ചെക്ക് റിപ്പബ്ലിക്കിനെതിരേ അവസാന നിമിഷത്തില്‍ ജയം; തുര്‍ക്കി പ്രീക്വാര്‍ട്ടറില്‍

Photo | AFP
Photo | AFP

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം. മൂന്ന് ഗോളുകളും പിറന്നത് രണ്ടാംപകുതിയിലാണ്. 90 മിനിറ്റുവരെ സമനിലയില്‍ തുടര്‍ന്ന മത്സരം ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ തുര്‍ക്കി വരുതിയിലാക്കുകയായിരുന്നു. 

ഇതോടെ ഗ്രൂപ്പില്‍ തുര്‍ക്കി, പോര്‍ച്ചുഗലിനു കീഴില്‍ രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. നോക്കൗട്ടില്‍ ഓസ്ട്രിയയാണ് തുര്‍ക്കിയുടെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെയാണ് തുര്‍ക്കി രണ്ടാമതായത്. അതേ പോയിന്റുള്ള പോര്‍ച്ചുഗല്‍ ഗോള്‍ ആനുകൂല്യത്തില്‍ ഒന്നാമതെത്തി. മൂന്ന് കളികളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി ചെക്ക് റിപ്പബ്ലിക്ക് പുറത്തായി. അതിനിടെ ഇന്നത്തെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരേ അട്ടിമറി ജയം നേടി ജോര്‍ജിയ മൂന്നാംസ്ഥാനത്തെത്തുകയും അതുവഴി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടുകയും ചെയ്തു. 

51-ാം മിനിറ്റില്‍ തുര്‍ക്കിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഹകന്‍ കലനോഗ്ലുവാണ് തുര്‍ക്കിയെ മുന്നിലെത്തിച്ചത്. തുര്‍ക്കിയുടെ ആദ്യനീക്കം ചെക്ക് ഗോള്‍ക്കീപ്പര്‍ പ്രതിരോധിച്ചെങ്കിലും തുടര്‍ന്നുവന്ന ഷോട്ട് വലയില്‍ കയറി (1-0). 66-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മറുപടിയെത്തി. തോമസ് സോസെക്കാണ് ചെക്ക് ടീമിനായി ഗോള്‍ നേടി കളി സമനിലയിലെത്തിച്ചത്. തുടര്‍ന്ന് ഇന്‍ജുറി ടൈമായ 94-ാം മിനിറ്റില്‍ സെന്‍ക് തൊസുന്‍ തുര്‍ക്കിയെ വീണ്ടും മുന്നിലെത്തിച്ചു. 

മത്സരത്തിലുടനീളം 14 മഞ്ഞക്കാര്‍ഡുകളും അതുവഴിയുള്ള റെഡ് കാര്‍ഡും കാണിക്കേണ്ടി വന്നു റഫറിക്ക്. റഫറിയുടെ നടപടി ഇതിനകം വിവാദമായിട്ടുണ്ട്. റഫറിയുടെ നിരന്തരമായ ഇടപെടലാണ് കളിയുടെ താളം നഷ്ടപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.
 

Content Highlights: euro cup turkey vs czechia