അയിത്തം തൂത്തെറിഞ്ഞ കോൺഗ്രസ് ഏകാധിപത്യത്തെയും തോൽപ്പിക്കും -ഖാർഗെ

വൈക്കം: സാമൂഹിക പശ്ചാത്തലം മോശമായിരുന്ന നൂറുവർഷം മുൻപ് അയിത്തത്തെ തൂത്തെറിഞ്ഞ് ഐതിഹാസികമായ വൈക്കം സത്യാഗ്രഹം വിജയിപ്പിച്ച കോൺഗ്രസിന് മോദിയുടെ ഏകാധിപത്യത്തെയും തകർക്കാനാകുമെന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കെ.പി.സി.സി. സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന സർക്കാരിന്റെ സമീപനത്തിനെതിരേ പ്രതിപക്ഷകക്ഷികൾ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിൽ അണിനിരക്കണം. രാഹുലിന് വൻഭൂരിപക്ഷം നൽകിയ കേരളത്തിൽനിന്ന് ഇത് പറയാൻ അഭിമാനമുണ്ടെന്നും ഖാർഗെ പറഞ്ഞു.
മോദിയുടെ ചങ്ങാത്ത മുതലാളിമാരെപ്പറ്റി ചോദ്യങ്ങളുന്നയിച്ചതിനാണ് രാഹുൽഗാന്ധിയെ ഭരണകൂടം വേട്ടയാടിയത്. മോദി-അദാനി കൂട്ടുകെട്ടിനെപ്പറ്റി പാർലമെന്റിൽ തെളിവടക്കം പുറത്തുകൊണ്ടുവന്നതിലെ പ്രതികാരമായാണ് കേസ് വേഗത്തിലാക്കി മിന്നൽ വിചാരണ നടത്തി ശിക്ഷിച്ചത്. വിധി വന്ന ദിവസം ലോക്സഭാ സ്പീക്കറെ കണ്ട മോദി പ്രതികാരബുദ്ധിയോടെ രാഹുലിന്റെ ലോക്സഭാംഗത്വംകൂടി റദ്ദാക്കിച്ചു.
ജാതിവിവേചനങ്ങൾക്കെിരായ പോരാട്ടങ്ങൾക്ക് മാത്രമല്ല, ദേശീയ വിമോചനസമരത്തിനും കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടങ്ങൾക്കും വലിയ ഊർജം പകർന്ന സമരമാണ് വൈക്കം സത്യാഗ്രഹം. ഈ സമരവീര്യമാണ് പിന്നാക്കക്കാരെ ഇന്ത്യയുടെ പരമോന്നത സ്ഥാനത്തുവരെ എത്തിക്കാൻ ഇടയാക്കിയത് -ഖാർഗെ പറഞ്ഞു. പ്രസംഗം എം. ലിജു പരിഭാഷപ്പെടുത്തി. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരീഖ് അൻവർ, വിശ്വനാഥ പെരുമാൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.പി. സജീന്ദ്രൻ, നാട്ടകം സുരേഷ് എന്നിവരും പ്രസംഗിച്ചു.
Content Highlights: Mallikarjun Kharge lauds Vaikom Satyagraha’s role against caste discrimination