ആദായനികുതി പരിധി ഉയർത്തൽ; ഡല്‍ഹിയില്‍ വോട്ടാകുമോ? നവംബറിലെ നേട്ടത്തിനായി ബിഹാര്‍ ചായ്‌വും

നിര്‍മല സീതാരാമന്‍ | Photo: PTI
നിര്‍മല സീതാരാമന്‍ | Photo: PTI

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലെ ഏറ്റവും കണ്ണഞ്ചിപ്പിച്ച പ്രഖ്യാപനം. അതാണ് ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തല്‍. രാജ്യത്തെ മധ്യവര്‍ഗ വിഭാഗത്തെ സംബന്ധിച്ച് ഏറെ പോസിറ്റീവായ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം മധ്യവര്‍ഗം നിര്‍ണായക വോട്ടുബാങ്കായ ഡല്‍ഹിയില്‍ ദിവസങ്ങള്‍ മാത്രം അകലെയാണ് പോളിങ്. അതുപോലെ വികസന പദ്ധതികള്‍ അടക്കം പ്രഖ്യാപിച്ച് ബിഹാര്‍ ചായ് വും ബജറ്റിലുണ്ട്. ഈ വര്‍ഷം അവസാനം ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്‌. വോട്ട് ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ സമര്‍ഥമായൊരു രാഷ്ട്രീയ കരുനീക്കം കൂടിയായി ഇതിനെ വ്യാഖ്യാനിക്കാം.

ഫെബ്രുവരി അഞ്ചാം തീയതിയാണ് ഡല്‍ഹി പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഭരണംപിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിക്ക് കിട്ടിയ ട്രംപ് കാര്‍ഡാണ് ഈ ആദായനികുതി പരിധി ഉയര്‍ത്തല്‍ എന്നതില്‍ സംശയംവേണ്ട. ഇടത്തരക്കാരുടെയും വരേണ്യവിഭാഗത്തിന്റെയും വോട്ടാണ് എ.എ.പിയെ ആദ്യമായി അധികാരത്തിലെത്തിച്ചതില്‍ മുഖ്യപങ്കുവഹിച്ച ഘടകം. അധികാരത്തിലെത്തിയതിന് പിന്നാലെ ജനപ്രിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും നടപ്പാക്കിയും കെജ്‌രിവാളും സംഘവും കളംപിടിക്കുകയും ചെയ്തു. 

കോണ്‍ഗ്രസിനെ താരതമ്യേന ശക്തിയുള്ള എതിരാളിയായി കണക്കാക്കാത്ത ബി.ജെ.പിക്ക് ഇക്കുറി ഏതുവിധേനയും എ.എ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയേ മതിയാകൂ. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള നഗരമാണ് ഡല്‍ഹി. അങ്ങനൊരിടത്ത് ഇത്തരമൊരു നീക്കം നടത്തുക വഴി വോട്ടര്‍മാരെ ഒപ്പംകൂട്ടാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപനം അങ്ങനെ വെറുതെ വന്നതല്ലെന്ന് വ്യക്തം.

ഒരുപാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന തത്വം യാഥാര്‍ഥ്യമാക്കുന്നതാണ് ബജറ്റില്‍ ബിഹാറിന് ലഭിച്ച പരിഗണന. കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന് നിതീഷ് കുമാര്‍ നല്‍കുന്ന പിന്തുണയ്ക്ക് പകരമായി ബജറ്റില്‍ ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളാണുള്ളത്. നവംബര്‍ മാസത്തിലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പ്രതിശീര്‍ഷ വരുമാനപട്ടികയില്‍ പിന്നിലാണെങ്കിലും ആദായനികുതി ഇളവ് പ്രയോജനപ്പെടുന്നവര്‍ ബിഹാറിലുമുണ്ട്.

പട്‌ന വിമാനത്താവളം വികസിപ്പിക്കല്‍, മഖാന ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രനര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്, ബിഹ്തയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം തുടങ്ങി വേറെയും നിരവധി പ്രഖ്യാപനങ്ങള്‍ നിതീഷ് കുമാര്‍ ഭരിക്കുന്ന ബിഹാറിനായി കേന്ദ്രം, ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: no income tax upto 12 lakh and other budget proposals how to impact delhi and bihar assembly polls