വൈക്കം സത്യാഗ്രഹത്തിന് 100

തീണ്ടലിനെ കായലാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ വൈക്കം സത്യാഗ്രഹത്തിന് 100 വയസ്സ്. ജാതിവേലികളുടെ കടമ്പകളെ മറികടക്കാനെത്തിയവരെ വിലങ്ങണിയിച്ചത് 1924 മാർച്ച് 30-നായിരുന്നു. വൈക്കത്തെ ക്ഷേത്രവഴികൾ എല്ലാ മനുഷ്യർക്കും തുറന്നുകൊടുക്കുന്നതിന് ഭരണകൂടം വിസമ്മതിച്ചതോടെയാണ് സത്യാഗ്രഹത്തിന് തീരുമാനമായത്. ടി.കെ. മാധവൻ ഗാന്ധിജിക്ക് മുമ്പാകെ വിഷയം എത്തിച്ചതോടെ കോൺഗ്രസിനോട് സമരം ഏറ്റെടുക്കാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശീർവാദവും ലഭിച്ചു.
30-ന് കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ, എ.കെ. പിള്ള, വേലായുധമേനോൻ, കൃഷ്ണസ്വാമി അയ്യർ, കെ. കേളപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രവഴിയിലേക്ക് നടന്നുവന്നു. അന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നതിന് തിരഞ്ഞെടുത്ത ബാഹുലേയൻ, കുഞ്ഞാപ്പി, ഗോവിന്ദപ്പിള്ള എന്നിവരെ അറസ്റ്റുചെയ്തതോടെ വൈക്കം അയിത്തോച്ചാടത്തിനുള്ള പോരാട്ടത്തിന് കനൽകൂട്ടുകയായിരുന്നു.
603 ദിവസം നീണ്ടുനിന്ന സമരത്തിനിടെ ആശീർവാദം നൽകാൻ ഗാന്ധിജിയും ശ്രീനാരായണഗുരുവും എത്തി. ഏപ്രിൽ ഏഴിന് കേശവമേനോനെയും ടി.കെ. മാധവനെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതോടെ സമരം ദേശീയശ്രദ്ധനേടി.
Content Highlights: vaikom satyagraha centenary celebrations