വഴി തുറന്ന സമരാഗ്നി

ക്ഷേത്രത്തിൽനിന്ന് ഒരുനാഴിക അകലെയായിരുന്നു സത്യാഗ്രഹാശ്രമം. മാർച്ച് 30 പുലരുമ്പോൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട പോലീസുകാരെക്കൊണ്ടും കാഴ്ചക്കാരെക്കൊണ്ടും നിറഞ്ഞു. സത്യാഗ്രഹം തുടങ്ങി മൂന്നുദിവസം പിന്നിട്ടപ്പോൾ ഏതാനും സവർണഹിന്ദുനേതാക്കൾ ‘അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കാണാൻ മൂന്ന് ദിവസത്തെ സാവകാശം നൽകണമെന്ന്’ അഭ്യർഥിച്ചുകൊണ്ട് അയിത്തോച്ചാടനസമിതിയെ സമീപിച്ചു. കമ്മിറ്റി ആ അപേക്ഷ സ്വീകരിച്ചു.
മൂന്നുദിവസം കഴിഞ്ഞിട്ടും സവർണരുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായില്ല. ഏപ്രിൽ 7-ാം തീയതിമുതൽ സമരം ശക്തമായി പുനരാരംഭിക്കാൻ അയിത്തോച്ചാടന കമ്മിറ്റി തീരുമാനിച്ചു. സമരം വീണ്ടും തുടങ്ങിയാൽ അതിനെ ശക്തമായി മർദിച്ചൊതുക്കാൻവേണ്ട തീരുമാനവും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായതായി സത്യാഗ്രഹക്കമ്മിറ്റിക്ക് വിവരം കിട്ടി. അതിനാൽ, കോൺഗ്രസിന്റെ നേതാക്കന്മാർതന്നെ സത്യാഗ്രഹത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു.
കെ.പി. കേശവമേനോനും ടി.കെ. മാധവനും ആദ്യത്തെദിവസം സത്യാഗ്രഹത്തിനൊരുങ്ങി. പുലയ വിഭാഗത്തിൽപ്പെട്ട വൊളന്റിയറെയും കൂട്ടി മുന്നോട്ടുനീങ്ങിയ ഈ നേതാക്കന്മാരെ ജനങ്ങൾ മാലയണിയിക്കുകയും കുറിതൊടീക്കുകയും ചെയ്ത് തങ്ങളുടെ സ്നേഹവും പിന്തുണയും അറിയിച്ചു.
നോട്ടീസ്ബോർഡ് മുതൽ ക്ഷേത്രഗോപുരം വരെയുള്ള സ്ഥലങ്ങളിൽ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വലിയൊരു പോലീസ് സൈന്യവും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കേശവമേനോനും ടി.കെ.മാധവനും സാവധാനത്തിൽ നടന്ന് ബോർഡിനരികിലെത്തിയപ്പോൾ ‘നിരോധനം ലംഘിച്ചതിന് നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അവരെ അറിയിച്ചു. അവരെ മജിസ്ട്രേറ്റ് ആണ്ടിപ്പിള്ളയുടെ കോടതിയിൽ ഹാജരാക്കി. കെ.പി. കേശവമേനോനും ടി.കെ. മാധവനും സ്വന്തം നിലപാട് വിശദീകരിച്ചുകൊണ്ട് പത്രികകൾ ബോധിപ്പിച്ചതല്ലാതെ സാക്ഷികളെ വിസ്തരിക്കുകയോ വിചാരണയിൽ പങ്കെടുക്കുകയോ ചെയ്തില്ല. 500 രൂപയുടെ ജാമ്യം കെട്ടാൻ മജിസ്ട്രേട്ട് പ്രതികളോട് ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചു. രണ്ടുപേരെയും ആറുമാസം തടവിന് ശിക്ഷിച്ച് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ നിരോധനാജ്ഞ ലംഘിച്ചതിന് കേളപ്പജി, എ.കെ. പിള്ള, കെ. വേലായുധമേനോൻ എന്നിവരെ അറസ്റ്റ്ചെയ്ത് കോട്ടയത്തേക്കുകൊണ്ടുപോയി. നാലുമാസം വീതം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. മാതൃഭൂമി പത്രാധിപരും മാനേജരും അങ്ങനെ ജയിലിലായി.
Content Highlights: vaikom satyagraha centenary celebrations