ഇഞ്ചോടിഞ്ച് പോരാട്ടം; ജോര്‍ജിയന്‍ പോരാട്ടവീര്യത്തെ കീഴടക്കി തുര്‍ക്കി

ഡോര്‍ട്ട്മുണ്‍ഡ്: ആക്രമണങ്ങളും അതിനൊത്ത പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന യൂറോ കപ്പ് പോരാട്ടത്തില്‍ കന്നിക്കാരായ ജോര്‍ജിയയുടെ പോരാട്ടവീര്യം മറികടന്ന് തുര്‍ക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം. 25-ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ മുന്നിലെത്തിയ തുര്‍ക്കിക്കെതിരേ 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്‌സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. എന്നാല്‍ 65-ാം മിനിറ്റില്‍ 19-കാരന്‍ ആര്‍ദ ഗുലെര്‍ നേടിയ കിടിലനൊരു ലോങ് റേഞ്ചറില്‍ ലീഡെടുത്ത തുര്‍ക്കി, ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായുള്ള ജോര്‍ജിയയുടെ ശ്രമത്തിനിടെ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും സ്വന്തമാക്കുകയായിരുന്നു.
കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമും ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ വേഗത്തില്‍ ഒത്തിണക്കം കാണിച്ച തുര്‍ക്കി പെട്ടെന്നു തന്നെ ആദ്യ പകുതിയിലെ ആക്രമണങ്ങളില്‍ ആധിപത്യം നേടി. ആര്‍ദ ഗുലെറും ഒര്‍ക്കുണ്‍ കൊക്കുവും കെനാന്‍ യില്‍ഡിസും യില്‍മാസും ചേര്‍ന്ന് തുടര്‍ച്ചയായി ജോര്‍ജിയന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും പ്രതിരോധം ഉറച്ചുനിന്നു.
10-ാം മിനിറ്റില്‍ നിര്‍ഭാഗ്യം തുര്‍ക്കിയുടെ ആദ്യ ഗോള്‍ തടഞ്ഞു. മികച്ചൊരു ടീം ബില്‍ഡപ്പിനൊടുവില്‍ കാന്‍ അയ്ഹാന്‍ അടിച്ച പന്ത് പോസ്റ്റിലിടിച്ച് പുറത്തുപോയി. തുര്‍ക്കി ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ജോര്‍ജിയ തങ്ങളുടെ ബാക്ക്‌ലൈന്‍ ഒന്നുകൂടി ശക്തമാക്കി. എന്നാല്‍ 25-ാം മിനിറ്റില്‍ തുര്‍ക്കി ആദ്യ വെടിപൊട്ടിച്ചു. ഫെര്‍ഡി കഡിയോലു ബോക്‌സിലേക്കടിച്ച പന്ത് ജോര്‍ജിയന്‍ ഡിഫന്‍ഡര്‍ ലാഷ ഡാലി ഹെഡ് ചെയ്തകറ്റിയത് മെര്‍ട്ട് മള്‍ഡറുടെ കാല്‍പ്പാകത്തിനായിരുന്നു. താരത്തിന്റെ കിടിലനൊരു വോളി ജോര്‍ജിയന്‍ ഗോള്‍കീപ്പര്‍ ജിയോര്‍ജി മമര്‍ദഷ്വിലിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി. തൊട്ടുപിന്നാലെ മറ്റൊരു അതിവേഗ മുന്നേറ്റത്തിനൊടുവില്‍ യില്‍ഡിസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായിരുന്നു.
ഗോള്‍വീണതോടെ ജോര്‍ജിയ ഉണര്‍ന്നു. 32-ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തുകയും ചെയ്തു. ബോക്‌സിന്റെ വലതുഭാഗത്ത് തുര്‍ക്കി ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തുകയറി ജിയോര്‍ജി കൊഷോറാഷ്വിലി നല്‍കിയ പന്ത് ജോര്‍ജ് മിക്കൗടാഡ്‌സെ വലയിലാക്കുകയായിരുന്നു. ഒരു മേജര്‍ ടൂര്‍ണമെന്റിലെ ജോര്‍ജിയയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. അഞ്ചു മിനിറ്റിനുള്ളില്‍ ജോര്‍ജിയ ഒരിക്കല്‍ കൂടി ഗോളിനടുത്തെത്തി. പക്ഷേ ഇത്തവണ മിക്കൗടാഡ്‌സെയുടെ ഷോട്ട് പുറത്തുപോയി.
ആദ്യ പകുതി 1-1ല്‍ അവസാനിച്ചതിനു പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജോര്‍ജിയ ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ആല്‍പെര്‍ യില്‍മാസിന്റെ ക്രോസില്‍ നിന്നുള്ള മള്‍ഡറുടെ ഷോട്ട് തുര്‍ക്കി ഗോളി മമര്‍ദഷ്വിലി അനായാസം പിടിച്ചെടുത്തു. എന്നാല്‍ ഹകാന്‍ കലനോലുവിന്റെ മുന്നേറ്റങ്ങളും ത്രൂപാസുകളും രണ്ടാം പകുതിയില്‍ ജോര്‍ജിയന്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
പിന്നാലെ 65-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് 25 വാര അകലെനിന്ന് കിടിലനൊരു ഷോട്ടിലൂടെ 19-കാരന്‍ ആര്‍ദ ഗുലെര്‍ തുര്‍ക്കിക്ക് ലീഡ് സമ്മാനിച്ചു. 1964-ല്‍ ഹംഗറിക്കായി സ്‌കോര്‍ ചെയ്ത ഫെറെങ്ക് ബെനെയ്ക്കും 2004-ല്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ശേഷം കന്നി യൂറോ ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ടീനേജ് താരമെന്ന നേട്ടവും ഈ ഗോളോടെ ഗുലെര്‍ സ്വന്തമാക്കി.
71-ാം മിനിറ്റില്‍ ജോര്‍ജിയയുടെ ജിയോര്‍ജി കൊഷോറാഷ്വിലിയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. സമനില ഗോളിനായുള്ള ജോര്‍ജിയയുടെ കഠിന പ്രയത്‌നം അവര്‍ക്ക് നിരവധി അവസരങ്ങളൊരുക്കി നല്‍കി. ഇന്‍ജുറി ടൈമിലെ ജോര്‍ജിയന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തുര്‍ക്കി നന്നേ പാടുപെട്ടു. ഒടുവില്‍ കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തുര്‍ക്കി ബോക്‌സിനടുക്ക് ലഭിച്ച ഒരു ഫ്രീകിക്കിനായി ജോര്‍ജിയന്‍ ഗോളിയടക്കം തുര്‍ക്കി ബോക്‌സിലെത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത് മുന്നേറിയ ആക്ടര്‍കോലു ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. തുര്‍ക്കി - 3, ജോര്‍ജിയ - 1.
Content Highlights: euro cup 2024 turkey beat georgia in group f match