മഹാത്മജി വൈക്കത്ത്

.
.

1924 ഡിസംബറിൽ ബൽഗാമിൽ ചേർന്ന 39-ാം കോൺഗ്രസ് വാർഷികസമ്മേളനത്തിൽ ഗാന്ധിജിയായിരുന്നു അധ്യക്ഷൻ. അധ്യക്ഷപ്രസംഗത്തിൽ ഗാന്ധിജി ഇങ്ങനെപറഞ്ഞു: വൈക്കത്തെ സത്യാഗ്രഹികൾ നമുക്ക് വഴികാണിക്കുന്നു. അച്ചടക്കത്തോടും നിശ്ചയദാർഢ്യത്തോടും അവർ പൊരുതുന്നു. ക്ഷമ, വിശ്വാസം, ധൈര്യം എന്നിവ അവർക്കുണ്ട്. ആ ഗുണങ്ങളുള്ള പ്രസ്ഥാനത്തിന്റെ പ്രാധാന്യം നമുക്ക് അമൂല്യമാണ്.

കുറൂരിന്റെയും ടി.കെ. മാധവന്റെയും അഭ്യർഥനമാനിച്ച് വൈക്കം സന്ദർശിക്കാമെന്ന് ഗാന്ധിജി അറിയിച്ചു. 1925 മാർച്ച് ഒമ്പതിന് അദ്ദേഹം വൈക്കത്തെത്തി. അതിന്റെഭാഗമായി ഫെബ്രുവരി 19-ന്‌ ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹം ‘യങ് ഇന്ത്യ’യിൽ എഴുതിയ ലേഖനത്തിന്റെ പകർപ്പുകൾ വിതരണംചെയ്യപ്പെട്ടു. ‘സ്വരാജിനുവേണ്ടിയുള്ള സമരത്തെക്കാൾ ഒട്ടും അപ്രധാനമല്ലാത്ത ഒരു സമരമാണ് വൈക്കം സത്യാഗ്രഹികൾ നടത്തുന്നത്. അവർ യുഗങ്ങളോളം നീണ്ടുനിന്ന അനീതിക്കും പക്ഷപാതത്തിനും എതിരായി സമരംചെയ്യുന്നു. മതത്തിന്റെ മുഖംമൂടി ധരിച്ച മതരാഹിത്യത്തിനും അറിവിന്റെ വേഷമണിഞ്ഞ അറിവില്ലായ്മയ്ക്കും എതിരായ പുണ്യയുദ്ധത്തിൽ നടക്കേണ്ട അനേകം ചെറുസമരങ്ങളിലൊന്നാണ് അവർ നടത്തുന്നത്. സത്യാഗ്രഹത്തിൽ പരാജയമെന്നൊന്നില്ല. പരാജയമായി തോന്നുന്ന പലതും യഥാർഥത്തിൽ വിജയത്തിന്റെ അരുണോദയമാണ്. അതു പിറവിയുടെ വേദനയാണ്’.ഇതായിരുന്നു ലേഖനത്തിന്റെ സാരാംശം.

ശ്രീനാരായണഗുരു, ദിവാൻ, മഹാറാണി എന്നിവരുമായൊക്കെ ഗാന്ധിജി ചർച്ചകൾ നടത്തി. ഉത്പതിഷ്ണുക്കളുടെ പക്ഷംചേർന്ന്, അന്ധവിശ്വാസികളോ അജ്ഞരോ ആയ യാഥാസ്ഥിതിക നിലപാടുകളെ തിരസ്കരിക്കുകയാണ് സർക്കാരിന്റെ ധർമമെന്ന് ഭരണകൂടത്തെ അദ്ദേഹം ഓർമിപ്പിച്ചു.

Content Highlights: Mahatma Gandhi and vaikom satyagraha