പെണ്ണുങ്ങളേ, കാമുകനെ കാണാൻ പുറപ്പെടുക!

കണ്ടതിൽ വെച്ച് ആ മുഖം ഏറ്റവും ചുവന്നുതുടുത്തത് അന്നായിരുന്നു. ചുണ്ടത്തെ അമ്പിളക്കല ചെവിയോളം നീണ്ട്, കവിളുകൾ തൊട്ടാൽ പൊട്ടും വട്ടത്തിലായി, കണ്ണിലെ വെട്ടം സൂര്യനോളം തിളങ്ങി നിൽക്കുന്നത് എനിക്ക് മാത്രമല്ല, അന്നവനെ കണ്ടയാർക്കും മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു.
മൂന്നാറിൽ നിന്നുള്ള മടക്കയാത്രയായിരുന്നു, പ്രിയപ്പെട്ടവളുമുണ്ട് കൂടെ. അതികാലത്ത് കൊച്ചിയിൽ നിന്നും കെഎസ്ആർടിസിയിൽ ചാടിപ്പുറപ്പെട്ട യാത്ര. മടക്കം രാജാക്കാട് വഴി തന്നെയെന്ന് അപ്പോഴേ ഉറപ്പിച്ചതായിരുന്നു. അവനെ കാണണം, അവന്റെ നാടുകാണണം, അത്രമാത്രം. മൂന്നാറിൽ നിന്നും നേരെ അടിമാലിയിലേക്ക്, പിന്നെ പൂപ്പാറ ബസിൽ കേറി രാജാക്കാടേക്ക്. കേട്ടുപരിചയം മാത്രമുള്ള നാട്. ഏതോ കഥയിൽ, എപ്പോഴോ പറഞ്ഞ ദീപക് എന്ന ചെരിപ്പുകടയുടെ പേരുമാത്രമാണ് മനസ്സിൽ. ബസ്സിൽ നിന്നിറങ്ങി, കടയുടെ മുന്നിലേക്ക് നടന്ന്, അവനെ ഫോൺ വിളിക്കണം, ഇതായിരുന്നു പ്ലാൻ. കടയുടെ മുന്നിലേക്ക് നടക്കേണ്ടി വന്നില്ല, ബസ് നിർത്തിയതേ ദീപക്കിന്റെ മുന്നിലായിരുന്നു, ഇറങ്ങുന്നതിനെ മുമ്പേ വിളിച്ചു. പണിയിലായിരുന്നു, ആദ്യം ഫോൺ എടുത്തില്ല. രണ്ടാമത്തെ വിളിയിൽ എടുത്തു, ഒറ്റ ശ്വാസത്തിൽ പറഞ്ഞു, ദീപക്കിന്റെ മുമ്പിലിണ്ട്, വേഗം ബാ...
അപ്പുറത്ത് ആദ്യം നിശബ്ദത. പിന്നെ, കുറച്ച് കഴിഞ്ഞ് ശബ്ദം വന്നു. അതും കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് നേരിട്ടുള്ള പ്രത്യക്ഷപ്പെടൽ. അതിനിടയിൽ വിശ്വാസം വരാതെ വീഡിയോ കോൾ വിളിച്ച് ഒന്നൂടെ ഉറപ്പിച്ചു. വന്നപ്പോ പെയിൻ്റിങ് പണിക്കിടയിൽ വെച്ചിറങ്ങി വന്നതിൻ്റെ എല്ലാ അടയാളങ്ങളും അവനിലുണ്ടായിരുന്നു. വെള്ളക്കുത്തുകൾ നിറഞ്ഞ നരച്ച ഷർട്ടും ഒരു കൈലിമുണ്ടും. മേസ്തിരിയുടെ ബൈക്കീന്ന് അവനിറങ്ങുമ്പോ ചിരിയും ചമ്മലും അമ്പരപ്പുമെല്ലാം നിറഞ്ഞ ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു. ഇതുവരെ അറിയാത്ത കാര്യം കണ്ടുപിടിച്ചതിൻ്റെ ഒരു പഞ്ചാര ചിരി മേസ്തിരിയിലും കണ്ടു. അയാളെ പറഞ്ഞയച്ച്, ചങ്ങാതിയുടെ ഓട്ടോയിൽ കയറ്റി അവൻ ഞങ്ങളെ നാട് കാണിക്കാൻ കൊണ്ടുപോയി.
എൻ്റെ പൊന്നേ, നിന്നെ കാണാൻ ആണോടാ ഇവളുമാർ വന്നതെന്ന അമ്പരപ്പ് ചങ്ങാതിയ്ക്കും ഉണ്ടായിരുന്നു. പ്രിയപ്പെട്ടവളുടെ നിറഞ്ഞ ചിരി അപ്പോഴും തുടർന്നു. നേരെ ചെന്നിറങ്ങിയത് അവൻ്റെ എറ്റവും പ്രിയപ്പെട്ട ഇടത്തേക്കായിരുന്നു. സിഗരറ്റ് കുറ്റി കുത്തിക്കെടുത്തി, എന്നെ വിളിക്കാറുള്ളിടം. കുന്നിൻമോളിൽ ഇരുന്ന് താഴെ വെളളം കാണാൻ പറ്റുന്നിടം. ഏറ്റവും ആദ്യം അവനെന്നെ ഫോണിലൂടെ കണ്ട് സംസാരിച്ചത് അവിടെ വെച്ചായിരുന്നു. അവിടുത്തെ കാറ്റ് അവനെ പോലെ വന്ന് ചേർത്തുപിടിച്ചു.
പിന്നെയും ഞങ്ങളെ കൊണ്ടുപോയി. പൊൻമുടി ഡാം കാട്ടിത്തന്നു, ഇരുമ്പുപാലത്തിന് മോളിൽ കേറ്റി. മടക്കത്തിൽ ഒരു ചായ കുടി. 6:30 ൻ്റെ ബസ്സിൽ അടിമാലിയിലേക്ക് തിരിച്ചുപോക്ക്. രാജാക്കാട് ബസ് സ്റ്റാൻഡിൽ വെച്ച് തിരികെ കേറുമ്പോൾ അവൻ്റെയാ നിറഞ്ഞ ചിരി അപ്പോഴുമുണ്ടായിരുന്നു.
പെണ്ണുങ്ങളേ, കാമുകനെ കാണാൻ പുറപ്പെടുക, വഴിയിൽ വെച്ച് കണ്ടുമുട്ടുക, കാണാൻ സുഖമുള്ള ആ ചിരിയും പകച്ചിലും കണ്ട് മടങ്ങുക...
Content Highlights: valentines day, short story, ami mridula