയില്‍ തന്റെ പ്രണയത്തെക്കുറിച്ചും ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയായ ടോക്‌സിക് പ്രണയത്തെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് താരം.

"കോളേജില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. എന്നാല്‍, സാധാരണ കണ്ടുവരുന്നതുപോലെ പുറത്ത് പോയി സിനിമ കാണുക, രാത്രിയില്‍ ഫോണില്‍ സംസാരിക്കുകയൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞങ്ങള്‍ ഒന്നിച്ച് സിനിമയ്ക്ക് പോയത് കല്യാണത്തിന് ശേഷമാണ്. പക്ഷേ, വിവാഹത്തിന് മുമ്പ് അമ്പലത്തിലൊക്കെ പോകുമായിരുന്നു. പക്ഷേ, അത് വീട്ടുകാരുടെ കൂടെയായിരുന്നു. 'പ്രേമിച്ച് നടക്കുക' എന്ന പരിപാടിയേ ഇല്ലായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ പരസ്പരം ബഹുമാനം ഉണ്ടായിരുന്നു. കോളേജ് വിട്ടതിനുശേഷമാണ് കൂടുതല്‍ ഗൗരവമായ പ്രണയമായത്. പിന്നീട് ഞങ്ങള്‍ രണ്ടുപേരും സിനിമാ മേഖലയിലേക്ക് വന്നു. എന്തുകാര്യം സംസാരിച്ചാലും അവസാനം സിനിമയില്‍ ആയിരുന്നു എത്തിനില്‍ക്കുന്നത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക് അറിയാവുന്ന ഒരാളെ തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നി. പ്രണയത്തേക്കാള്‍ അധികമായി അത് നല്ലൊരു സുഹൃത്ബന്ധമായിരുന്നു. വളരെ മനസ്സിലാക്കുന്ന, എന്തുകാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം."ശിവദ പറഞ്ഞു. 

"കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ ചോദിക്കുമായിരുന്നു, നിങ്ങള്‍ ശരിക്കും പ്രണയത്തിലാണോ എന്ന്. കണ്ടിട്ട് അങ്ങിനെ തോന്നുന്നേ ഇല്ലെന്ന് അവര്‍ പറയുമായിരുന്നു. കാരണം, ഒറ്റയ്ക്ക് മാറിനിന്ന് സംസാരിക്കുന്ന ശീലമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഞങ്ങള്‍ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നു. മുരളി വിനയന്‍ സാറിന്റെ സിനിമയിലും ഞാന്‍ ഫാസില്‍ സാറിന്റെ സിനിമയിലും. അതും നായികാ നായകന്‍മാരായി. അങ്ങനെ ആ ബന്ധം കൂടുതല്‍ സുദൃഢമായി."താരം കൂട്ടിച്ചേര്‍ത്തു. 

പ്രണയവുമായി ബന്ധപ്പെട്ട് ഒരു രസകരമായ സംഭവവും ശിവദ ഓര്‍ത്തെടുത്തു. "കോളേജില്‍ ചേര്‍ന്ന അധികം താമസിക്കാതെ തന്നെ വാലന്റൈന്‍സ് ഡേ വന്നെത്തി. അന്ന് എനിക്ക് മുരളി കാര്‍ഡ് കൊണ്ടുവന്നു തന്നു. കോളേജിലെ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പരിശീലനവുമൊക്കെയായി തിരക്കിലായിരുന്നു അന്ന് ഞാന്‍. വൈകീട്ട് കോളേജ് കഴിഞ്ഞ് വീട്ടില്‍ പോകാനുള്ള ലാസ്റ്റ് ബെല്‍ അടിച്ചതിന് ശേഷമാണ് മുരളി കാര്‍ഡുമായി എന്റടുത്ത് വന്നത്. വേറെകുറേപ്പേര്‍ തന്ന കാര്‍ഡുകള്‍ എന്റെ കയ്യില്‍ അപ്പോള്‍ ഉണ്ടായിരുന്നു. കാര്‍ഡ് കൈയ്യില്‍ കൊണ്ടുവന്ന് തന്ന് ''ഐ ലവ് യൂ'' എന്ന് എന്നോട് പറഞ്ഞു. ഇത് കേട്ടപാടെ ഞാന്‍ 'ഐ ഡോണ്ട് ലവ് യൂ' എന്ന് മറുപടി നല്‍കി. തിരിച്ച് അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല. കാര്‍ഡ് തുറന്നുനോക്കിയപ്പോഴാണ് സത്യത്തില്‍ അമ്പരന്ന് പോയത്. ബാക്കി എല്ലാവരും തന്ന കാര്‍ഡില്‍ പേരും മറ്റ് വിശേഷങ്ങളും പറഞ്ഞുകൊണ്ടുള്ള വിവരങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മുരളി തന്ന കാര്‍ഡില്‍ ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം, പിന്നീടാണ് പറയുന്നത്. പിന്നെ എപ്പോഴെങ്കിലും ഇതില്‍ പരാതി ഉണ്ടായാല്‍ ആളെ മനസ്സിലാവില്ലോ. കാര്യമായി തന്നെ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നിയത് അപ്പോഴാണ്." -ശിവദ പറഞ്ഞു. 

വാലന്റൈന്‍സ് ഡേയ്ക്ക് സ്‌പെഷ്യലായിട്ട് സമ്മാനങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ദിവസങ്ങള്‍ ഒന്നും ഓര്‍ത്തുവെക്കുന്ന ശീലം അദ്ദേഹത്തിനില്ല. അതിനാല്‍ എല്ലാ ദിവസവും ഞങ്ങള്‍ക്ക് വാലന്റൈന്‍സ് ഡേ ആണ്

'ടോക്‌സിക് ലവ്'

ഇപ്പോള്‍ കണ്ടുവരുന്ന ടോക്‌സിക് ലവ് എന്നത് ഒരിക്കലും യഥാര്‍ത്ഥ പ്രണയമല്ല. പ്രണയമെന്നത് ദൈവീകമായിട്ടുള്ള കാര്യമാണ്. അതില്‍ ഒരിക്കലും ഒരാള്‍ മറ്റേയാളെ വേദനിപ്പിക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാള്‍ ഇഷ്ടം തുറന്ന് പറഞ്ഞ്, മറ്റേയാള്‍ അത് സ്വീകരിച്ചില്ലെങ്കില്‍ അയാളെ ഉപദ്രവിക്കുക, ആസിഡ് ഒഴിക്കുക, കുത്തിക്കൊല്ലുക എന്നിവയെല്ലാം ദൈവികമായ പ്രണയമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് വ്യത്യസ്തമായ മാനസിക അവസ്ഥയാണ്. ഞാന്‍ ഒരാളെ പ്രണയിക്കുന്നുണ്ടെങ്കില്‍ അയാള്‍ സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് കരുതേണ്ടത്. അയാള്‍ കൂടുതല്‍ ഉയരങ്ങളിലെത്തുന്നത് സന്തോഷിക്കുകയാണ് ചെയ്യുക. കൂടെയുള്ള ആള്‍ സന്തോഷമായിട്ട് ഇരിക്കുന്നത് കാണുമ്പോള്‍ നമുക്കും സന്തോഷം തോന്നണം. പ്രണയം നിരസിക്കുന്ന ആള്‍ സന്തോഷമായിട്ട് ഇരിക്കുന്നത് ഇഷ്ടമില്ലാത്തത് യഥാര്‍ത്ഥ പ്രണയമാമെന്ന് തോന്നുന്നില്ല-ശിവദ പറഞ്ഞു.

Content highlights: valentines day 2022, Actress Sshivada on love, Toxic love

Content Highlights: