പ്രണയം പറയാൻ ലോകമെമ്പാടും പറന്നിറങ്ങുന്ന ഹൊസൂരിലെ പനിനീർ മൊട്ടുകൾ

#രാജി പുതുക്കുടി
ഹൊസൂരിലെ പനിനീര്‍ പൂക്കള്‍
ഹൊസൂരിലെ പനിനീര്‍ പൂക്കള്‍

പ്രണയദിനത്തിൽ ലോകത്തെവിടെയൊക്കെ പനിനീർ പൂക്കളിലൂടെ പ്രണയം കൈമാറുന്നുവോ അതിൽ ഒന്നെങ്കിലും ഹൊസൂരിൽ നിന്ന് പറന്നിറങ്ങിയ പനിനീർ പൂവായിരിക്കും. താജ് മഹൽ, നോബിൾ വൈറ്റ്, ജുവലിയ, പീച്ച് തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് പനിനീർ പൂക്കളാണ് പതിവുപോലെ ഇത്തവണയും പ്രണയ സുഗന്ധം പരത്താനായി ഹൊസൂരിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് വിമാനം കയറിയത്. ജപ്പാൻ, ഫിലിപ്പീൻസ്, മലേഷ്യ, സിങ്കപ്പുർ, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുഎഇ , കുവൈറ്റ്, ലെബനൻ, ആഫ്രിക്ക രാജ്യം ഏതായാലും പ്രണയിക്കുന്നവർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് ഹൊസൂരിലെ പ്രീമിയം പനീനീർ പൂക്കളെന്ന് ഇവിടുത്തെ കർഷകർ.

കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് ബ്രീട്ടീഷ് അധിനിവേശ കാലത്ത് ലിറ്റിൽ ഇംഗ്ലണ്ട് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഹൊസൂർ ഉൾപ്പെടുന്ന പ്രദേശം. അന്നുമുതൽ യൂറോപ്പിന് പ്രിയപ്പെട്ടതാണ് ഹൊസൂരിലെ റോസാപ്പൂക്കൾ. 5000 ഏക്കറിലധികം വരും തമിഴ്നാട് - കർണാടക അതിർത്തിയായ ഹൊസൂരിലെ പനിനീർ കൃഷി. പ്രണയം പോലെ തന്നെ സ്പെഷ്യലാണ് പ്രണയം കൈമാറുന്ന പൂക്കളുടെ കൃഷിയും. വിട‍ർന്ന പൂക്കൾക്കല്ല, വിടർന്നു തുടങ്ങുന്ന പനിനീർ മൊട്ടുകൾക്കാണ് വാലന്റൈൻസ് ഡേ വിപണിയിൽ ഇടമുള്ളത്.

ഏതെങ്കിലും ഒരു പൂമൊട്ടല്ല നീളം, വീതി അങ്ങനെ എല്ലാത്തിലും വേണം കൃത്യത. അതിനായി പോളീഹൗസിൽ അന്തരീക്ഷ താപനില ക്രമീകരിച്ച് അതീവ ശ്രദ്ധയോടെയാണ് പനിനീർ കൃഷി ചെയ്യുന്നത്. കീടങ്ങളുടെ ശല്യമില്ലെന്ന് ഉറപ്പ് വരുത്തിയാണ് ചെടി നടുക, നിത്യേന പരിചരിക്കുന്ന ചെടിയിൽ മൊട്ട് വന്നാൽ ഉടൻ ബഡ് ക്യാപ് ഇടും. ഈ ക്യാപിനുള്ളിലാണ് പിന്നീട് മൊട്ടിന്റെ വളർച്ച, വിടരുന്നതിന് തൊട്ടുമുമ്പ് തണ്ടും ഇലയും ചേർത്ത് പൂക്കൾ പറിച്ചെടുക്കും. ഇല ഇല്ലാത്തതും വിടർന്നതുമായി പൂക്കൾക്ക് വിദേശ വിപണിയിൽ സ്ഥാനമേ ഇല്ല.

തണ്ടും ഇലയും മാത്രം പോരാ, നീളത്തിനും വീതിക്കുമുണ്ട് കണക്ക്. പൂമൊട്ടിന് അഞ്ച് സെന്റിമീറ്റർ എങ്കിലും വലിപ്പം വേണം. തണ്ടുൾപ്പടെ ആകെ 50 മുതൽ 60 സെന്റിമീറ്റർ നീളം. വൃത്തിയുള്ള പൂക്കളുമായിരിക്കണം. ഇതൊക്കെ കൃത്യമായാൽ പ്രണയം പറയാനുള്ള പ്രീമിയം പൂക്കളായി. ഇങ്ങനെ പറിച്ചെടുക്കുന്ന പൂക്കൾ കോൾഡ് സ്റ്റോറേജിൽ വാടാതെ സൂക്ഷിക്കും.

20 പൂക്കൾ ഉള്ള ഒരു ബഞ്ച് ആയി പാക്ക് ചെയ്ത് ബെംഗളുരുവിലെ ഇന്റർനാഷണൽ ഫ്ലവർ ഓക്ഷൻ സെന്റർ വഴി കയറ്റുമതി ചെയ്യും. പാക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ബഡ് കാപ്പ് ഒഴിവാക്കുക. ഇത്തരത്തിൽ അഞ്ച് ലക്ഷം കിലോയോളം പൂക്കളാണ് പ്രണയാഭ്യർത്ഥനകൾക്ക് സാക്ഷ്യം വഹിക്കാൻ ഹൊസൂരിൽ നിന്ന് വിമാനം കയറി പ്രണദിനത്തിൽ ലോകവിപണയിൽ എത്തുന്നത്.

Content Highlights: Discover how Hosur`s premium rose buds travel the globe, spreading love this Valentine`s Day. Learn about the meticulous cultivation and export of these exquisite blooms.