യമാലിന് ഇന്ന് മധുരപ്പതിനേഴ്; ആഗ്രഹിക്കുന്ന പിറന്നാള്‍ സമ്മാനം യൂറോ കിരീടംതന്നെ-അമ്മയോട് യമാല്‍

Photo | AFP
Photo | AFP

ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ടീമിലെ കൗമാരവിസ്മയം ലാമിൻ യമാലിന് ശനിയാഴ്ച പതിനേഴാം പിറന്നാൾ മധുരം. യൂറോ കിരീടം തന്നെയാണ് പിറന്നാൾ സമ്മാനമായി യമാൽ ആഗ്രഹിക്കുന്നത്. ചാമ്പ്യൻഷിപ്പ് നേടിയാൽ പിറന്നാളിന് വേറെ സമ്മാനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് യമാൽ അമ്മയോട് പറഞ്ഞിരിക്കുന്നത്.

ഞായറാഴ്ച രാത്രിനടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് സ്പെയിനിന്റെ എതിരാളികൾ. സെമിയിൽ ഫ്രാൻസിനെതിരേ നേടിയ അഭ്ദുതഗോളാണ് ടീനേജ് താരത്തെ പൊടുന്നനെ താരപദവിയിലേക്കുയർത്തിയത്. സ്പെയിൻ ഒരു ഗോളിന് പിന്നിൽനിൽക്കവെയായിരുന്നു പെനാൽട്ടി ബോക്സിന് വെളിയിൽനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ യമാൽ ടീമിനെ മത്സരത്തിൽ തിരിച്ചുകൊണ്ടുവന്നത്. ഫൈനലിലും ബാഴ്സതാരം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മൊറോക്കൻ വംശജനായ മൗനീർ നസ്‌റൂയിയുടെയും എക്വറ്റോറിയൽ ഗിനി വംശജയായ ഷെയ്‌ലയുടെയും മകനായി 2007 ജൂലായ് 13-നാണ് ബാഴ്സലോണയിലെ ലോബ്രഗത്തിൽ യമാലിന്റെ ജനനം. ആറാം വയസ്സിൽ ബാഴ്‌സലോണ ക്ലബ്ബ് ഫുട്ബോൾ അക്കാദമി ലാമാസിയയിൽ ചേർന്നു. 2014-ൽ ക്ലബ്ബുമായി കരാറിലെത്തി. സ്പെയിനിനായി യൂറോ യോഗ്യതാ മത്സരത്തിൽ 2023 സെപ്റ്റംബർ എട്ടിന് സൈപ്രസിനെതിരേയായിരുന്നു അരങ്ങേറ്റം. കളിയിൽ 74-ാം മിനിറ്റിൽ ഗോൾ നേടി സ്‌പെയിനിന്റെ പ്രായംകുറഞ്ഞ ഗോൾ സ്‌കോററായി. സ്പെയിനിനായി 13 കളികളിൽനിന്ന് മൂന്നുഗോളും ബാഴ്‌സയ്ക്കായി 38 കളികളിൽനിന്ന് അഞ്ചുഗോളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: seventeen years old for yamal saturday