ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍; നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്

സിഡ്‌നി: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിലെത്തി. ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കേ ഇംഗ്ലണ്ട് അടിച്ചെടുത്തു.
ഏഴ് പോയന്റോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമിപ്രവേശം. അതേ സമയം നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ സെമി കാണാതെ ലോകകപ്പില്‍ നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കും ഏഴ് പോയന്റുണ്ടെങ്കിലും ഉയര്‍ന്ന നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ന്യൂസിലന്‍ഡ് നേരത്തേ സെമിയിലെത്തിയിരുന്നു.
ശ്രീലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലറും അലക്‌സ് ഹേല്‍സും ബാറ്റേന്തിയത്. ആദ്യ ഓവറുകളില്‍ മെല്ലെ തുടങ്ങിയ ഇരുവരും പതിയെ താളം കണ്ടെത്തി. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയം പിന്നീട് ഇരുവരുടേയും വെടിക്കെട്ടിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ ആറ് ഓവറില്‍ 70-റണ്‍സ് അടിച്ചെടുത്ത് ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്ക് കുതിച്ചു.
എന്നാല്‍ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ജോസ് ബട്ട്‌ലറിനെ പുറത്താക്കി കൊണ്ട് വാനിന്ദു ഹസരങ്ക ഓപ്പണിങ്ങ് കൂട്ടുകെട്ട് പൊളിച്ചു. 23 പന്തില്‍ നിന്ന് 28 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. പത്താം ഓവറില്‍ അലക്‌സ് ഹേല്‍സിനേയും ഹസരങ്ക പുറത്താക്കി. 30 പന്തില്‍ നിന്ന് 47 റണ്‍സാണ് ഹേല്‍സ് അടിച്ചെടുത്തത്.
പിന്നീടിറങ്ങിയ ഹാരി ബ്രൂക്ക്(4), ലിയാം ലിവിങ്സ്റ്റണ്‍(4), മൊയീന്‍ അലി(1) എന്നിവര്‍ വേഗത്തില്‍ കൂടാരം കയറി. അതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. അവസാന ഓവറുകളില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ പിടിമുറിക്കിയതോടെ രണ്ട് ഓവറില്‍ 13 റണ്‍സായി വിജയലക്ഷ്യം മാറി. എന്നാല്‍ രണ്ട് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയത്തിലെത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍ പാത്തും നിസ്സങ്കയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് സിഡ്‌നിയില്‍ കാണാനായത്. നാലാം ഓവറിലെ അവസാന പന്തില്‍ കുശാല്‍ മെന്‍ഡിസിനെ ക്രിസ് വോക്ക്‌സ് പുറത്താക്കി. 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ധനഞ്ജയ ഡി സില്‍വയും(9) ചരിത് അസലങ്കയും(8) വേഗത്തില്‍ മടങ്ങി.
എങ്കിലും മറുഭാഗത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ നിസ്സങ്ക ലങ്കന്‍ സ്‌കോര്‍ നൂറ് കടത്തി. ടീം സ്‌കോര്‍ 118-ല്‍ നില്‍ക്കേ നിസ്സങ്കയെ ആദില്‍ റഷീദ് പുറത്താക്കി. 45 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളുടേയും അഞ്ച് സിക്‌സിന്റേയും അകമ്പടിയോടെ 67 റണ്‍സെടുത്താണ് നിസ്സങ്ക മടങ്ങിയത്. പിന്നീട് വന്നവര്‍ക്കാര്‍ക്കും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ ലങ്കന്‍ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിന് അവസാനിച്ചു.
ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു. സാം കറന്‍, ആദില്‍ റഷീദ്, ക്രിസ് വോക്ക്‌സ്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Content Highlights: Sri Lanka England 39th-match-group