പ്രണയിക്കുംമുൻപേ രോഗം അറിഞ്ഞു, വിവാഹശേഷം ചലനമറ്റിട്ടും താങ്ങായി അവരൊപ്പം

#പി. ലിജീഷ്‌
പ്രസീധരനും ബിന്ദുവും
പ്രസീധരനും ബിന്ദുവും

വടകര: ഇരുമെയ്യും ഒരു മനസ്സുമായി പ്രണയിച്ചവർ. ഇതിലൊരാളുടെ ചലനശേഷി രോഗം കവർന്നപ്പോൾ അവർ ഒരു മെയ്യും ഒരു മനസ്സുമായി. വിധി തോറ്റു, പ്രണയം ജയിച്ചു.

വടകര മേപ്പയിലെ ചെത്തിൽ പ്രസീധരനും ഭാര്യ ബിന്ദുവുമാണ് ഈ പ്രണയകഥയിലെ താരങ്ങൾ. ബിന്ദുവിന്റെ നട്ടെല്ലിന് ട്യൂമർ ബാധിച്ചിട്ട് 35 വർഷംകഴിഞ്ഞു. രോഗാവസ്ഥ അറിഞ്ഞുതന്നെയാണ് പ്രസീധരൻ ബിന്ദുവിനെ പ്രണയിച്ചതും വിവാഹം ചെയ്തതും. 15 വർഷംമുൻപ്‌ ബിന്ദു കൈകാലുകൾ അനക്കാൻകഴിയാതെ കിടപ്പിലായപ്പോൾ, പ്രസീധരൻ ജീവിതം പൂർണമായും ബിന്ദുവിനായി നീക്കിവെച്ചു.

പുലർച്ചെ 4.30-ന് പ്രസീധരന്റെ ഒരുദിവസം തുടങ്ങും. പ്രാതലും ഉച്ചയൂണും കറിയുമെല്ലാമുണ്ടാക്കും. ഇതിനിടെ ബിന്ദുവിനെ കൈകളിൽ കോരിയെടുത്ത് ശൗചാലയത്തിൽ കൊണ്ടുപോയി പ്രാഥമികകൃത്യങ്ങളെല്ലാം ചെയ്യിക്കും, കുളിപ്പിക്കും. ബിന്ദുവിന് ഭക്ഷണം വാരിക്കൊടുത്തശേഷം ഏഴരയോടെ ജോലിക്കുപോകും. തേപ്പുപണിയാണ് പ്രസീധരന്. വൈകീട്ട് വീട്ടിലെത്തിയാൽപിന്നെ വീണ്ടും ബിന്ദുവിന്റെ പരിചരണം.

‘‘എല്ലാ കാര്യങ്ങൾക്കും അവൾക്ക് ഞാൻ വേണം... ഇവളെവിട്ട് മറ്റൊരു ലോകം എനിക്കില്ല...’’ പ്രസീധരൻ പറയുമ്പോൾ ബിന്ദുവിന്റെ മുഖത്ത് നിറഞ്ഞചിരി. 1990-ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ കഴുത്തുവേദനയിൽ തുടങ്ങിയതാണ് ബിന്ദുവിന്റെ അസുഖം. നട്ടെല്ലിലെ ട്യൂമറാണെന്ന് കണ്ടതോടെ ശ്രീചിത്തിരയിൽ ശസ്ത്രക്രിയ നടത്തി. പ്രീഡിഗ്രിക്ക് വടകര സാഗർ കോളേജിൽ പഠിക്കുമ്പോഴാണ് പ്രസീധരനുമായി പ്രണയം മൊട്ടിടുന്നത്. രോഗവിവരം അറിഞ്ഞിട്ടും പ്രസീധരൻ പിന്മാറിയില്ല.

1993-ലായിരുന്നു രജിസ്റ്റർ വിവാഹം. 1995-ൽ മകൾ ജനിച്ചു. 1998-ൽ രോഗം തിരിച്ചുവന്നതോടെ രണ്ട് ശസ്ത്രക്രിയനടത്തി. പിന്നീട് ചലനശേഷി നഷ്ടമാകാൻ തുടങ്ങി. ചികിത്സയൊന്നും ഫലിച്ചില്ല. തീരെ നടക്കാൻവയ്യാതായതോടെ പ്രസീധരന്റെ കൈകളിലാണ് ബിന്ദുവിന്റെ ജീവിതം.

2003-ൽ ഒരു മകൻകൂടി ജനിച്ചു. പണിപൂർത്തിയാകാത്ത വീട്ടിലാണ് താമസം. അടുക്കളയുടെ ഒരു വശത്ത് കട്ടിലിട്ട് അതിലാണ് ബിന്ദുവും പ്രസീധരനും കിടക്കുക. മകൾ അഹല്യയുടെ വിവാഹം കഴിഞ്ഞു. മകൻ കിരണിന് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ചെറിയൊരു ജോലിയുണ്ട്. എന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് കുടുംബം. ദിവസം പലതവണ ബിന്ദുവിനെ കോരിയെടുക്കുന്നത് ശീലമാക്കിയ പ്രസീധരന് അടുത്തിടെ നടുവേദന പിടിപെട്ടതും പ്രശ്നമായി. ഒരുമാസമായി വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർ. ഇതോടെ ജോലിക്ക് പോകാനും കഴിയുന്നില്ല.

നേരത്തേ ഉണ്ടായിരുന്ന കടബാധ്യതയിൽ കുറെ ബിന്ദുവിന്റെ സഹപാഠികൾചേർന്ന് തീർത്തു. സഹപാഠിയായ ഖദീജയും പാലിയേറ്റീവ് പ്രവർത്തകൻ രഘുനാഥ് വെള്ളാച്ചേരിയുമാണ് ഇതിന് വഴിയൊരുക്കിയത്.

Content Highlights: Praseedharan and Bindu from Vadakara redefine love as he dedicates his life to caring for his paralyzed wife. Despite his own health struggles and financial hardships, his unwavering devotion remains a testament to true companionship.