പിക്ഫോഡിന്റെ വെള്ളക്കുപ്പിയിലെ വിജയ സൂത്രവാക്യങ്ങള്‍; ഇത് തന്ത്രങ്ങളുടെ ഷൂട്ടൗട്ട്

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പെനാല്‍ട്ടി ഷൂട്ടൗട്ടിനായി വരുമ്പോള്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ഡാന്‍ പിക്ഫോഡ് ടവ്വലില്‍ പൊതിഞ്ഞെടുത്തു കൊണ്ടുവന്ന വെള്ളക്കുപ്പിയില്‍ വിജയത്തിന്റെ സൂത്രവാക്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ വിജയശേഷം പിക്ഫോഡിന്റെ വെള്ളക്കുപ്പിയെപ്പറ്റി ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച കനത്തു. ഓരോ സ്വിസ് താരത്തിന്റേയും പെനാല്‍ട്ടി കിക്ക് വരാന്‍ സാധ്യതയുള്ള പൊസിഷന്‍ കുപ്പിയെ ചുറ്റിയ കറുത്തലേബലില്‍ എഴുതിയിട്ടിരുന്നു. ആദ്യകിക്കെടുത്ത മാനുവല്‍ അക്കാഞ്ചിയുടെ പേരിന് നേരെ ഡൈവ് ലെഫ്റ്റ് എന്നായിരുന്നു. കൃത്യമായി ആ വശത്തേക്കു ചാടിയാണ് കിക്ക് രക്ഷപ്പെടുത്തിയത്. അതിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഷൂട്ടൗട്ട് വിജയിച്ച് സെമിയിലെത്തിയത്.
ഷൂട്ടൗട്ട് ടാക്റ്റിക്സ്
യൂറോകപ്പിലും കോപ്പ അമേരിക്ക ഫുട്ബോളിലുമായി നടന്ന എട്ട് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ അഞ്ചെണ്ണത്തിലും തീരുമാനമായത് പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു. യൂറോയില്‍ രണ്ടും കോപ്പയില്‍ മൂന്നും. ഷൂട്ടൗട്ട് എന്ന ഭാഗ്യപരീക്ഷണത്തെ ടീമുകള്‍ പഴയപോലെ ഭയക്കുന്നില്ലെന്ന് മാത്രമല്ല, നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് വരുന്നതെന്ന് വ്യക്തം.
നോക്കൗട്ട് ഘട്ടത്തില്‍ 90 മിനിറ്റില്‍ തോല്‍ക്കാതിരിക്കുക എന്നതാണ് ഇക്കുറി ടീമുകളുടെ ലക്ഷ്യം. ജര്‍മനി - സ്‌പെയിന്‍ മത്സരം മാറ്റിനിര്‍ത്തിയാല്‍ നോക്കൗട്ട് ഘട്ടത്തില്‍ ജയിക്കണമെന്ന ഒറ്റവാശിയില്‍ നടന്ന മറ്റൊരു മത്സരവുമില്ല. തോല്‍ക്കാതിരിക്കുകയെന്ന മനസ്സോടെയാണ് മിക്കടീമുകളും പന്തു തട്ടിയത്. ജയിക്കാന്‍മാത്രം ഇറങ്ങുന്നതും തോല്‍ക്കാതിരിക്കാന്‍ ഇറങ്ങുന്നതും കളിക്കാരുടെ മാനസികതലത്തില്‍ വ്യത്യാസമുണ്ടാക്കും. പ്രതിരോധ ഫുട്ബോള്‍ കളിക്കുകയും വീണുകിട്ടുന്ന അവസരങ്ങളില്‍ ഗോളടിച്ച് ജയം നേടുകയാണ് ഈ ടീമുകളുടെ രീതി. അത് നടന്നില്ലെങ്കില്‍ ഷൂട്ടൗട്ടിന് ടീമുകള്‍ മാനസികമായി തയ്യാറായിരുന്നു. അഥവാ തോറ്റാല്‍ അത് ഷൂട്ടൗട്ടിലാണെന്ന പിടിവള്ളിയുമുണ്ട്.
പ്രതിരോധപോരാട്ടങ്ങള്‍
യൂറോകപ്പില്‍ പ്രതിരോധം ശക്തമാക്കിയുള്ള പോരാട്ടങ്ങളാണ് നടക്കുന്നത്. അതിന്റെ വലിയ ഉദാഹരണമാണ് ബോക്‌സിനു പുറത്തുനിന്നുവരുന്ന ഗോളുകളുടെ വര്‍ധന. യൂറോകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ലോങ്റേഞ്ച് ഗോളുകള്‍ വന്ന ടൂര്‍ണമെന്റാണിത്. 22 ഗോളുകള്‍ ഇങ്ങനെ വന്നുകഴിഞ്ഞു. 2020 യൂറോയിലെ 19 എണ്ണം വന്നതായിരുന്നു ഇതുവരെ റെക്കോഡ്. മൂന്ന് പ്രതിരോധനിരക്കാരും അഞ്ച് മധ്യനിരക്കാരുമെന്ന ടീം ഘടനയിലാണ് മിക്കടീമുകളും കളിക്കുന്നത്. ഡിഫന്‍സീവ് തേര്‍ഡില്‍ എതിരാളിക്ക് അധികം സ്‌പെയ്സ് അനുവദിക്കാതെ കളിക്കുകയെന്ന ഗെയിംപ്ലാന്‍. പ്രതിരോധത്തില്‍ ആള്‍ക്കൂട്ടമായതോടെ ബോക്‌സിലേക്ക് കയറി ഗോളടിക്കുന്നത് എളുപ്പമല്ലാതാകുന്നു. ചെറിയ ടീമുകളാണ് ഈ തന്ത്രം നന്നായി പയറ്റുന്നത്.
ഗോള്‍കീപ്പര്‍ ഇഫക്ട്
യൂറോകപ്പില്‍ മിക്കവാറും എല്ലാ ടീമുകളുടേയും ഗോള്‍കീപ്പര്‍മാര്‍ മികച്ച പ്രകടനം നടത്തി. സാങ്കേതികമായി ഗോള്‍കീപ്പര്‍മാരുടെ മെച്ചപ്പെടല്‍ ടീമിന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നു. ഷൂട്ടൗട്ടിലേക്ക് ഭയമില്ലാതെ നീങ്ങാന്‍ ഇത് ടീമുകളെയും പരിശീലകരെയും പ്രേരിപ്പിക്കുന്നു. വമ്പന്‍ ടൂര്‍ണമെന്റുകളിലെ ഓരോ കളിക്കും ഗോള്‍കീപ്പര്‍മാരും സഹായികളും സാങ്കേതികമായി വലിയ തയ്യാറെടുപ്പ് നടത്തുന്നു. പിക്ഫോഡിന്റെ തയ്യാറെടുപ്പ് ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. പെനാല്‍ട്ടി കിക്കെടുക്കാന്‍ റഫറിയുടെ വിസിലിനോടുള്ള കളിക്കാരന്റെ സ്റ്റാര്‍ട്ടിങ് റിയാക്ഷന്‍പോലും അളന്നാണ് ഇതിനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. ഗോള്‍കീപ്പറുടെ വേഗവും പ്രതികരണരീതിയുമെല്ലാം പഠനങ്ങള്‍ക്കു വിധേയമാകുന്നു.
2022-ലെ ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ അവസാനിച്ചത് പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു. 2021-ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലും 2020-ലെ യൂറോകപ്പും 2016-ലെ കോപ്പ അമേരിക്കയും ചാമ്പ്യനെ നിശ്ചയിച്ചത് ഷൂട്ടൗട്ടിലൂടെയായിരുന്നു.
Content Highlights: euro 2024 penalty shoot out tactics jordan pickford water bottle secret weapon