യമാലിന്റെ 'കുട്ടിക്കളി'ക്ക് പിന്നാലെ ലോകം;1800 കോടി രൂപയ്ക്ക് ചോദിച്ചിട്ടും വിട്ടുനല്‍കിയില്ല

Photo | AFP
Photo | AFP

കുട്ടിക്കാലത്ത് വായിച്ച ബാലപ്രസിദ്ധീകരണത്തിലെ 'വഴി കണ്ടുപിടിക്കാമോ'യെന്ന പംക്തിയെ ഗൃഹാതുരതയോടെ ഓര്‍മ്മിപ്പിക്കുകയാണ് ലാമിന്‍ യമാലെന്ന സ്പാനിഷ് ഫുട്ബോളര്‍. യൂറോകപ്പിന്റെ മൈതാനങ്ങളില്‍ ഗോളിലേക്കുള്ള വഴിതേടലാണ് കൗമാരക്കാരന്റെ വിനോദം. അവന്റെ 'കുട്ടിക്കളിക്ക്' പിന്നാലെയാണിപ്പോള്‍ ഫുട്ബോള്‍ലോകം. മുന്നിലെ ഏതു പ്രതിബന്ധങ്ങളെയും നിസ്സാരമായി മറികടക്കുന്ന, പ്രതിരോധക്കോട്ടകളെ കണ്ണടച്ചുതുറക്കുമ്പോഴേക്കും മലര്‍ക്കെ തുറന്നിടുന്ന വിദ്യയാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

മൊറോക്കോയിലായാലും എക്വറ്റോറിയല്‍ ഗിനിയിലായാലും സ്പെയിനിലായാലും ജര്‍മനിയിലായാലും ഗോളിലേക്കുള്ള വഴികള്‍ക്ക് ദൂരവും തടസ്സങ്ങളും ഒരേപോലെയാണെന്ന് കുട്ടിക്കാലംമുതലേ യമാലിനറിയാം. പന്തുതട്ടിത്തുടങ്ങിയ കാലംമുതല്‍ ഗോളടിക്കുന്നതിനെക്കാള്‍ കൂട്ടുകാര്‍ക്ക് ഗോള്‍വഴികള്‍ തുറന്നിടുന്നതില്‍ പ്രത്യേക ആനന്ദവും കണ്ടെത്തുന്നുണ്ട്. ഇത്തവണത്തെ യൂറോകപ്പിന്റെ സെമിഫൈനലില്‍ ഫ്രാന്‍സിനെതിരേ നേടിയ വണ്ടര്‍ഗോള്‍ സ്വന്തംപേരില്‍ വരുംമുമ്പ് മൂന്ന് അസിസ്റ്റുകള്‍ തൊട്ടടുത്ത കോളത്തില്‍ യമാല്‍ എഴുതിച്ചേര്‍ത്തിരുന്നു. സ്പാനിഷ് ക്ലബ്ബ് ബാഴ്സയിലായാലും അടിച്ച ഗോളുകളെക്കാള്‍ കൂടുതലുണ്ട് അസിസ്റ്റുകള്‍.

യമാലിന്റെ അച്ഛന്‍ മൊറോക്കോക്കാരനായ മൗനിര്‍ നസ്റൂയിയും അമ്മ എക്വറ്റോറിയല്‍ ഗിനിക്കാരി ഷെയ്ലയുമാണ്. സ്പെയിനിലെ ബാഴ്സലോണയിലാണ് യമാലിന്റെ ജനനം. ആറാം വയസ്സില്‍ എഫ്.സി. ബാഴ്സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയില്‍ എത്തിയതോടെ ഫുട്ബോളിലെ പ്രതിഭ തേച്ചുമിനുക്കപ്പെട്ടു. 2022 സെപ്റ്റംബറില്‍ ബാഴ്സ മുന്‍ പരിശീലകന്‍ സാവി സീനിയര്‍ ടീമിലേക്ക് കൊണ്ടുവന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ബാഴ്സയ്ക്കുമുന്നിലൊരു വാഗ്ദാനംവെച്ചു. യമാലിനെ നല്‍കിയാല്‍ 1800 കോടിയോളം രൂപ നല്‍കാമെന്ന്. എന്നാല്‍, ബാഴ്സ മാനേജ്മെന്റ് ആ വാഗ്ദാനം കൈയോടെ തള്ളി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒഴിച്ചിട്ടുപോയ കസേരയിലേക്ക് കയറിയിരിക്കാന്‍ ശേഷിയുള്ള പ്രതിഭയെ അവരെങ്ങനെ വില്‍ക്കും.

സാധാരണയായി വലതുവിങ്ങില്‍ കളിക്കുന്ന യമാലിനെ പ്ലേമേക്കറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഉപയോഗപ്പെടുത്താം. വേഗവും ഡ്രിബ്ലിങ് മികവുമാണ് താരത്തിന്റെ പ്രധാന ആയുധങ്ങള്‍. എതിര്‍പ്രതിരോധത്തിന്റെ നിലതെറ്റിക്കുംവിധം ഇതുരണ്ടും കളത്തില്‍ പ്രയോഗിക്കാന്‍ 16-കാരന് കഴിയുന്നു. അതാണ് യൂറോകപ്പില്‍ കാണുന്നതും.

സ്പാനിഷ് ലാലിഗയില്‍ ബാഴ്സയ്ക്കായി കളിക്കുകയും ഗോള്‍ നേടുകയുംചെയ്ത പ്രായംകുറഞ്ഞ താരമാണ് യമാല്‍. അന്താരാഷ്ട്ര ഫുട്ബോളില്‍ സ്പെയിനിന്റെ പ്രായംകുറഞ്ഞ താരവും ഗോള്‍ സ്‌കോററും. യൂറോകപ്പില്‍ കളിക്കാനിറങ്ങിയപ്പോള്‍ ഈ ടൂര്‍ണമെന്റിലെ പ്രായംകുറഞ്ഞ താരം എന്ന റെക്കോഡും സ്വന്തമാക്കി. സെമിഫൈനലില്‍ സ്‌കോര്‍ചെയ്തതോടെ യൂറോകപ്പ് ചരിത്രത്തിലെ പ്രായംകുറഞ്ഞ ഗോള്‍നേട്ടക്കാരനുമായി. സെമിഫൈനലില്‍ ഫ്രാന്‍സിനെതിരേ ഗോള്‍ നേടുന്നത് തന്റെ സ്വപ്നമായിരുന്നെന്നാണ് യമാല്‍ മത്സരശേഷം പറഞ്ഞത്. യമാലിന്റെ സ്വപ്നങ്ങള്‍ എതിരാളികളുടെ പേടിസ്വപ്നമാകുന്ന കാലമാകും വരാനിരിക്കുന്നത്.

കരിയര്‍

സ്പെയിന്‍

കളി ഗോള്‍ അസിസ്റ്റ്

13 3 1

സ്പെയിന്‍

കളി ഗോള്‍ അസിസ്റ്റ്

51 7 10

യൂറോകപ്പിലെ പ്രകടനം

കളി 6

കളിസമയം 418 മിനിറ്റ്

ഗോള്‍ 1

അസിസ്റ്റ് 3

ഗോള്‍ശ്രമം 16

പാസിങ് കൃത്യത 80.34%

സ്പീഡ് 32.1 (km/h)

മൈതാനത്ത് സഞ്ചരിച്ച ദൂരം 45.9 കി.മീ.

Content Highlights: lamine yamal incredible play