ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും; ബാറ്ററി നിര്‍മാണത്തില്‍ പുതിയ ദിശ നല്‍കി കേന്ദ്ര ബജറ്റ്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്രാദേശിക ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥീയം അയേണ്‍ ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന 35 പദാര്‍ഥങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരിക്കുന്നത്. 

പ്രാദേശികമായി ലഭ്യമാകാത്ത 25 അസംസ്‌കൃത വസ്തുകളുടെ നികുതി 2024 ജൂലായിയില്‍ പ്രഖ്യാപിച്ച ബജറ്റില്‍ ഒഴിവാക്കിയിരുന്നു. സമാനമായി കോബാള്‍ട്ട് പൗഡര്‍, ലീഡ് സിങ്ക് തുടങ്ങിയ 12 ധാതുകളെ കൂടി നികുതിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയില്‍ ഉപയോഗിക്കുന്ന 35 ധാതുക്കളും മൊബൈല്‍ ഫോണ്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന 25 ധാതുക്കളുടെയും നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. 

ബാറ്ററി നിര്‍മിക്കുന്നതിനുള്ള മുടുക്കുമുതല്‍ കുറഞ്ഞാല്‍ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്ന പരോക്ഷമായ പ്രഖ്യാപനവും ബജറ്റിലുണ്ട്. 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ മോഡലുകള്‍ക്ക് സമാനമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാറ്ററിയുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും ഗണ്യമായ കുറവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍.

Content Highlights: 35 additional goods for EV battery manufacturing to be exempted from customs duty