മെല്‍ബണില്‍ സ്‌റ്റോക്ക്‌സ് തിളങ്ങി; ഇംഗ്ലണ്ടിന് രണ്ടാം ട്വന്റി 20 കിരീടം

മെല്‍ബണ്‍: ഫൈനലില്‍ പാകിസ്താന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. മെല്‍ബണിലെ കലാശപ്പോരില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലീഷ് പട മറികടന്നു.
ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ രണ്ടു തവണ കിരീടം നേടിയ വെസ്റ്റിന്‍ഡീസിന്റെ നേട്ടത്തിനൊപ്പമെത്താനും ഇംഗ്ലണ്ടിനായി. 2019 ഏകദിവ ലോകകപ്പിനു പിന്നാലെ ഇത്തവണത്തെ ടി20 കിരീടവും ഇംഗ്ലണ്ടിന് സ്വന്തം.
49 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്.
ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചാണ് പാകിസ്താന്‍ തുടങ്ങിയത്. ഷഹീന്‍ അഫ്രീദി, അലക്‌സ് ഹെയ്ല്‍സിന്റെ (1) കുറ്റി തെറിപ്പിച്ചു. തുടര്‍ന്ന് നാലാം ഓവറില്‍ ഫിലിപ്പ് സാള്‍ട്ടിനെയും (10) അവര്‍ക്ക് നഷ്ടമായി. എന്നാല്‍ സ്‌കോറിങ് വേഗം കുറയ്ക്കായിരുന്ന ബട്ട്‌ലര്‍ ഇംഗ്ലീഷ് സ്‌കോറിങ് മുന്നോട്ടുനയിച്ചു. എന്നാല്‍ ആറാം ഓവറില്‍ ബട്ട്‌ലറെയും മടക്കി ഹാരിസ് റൗഫ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 17 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റോക്ക്‌സ് - ഹാരി ബ്രൂക്ക്‌സ് സഖ്യം ഇംഗ്ലീഷ് ഇന്നിങ്‌സ് ട്രാക്കിലാക്കി. 23 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ബ്രൂക്ക്‌സ് മടങ്ങിയതിനു പിന്നാലെ മോയിന്‍ അലിയെ കൂട്ടുപിടിച്ച് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മോയിന്‍ 13 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്തായി.
മത്സരത്തിനിടെ മുഖ്യ ബൗളര്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത് പാകിസ്താന് തിരിച്ചടിയായി. രണ്ട് ഓവറും ഒരു പന്തും മാത്രമാണ് താരത്തിന് എറിയാനായത്. ഇതോടെ പാക് ബൗളിങ്ങിന്റെ മൂര്‍ച്ച കുറയുകയും ചെയ്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇംഗ്ലീഷ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ പാകിസ്താന് സ്‌കോറിങ് ബുദ്ധിമുട്ടായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ പാക് സ്‌കോര്‍ 137-ല്‍ ഒതുങ്ങി. നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.
28 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 38 റണ്‍സെടുത്ത ഷാന്‍ മസൂദാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.
മുഹമ്മദ് റിസ്വാന്‍ - ക്യാപ്റ്റന്‍ ബാബര്‍ അസം ഓപ്പണിങ് സഖ്യത്തില്‍ പ്രതീക്ഷവെച്ച പാകിസ്താനെ അഞ്ചാം ഓവറില്‍ തന്നെ സാം കറന്‍ ഞെട്ടിച്ചു. 14 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത റിസ്വാന്റെ കുറ്റിതെറിപ്പിച്ച് കറന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. അടിച്ചുതകര്‍ക്കാനുള്ള ലൈസന്‍സുമായി ഇറങ്ങിയ മുഹമ്മദ് ഹാരിസിന് ഇംഗ്ലീഷ് ബൗളര്‍മാര്‍ കടിഞ്ഞാണിട്ടപ്പോള്‍ പാക് ടീമിന്റെ റണ്‍റേറ്റ് താഴ്ന്നു. 12 പന്തില്‍ നിന്ന് വെറും എട്ട് റണ്‍സ് മാത്രമെടുത്ത ഹാരിസിനെ എട്ടാം ഓവറില്‍ ആദില്‍ റഷീദ് മടക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 45 റണ്‍സ് മാത്രം.
പിന്നാലെ ബാബറും ഷാന്‍ മസൂദും ചേര്‍ന്ന് സ്‌കോര്‍ 84-ല്‍ എത്തിച്ചതിനു പിന്നാലെ റഷീദ്, ബാബറിനെ മടക്കി. 28 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 32 റണ്‍സായിരുന്നു പാക് ക്യാപ്റ്റന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ ഇഫ്തിഖര്‍ അഹമ്മദിനെ (0) അക്കൗണ്ട് തുറക്കും മുമ്പ് ബെന്‍ സ്റ്റോക്ക്‌സ് മടക്കി. പിന്നാലെ ഷാന്‍ മസൂദിനെ 17-ാം ഓവറില്‍ സാം കറന്‍ മടക്കിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി.
14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഷദാബ് ഖാന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി പുറത്തായി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: T20 World Cup Final 2022 Pakistan vs England at Melbourne