തിരിച്ചുവരവിന്റെ അതിമനോഹര കഥ; പഴയ ഹാമിഷ് റോഡ്രിഗസ് വീണ്ടും തെളിയുമ്പോള്‍

ബ്രസീൽ ലോകകപ്പിനുശേഷം ഫുട്‌ബോൾലോകം ഭരിക്കാൻപോകുന്ന താരമെന്ന് വിശേഷിപ്പിക്കപ്പെടുകയും പിന്നീട് തകർന്നുപോകകയുംചെയ്ത ഒരു താരമുണ്ട്, ഹാമിഷ് റോഡ്രിഗസ്. വർഷങ്ങൾക്കിപ്പുറം കോപ്പ അമേരിക്കയിൽ കൊളംബിയ ഫൈനലിലെത്തുമ്പോൾ അതേ ഹാമിഷ് തിരിച്ചുവരവിന്റെ മനോഹരകഥയുമായി അവരുടെ നായകനാണ്.
പത്തുവർഷംമുമ്പുള്ള ജൂൺ 26-നായിരുന്നു ബ്രസീൽ ലോകകപ്പ് ഫുട്‌ബോളിലെ കൊളംബിയ-യുറഗ്വായ് പ്രീക്വാർട്ടർ മത്സരം. അന്നത്തെ മത്സരത്തിനുശേഷം കൊളംബിയയിലെ 1400-ലധികം കുട്ടികളുടെ പേര് ഹാമിഷ് എന്നായിമാറി. അതിനൊറ്റക്കാരണമേയുണ്ടായിരുന്നുള്ളൂ, ആ മത്സരത്തിലെ ഹാമിഷ് റോഡ്രിഗസ് എന്ന കൊളംബിയൻ താരത്തിന്റെ പ്രകടനം. യുറഗ്വായിക്കെതിരേ രണ്ടുതവണ ലക്ഷ്യംകണ്ട താരത്തിന്റെ ഒരു ഗോൾ ടൂർണമെന്റിലെതന്നെ മികച്ചതായിരുന്നു. 2014 ലോകകപ്പ് ഫൈനലിൽ വിസിൽ മുഴങ്ങിയപ്പോൾ ആറുഗോളോടെ ഗോൾഡൻ ബൂട്ട് 21-കാരൻ ഹാമിഷിന്റെ കൈയിലായിരുന്നു, ഒപ്പം റയൽ മഡ്രിഡ് അടക്കമുള്ള ലോകത്തെ വമ്പൻ ക്ലബ്ബുകളിൽനിന്നുള്ള വാഗ്ദാനവും.
അക്കാലത്തെ 6.3 കോടി യൂറോക്കാണ് റയൽ മഡ്രിഡ് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിൽനിന്ന് മധ്യനിരക്കാരൻ ഹാമിഷിനെ ടീമിലെത്തിച്ചത്. ക്ലബ്ബ് ട്രാൻസ്ഫർ ചരിത്രത്തിലെ നാലാമത്തെ ഉയർന്നതുകയായിരുന്നു അത്. ലോകഫുട്‌ബോൾ ഭരിക്കാൻപോകുന്ന താരമെന്നാണ് ലോകകപ്പിലെ പ്രകടനം താരത്തിനുമേൽ ചാർത്തിക്കൊടുത്തത്.
യു.എസിൽ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിൽ യുറഗ്വായിയെ കീഴടക്കി കൊളംബിയ ഫൈനലിലെത്തുമ്പോൾ അവരുടെ നായകൻ അതേ ഹാമിഷാണ്. കോപ്പ തുടങ്ങുന്നതുവരെ ഫുട്‌ബോൾപ്രേമികളുടെ ഓർമ്മയിൽ താരവും അയാളുടെ 2014 പ്രകടനവുമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, കിരീടപ്പോരാട്ടത്തിലേക്ക് മുന്നിൽനിന്ന് നയിക്കുമ്പോൾ പഴയ ഹാമിഷ് റോഡ്രിഗസാണ് തെളിഞ്ഞുവരുന്നത്. ഗോളടിക്കുന്നതിനെക്കാൾ ഗോളടിപ്പിച്ച് അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോൾ ഗംഭീരമാക്കുന്നുണ്ട്.
2014-നുശേഷമുള്ള പത്തുവർഷങ്ങളിൽ ഹാമിഷിന്റെ കരിയറിൽ പലതും സംഭവിച്ചു. ഫുട്‌ബോൾേലാകത്തിന്റെ സിംഹാസനത്തിലേക്കു കയറാൻ തുടങ്ങിയെങ്കിലും യുവതാരത്തിന് പാതിയിൽ പഴിച്ചു. താരനിബന്ധമായ റയൽ മഡ്രിഡിലെ സമ്മർദം താങ്ങാൻകഴിയാതിരുന്നതോടെ കളിക്കളത്തിൽ പതറി. നാലുസീസണുകൾക്കുശേഷം മഡ്രിഡ് വിടുമ്പോൾ 125 കളിയും 27 ഗോളുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ജർമൻ ക്ലബ്ബ് ബയേണിലേക്ക് വായ്പയിൽ പോയെങ്കിലും അവിടെയും തിളങ്ങിയില്ല. പിന്നീട് ഒരു സീസണിൽ ഇംഗ്ലീഷ് ക്ലബ്ബ് എവർട്ടണിൽ കളിച്ചു. അതിനുശേഷം കരിയർ താഴേക്കായി. വമ്പൻ ക്ലബ്ബുകൾക്ക് ഹാമിഷിനെ വേണ്ടാതായി. ഖത്തർ ക്ലബ്ബ് അൽ റയാനിലും ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിലുമായി കളി. കഴിഞ്ഞ രണ്ടു സീസണുകളായി ബ്രസീൽ ക്ലബ്ബ് സാവോപൗലോയിലാണ്.
2014-നുശേഷം കൊളംബിയക്കും തിരിച്ചടികളായിരുന്നു. 2022 ഖത്തർ ലോകകപ്പിന് അവർ യോഗ്യതനേടിയതുമില്ല. അതിനുശേഷം അർജന്റീനാ പരിശീലകൻ നെസ്റ്റർ ലോറൻസോ ചുമതലയേറ്റു. അതിനുശേഷമാണ് കൊളംബിയയും ഹാമിഷും പഴയപ്രതാപം തിരിച്ചുപിടിക്കാൻ തുടങ്ങിയത്.
‘‘മൈതാനത്ത് മറ്റു കളിക്കാരെപ്പോലെ ഓടിക്കളിക്കുന്നതിൽ ഹാമിഷ് അല്പം പിന്നിലാണ്, എന്നാൽ ചിന്തിക്കുന്നതിൽ അവരേക്കാളും മുന്നിലും’’ -ഹാമിഷിനെക്കുറിച്ച് നെസ്റ്ററിനുള്ള കാഴ്ചപ്പാടിലുണ്ട് ടീമിന്റെ ഗെയിംപ്ലാൻ അടക്കമുള്ള എല്ലാം. കോപ്പയിൽ ഹാമിഷും കൊളംബിയയും കപ്പുയർത്തിയാൽ ഫുട്‌ബോളിലെ വമ്പൻ തിരിച്ചുവരവുകളിലൊന്നായതുമാറും.
Content Highlights: colombian skipper hamish rodriguez euro cup 2024