ആശാന്മാരുടെ കളി

ദിദിയര്‍ , ജൂലിയന്‍ നാഗല്‍സ്മാന്‍ | Photo: AFP
ദിദിയര്‍ , ജൂലിയന്‍ നാഗല്‍സ്മാന്‍ | Photo: AFP

ഫുട്ബോള്‍ തന്ത്രങ്ങളുടെ കളിയാണ്. കടലാസില്‍ തയ്യാറാക്കുന്ന ഗെയിംപ്ലാനുകള്‍ക്കപ്പുറത്ത് പ്ലാന്‍ ബി-യും എമര്‍ജന്‍സി ടാക്റ്റിക്സുകളുമെല്ലാം കളിഗതിയെ മാറ്റിമറിക്കും. ഇത്തവണത്തെ യൂറോകപ്പില്‍ ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ് മുതല്‍ പുതുമുഖടീമായ ജോര്‍ജിയയുടെ വില്ല സാഗ്‌നോല്‍വരെയുള്ള പരിശീലകര്‍ തന്ത്രങ്ങളുമായി അണിയറയിലുണ്ട്.

സൂപ്പര്‍ കോച്ചസ്

24 പരിശീലകരില്‍ അനുഭവംകൊണ്ടും നേട്ടങ്ങള്‍കൊണ്ടും സൂപ്പര്‍താരപദവിയുള്ളവര്‍ ഇത്തവണയും യൂറോകപ്പിനെത്തുന്നുണ്ട്. ഫ്രാന്‍സിനെ ലോകചാമ്പ്യന്മാരാക്കിയ ദെഷാംപിനുപുറമേ, ക്രൊയേഷ്യയുടെ സ്ലാറ്റ്കോ ഡാലിച്ച്, നെതര്‍ലന്‍ഡ്സിന്റെ റൊണാള്‍ഡോ കൂമാന്‍, പോര്‍ച്ചുഗലിന്റെ റോബര്‍ട്ടോ മാര്‍ട്ടിനെസ്, ഇറ്റലിയുടെ ലൂസിയാനോ സ്പല്ലെറ്റി, ജര്‍മനിയുടെ ജൂലിയന്‍ നാഗല്‍സ്മാന്‍, ഇംഗ്ലണ്ടിന്റെ ഗാരേത് സൗത്ത് ഗേറ്റ്, സ്പെയിനിന്റെ ലൂയി ഡി ഫുന്തെ എന്നിവര്‍ താരപദവിയുള്ളവരാണ്.

കൈനിറയെ പണം

പ്രതിഫലത്തില്‍ ഇംഗ്ലണ്ടിന്റെ സൗത്ത്ഗേറ്റാണ് ഒന്നാമത്. 52.10 കോടിരൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്. നാഗല്‍സ്മാന് 43 കോടിയും പോര്‍ച്ചുഗലിന്റെ റോബര്‍ട്ടോ മാര്‍ട്ടിനെസിന് 35.91 കോടിയും ലഭിക്കുന്നുണ്ട്. ദെഷാംപിന് 34.11 കോടിയാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. ഇറ്റലിയുടെ സ്പല്ലെറ്റിക്ക് 26 കോടി കിട്ടും. 1.79 കോടി രൂപ ലഭിക്കുന്ന ജോര്‍ജിയയുടെ വില്ലി സാഗ്‌നോലാണ് പ്രതിഫലപ്പട്ടികയില്‍ ഏറ്റവും പിന്നില്‍.

ഡബിള്‍ സ്ട്രോങ് ദെഷാംപ്

ദിദിയര്‍ ദെഷാംപ് ഫ്രഞ്ച് ടീമിന്റെ പരിശീലകസ്ഥാനത്തെത്തിയിട്ട് 11 വര്‍ഷം കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളില്‍തന്നെ ഒരു ടീമിന്റെ പരിശീലകനായി ദീര്‍ഘനാള്‍ തുടരാന്‍ കഴിയുന്നത് അത്ര എളുപ്പമല്ല. ഏഴുവര്‍ഷമായി ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുന്ന ഗാരേത് സൗത്ത് ഗേറ്റാണ് ഇക്കാര്യത്തില്‍ രണ്ടാമത്. ക്രൊയേഷ്യയുടെ ഡാലിച്ച് ആറുവര്‍ഷവും ഹങ്കറിയുടെ മാര്‍ക്കോ റോസി, സ്ലോവേനിയയുടെ മാറ്റ്സ് കെക്, സ്‌കോട്ട്ലന്‍ഡിന്റെ സ്റ്റീവ് ക്ലാര്‍ക്ക് എന്നിവര്‍ അഞ്ചുവര്‍ഷവും പിന്നിട്ടു. ചെക്ക് റിപ്പബ്ലിക്കിന്റെ ഇവാന്‍ ഹസെക്കാണ് ഏറ്റവും പിന്നില്‍. അഞ്ചുമാസം മാത്രമേയായിട്ടുള്ളൂ ടീമിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയിട്ട്.

സീനിയര്‍ റാഗ്‌നിക്ക് ജൂനിയര്‍ നാഗല്‍സ്മാന്‍

യൂറോകപ്പിനെത്തുന്ന പരിശീലകരില്‍ ഓസ്ട്രിയയുടെ റാല്‍ഫ് റാഗ്‌നിക്കും ഇറ്റലിയുടെ ലൂസിയാനോ സ്പല്ലെറ്റിയുമാണ് പ്രായംകൂടിയ പരിശീലകര്‍ ജര്‍മന്‍കാരനായ റാഗ്‌നിക്കിനും ഇറ്റലിക്കാരനായ സ്പല്ലെറ്റിക്കും 65 വയസ്സ് പ്രായമുണ്ട്. 36-കാരനായ ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാനാണ് പരിശീലകരിലെ ഇളമുറക്കാരന്‍. ബെല്‍ജിയം പരിശീലകന്‍ ഡൊമെനിക്കോ ടെഡെസ്‌ക്കോക്ക് 38 വയസ്സേയുള്ളൂ.

Content Highlights: euro coaches 2024 oldest youngest