മൂന്ന് വര്‍ഷത്തിനുള്ളില്‍ 6000 കോടി, സസ്യാഹാരികളുടെ പ്രോട്ടീന്‍; എന്താണ് ബജറ്റിലെ 'മഖാന'?

സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. കുറച്ച് കാലങ്ങളായി ഫിറ്റ്‌നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമാണിത്. ഇത്തവണ മോദി സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ചപ്പോഴും താരം മഖാനയെന്ന ഈ വിത്ത് തന്നെയാണ്. ഇതിനായി പ്രത്യേക ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം.
ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാര്‍ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ ബജറ്റിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. പരമ്പരാഗത രീതികളുപയോഗിച്ചുള്ള ഈ കൃഷി പിന്നീട് പാകിസ്താന്‍, ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
എന്താണ് മഖാന?
നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ ലഘുഭക്ഷണമാണ് മഖാന. ഫോക്സ് നട്ട്സ, ഗാര്‍ഗോണ്‍ നട്ട്സ് ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
മഖാനയില്‍ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബര്‍ വിശപ്പ് നിയന്ത്രിക്കും. അത്തരത്തില്‍ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
മഖാനയില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതില്‍ പ്രോട്ടീന്‍, നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുണ്ട്. എല്ലുകളുടെ ആരോഗ്യം, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തല്‍ തുടങ്ങിയ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഈ പോഷകങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. ഫ്ളേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇവ സുലഭമായി ലഭിക്കും.
നിഖില്‍ കാമത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം
ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകവും സംരഭകനുമായ നിഖില്‍ കാമത്ത് അടുത്തിടെയാണ് മഖാനയുമായി ബന്ധപ്പെട്ട് എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള കയറ്റുമതിയായി മഖാന മാറുമെന്നായിരുന്നു നിഖിലിന്റെ പ്രവചനം.
'ഒരു വലിയ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള അവസരം ഇവിടെ ഇന്ത്യയില്‍ തന്നെയുണ്ട്. ലോകവിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടതാണ് മഖാന'-ഇതായിരുന്നു നിഖില്‍ എക്‌സില്‍ കുറിച്ചത്. ഒപ്പം ലോകവിപണിയില്‍ മഖാനയുടെ സാധ്യതകള്‍ വിവരിക്കുന്ന ചിത്രങ്ങളും നിഖില്‍ പങ്കുവെച്ചിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6000 കോടി മഖാനയിലൂടെ നേടാമെന്നും ഓരോ വര്‍ഷവും കയറ്റുമതിയില്‍ 25 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നും നിഖില്‍ ചൂണ്ടിക്കാണിക്കുന്നു.
ഫ്‌ളേവേഡ് മഖാന സ്‌നാക്കിന് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നത് 150 കോടി രൂപയാണ്. തൊട്ടടുത്ത വര്‍ഷങ്ങളായി ഇതില്‍ 30 ശതമാനം വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചൈന, കൊറിയ, തായ്‌ലന്‍ഡ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മഖാനയ്ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണെന്നും നിഖില്‍ പറയുന്നു.
Content Highlights: nirmala sitharaman announces makhana board in bihar benefits of foxnuts