ടി.കെ മാധവന് എന്ന നായകന്

സാമൂഹിക പരിഷ്കർത്താവ്, വിപ്ളവകാരി, പത്രപ്രവർത്തകൻ. ബഹുമുഖങ്ങളുള്ള പ്രതിഭയായിരുന്നു ടി.കെ. മാധവൻ. കാർത്തികപ്പള്ളിയിലെ പ്രസിദ്ധമായ ആലുംമൂട്ടിൽ തറവാട്ടിൽ ജനിച്ച അദ്ദേഹം ചെറുപ്രായത്തിൽത്തന്നെ അനീതിക്കെതിരേ ശബ്ദമുയർത്തി. സമൂഹത്തിൽ വിവേചനമോ വേർതിരിവോ നടക്കുമ്പോൾ അസാധാരണമായ എന്തോ ആണ് ചുറ്റും നടക്കുന്നതെന്ന തോന്നൽ കുഞ്ഞു മാധവനെ അസ്വസ്ഥനാക്കിയിരുന്നു. അത് ജാതിവ്യവസ്ഥയെക്കുറിച്ചോ വംശീയ വിവേചനത്തെക്കുറിച്ചോ ഒന്നും അറിഞ്ഞിട്ടല്ല. മറിച്ച് അനീതിക്കെതിരേ പൊരുതാനുള്ള ആർജവം ആ കുഞ്ഞു മനസ്സിൽ എവിടെയോ ഉള്ളതുകൊണ്ടായിരുന്നു.
ജാതി അഭിമാനിയായിരുന്ന നരിയഞ്ചിലാശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു മാധവന്റെ ആദ്യക്ഷര കളരി. പക്ഷേ, നിലത്തെഴുത്തും എഞ്ചുവടിയും പഠിക്കേണ്ട സമയം, അവിടത്തെ കുട്ടികളോടുള്ള ആശാന്റെ പെരുമാറ്റം മാധവന്റെ മനസ്സിൽ തീക്കനൽ കോരിയിടുകയാണു ചെയ്തത്. സവർണരായ കുട്ടികളെ വടികൊണ്ട് തൊട്ട് അടിച്ചിരുന്ന ആശാൻ അന്യ ജാതിയിൽപ്പെട്ടവരെ ദൂരെനിന്ന് വടികൊണ്ട് എറിയുകയായിരുന്നു പതിവ്. തന്റെ കളിക്കൂട്ടുകാരനായ ഗോവിന്ദനെ വടികൊണ്ട് തൊട്ടടിച്ച നരിഞ്ചലാശാൻ തനിക്കു നേരെ വടിയെറിഞ്ഞപ്പോഴുണ്ടായ പ്രതിഷേധമായിരുന്നു നീതിനിഷേധങ്ങൾക്കും അവകാശലംഘനങ്ങൾക്കുംവേണ്ടി പൊരുതാനുള്ള മാധവന്റെ ആദ്യ പ്രചോദനം. ‘‘ആശാന്റെ എഴുത്തങ്ങെടുത്തോ എന്റെ ഓല ഇങ്ങു തന്നേക്ക്’’ -എന്ന് ആശാനോട് തട്ടിക്കയറി ഗുരുകുലംവിട്ട മാധവൻ നടന്നുകയറിയത് ഉച്ചനീചത്വങ്ങളുടെ പേരിൽ സവർണ മേധാവിത്വം കീഴാളർക്കുമുന്നിൽ കൊട്ടിയടച്ച വഴിയിലേക്കാണ്. ആ വിപ്ലവവീര്യമാണ് അയിത്തോച്ചാടനം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രാദേശിക സാമൂഹിക പരിഷ്കരണ സമരങ്ങൾ നാഷണൽ കോൺഗ്രസിന്റെ സഹായത്തോടെ ദേശീയ പ്രക്ഷോഭമായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഈഴവരെ മാത്രമല്ല, കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ടതും അധഃസ്ഥിതരെന്നുപറയപ്പെടുന്നവരുമായ മുഴുവൻ ജനവിഭാഗത്തിന്റെയും അവകാശപ്പോരാട്ടങ്ങൾക്ക് മാധവൻ ചുക്കാൻ പിടിക്കുകയായിരുന്നു.
1921 സെപ്റ്റംബർ മൂന്നിന് തിരുനെൽവേലിയിൽവെച്ച് ടി.കെ. മാധവൻ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പിന്നീട് വൈക്കം സത്യാഗ്രഹത്തിൽ നിർണായകമായത്. 1923-ൽ കാക്കിനഡയിൽ നടത്തിയ കോൺഗ്രസ് സമ്മേളനത്തിൽ തൊട്ടുകൂടായ്മ സംബന്ധിച്ച പ്രമേയം പാസാക്കണമെന്ന നിർദേശം മുന്നോട്ടുെവച്ചത് ടി.കെ.മാധവനായിരുന്നു. 1924 ജനുവരിയോടെ ടി.കെ. മാധവനും കെ.പി. കേശവമേനോനും ചേർന്ന് വൈക്കത്ത് ‘തൊട്ടുകൂടായ്മ വിരുദ്ധ കമ്മിറ്റി’ രൂപവത്കരിക്കുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് വമ്പിച്ച പൊതുയോഗം സംഘടിപ്പിച്ചു. വൈക്കം ക്ഷേത്രത്തിലേക്കുള്ള പാത അവർണർക്ക് തുറന്നു കൊടുക്കുന്നതുവരെ ഒരുകൂട്ടം സത്യാഗ്രഹികൾ സമരരംഗത്തിറങ്ങുമെന്ന് യോഗം പ്രഖ്യാപിക്കുന്നത് അവിടെ നിന്നാണ്.
Content Highlights: Sree Narayana Guru and vaikom satyagraha