ഗുരുദേവന്റെ ആശീര്‍വാദം

ഉച്ചനീചത്വങ്ങൾക്കെതിരേ ഉറക്കേ ശബ്ദിച്ച ശ്രീനാരായണഗുരുദേവൻ ഉഴുതിട്ട പോരാട്ടവീഥിയിലാണ് വൈക്കം സത്യാഗ്രഹം ഉരുവംകൊണ്ടത്. ഗുരുദേവന്റെ എല്ലാം അനുഗ്രഹാശിസ്സുകളും സത്യാഗ്രഹത്തിനുണ്ടായിരുന്നു. സമരനായകൻ ടി.കെ. മാധവൻ ഗുരുവിന്റെ ശിഷ്യനായിരുന്നു. വൈക്കത്തിനടുത്തുള്ള വെല്ലൂർ മഠം ഗുരുദേവൻ സത്യാഗ്രഹികൾക്കായി വിട്ടുനൽകി. തന്റെ ശിഷ്യരായ സ്വാമി സത്യവ്രതനെയും കോട്ടുകോയിക്കൽ വേലായുധനെയും സത്യാഗ്രഹത്തിനുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം നിയോഗിച്ചു. സത്യാഗ്രഹഫണ്ടിലേക്ക് ഒരു ഭണ്ഡാരംതന്നെ ഗുരു ശിവഗിരിയിൽ ഏർപ്പെടുത്തി. സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി ഗുരു സ്വന്തം സംഭാവനയായി ആയിരംരൂപ സമ്മാനിച്ചു.
1100 കന്നി 12-ന് ഗുരുദേവൻ കാൽനടയായി വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദർശിച്ചു. കന്നി 13-ന് വൈകുന്നേരം ആശ്രമത്തിൽവെച്ച് ഒരു പൊതുയോഗമുണ്ടായിരുന്നു. ആയിരങ്ങൾ തടിച്ചുകൂടിയ ആ യോഗത്തിൽ സ്വാമികൾ തന്നെയായിരുന്നു അധ്യക്ഷൻ. സത്യാഗ്രഹം ശാന്തമായ വിധത്തിൽ അതിശക്തിയോടെ മുന്നേറണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സ്വാമികൾ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് നടന്ന സവർണജാഥയ്ക്ക് അനുഗ്രഹവും ആതിഥേയത്വവും ഗുരുദേവൻ നൽകിയതിനെപ്പറ്റി മന്നത്ത് പദ്മനാഭൻ അനുസ്മരിക്കുന്നുണ്ട്. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ മഹാത്മജി ഗുരുദേവനുമായി നടത്തിയ കൂടിക്കാഴ്ച ചരിത്രപ്രസിദ്ധമാണ്.
Content Highlights: Sree Narayana Guru and vaikom satyagraha