'ഇന്ത്യന്‍ ബൗളര്‍മാരെപ്പോലെയല്ല പാക് താരങ്ങള്‍' ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കി അക്തര്‍

മെല്‍ബണ്‍: 2022 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടാനായി ഒരുങ്ങുകയാണ് പാകിസ്താനും ഇംഗ്ലണ്ടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. ഫൈനലില്‍ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ പാക് പേസര്‍ ഷൊഹൈബ് അക്തര്‍ രംഗത്തെത്തി.
ഇന്ത്യന്‍ ബൗളര്‍മാരെപ്പോലെയല്ല പാകിസ്താന്‍ ബൗളിങ് വിഭാഗമെന്ന് അക്തര്‍ തുറന്നടിച്ചു. ' സെമി ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടപോലെ പാകിസ്താനെ നേരിടാനാകില്ല. പാക് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. അത് ഇംഗ്ലീഷ് നിരയ്ക്ക് നന്നായി അറിയാം. പാകിസ്താനെതിരേ വിജയം നേടണമെങ്കില്‍ ഇംഗ്ലണ്ട് നന്നായി വിയര്‍ക്കേണ്ടിവരും' അക്തര്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ സെമിഫൈനലില്‍ ഇംഗ്ലണ്ട് പത്തുവിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് നേടിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 170 റണ്‍സാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലെക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് അടിച്ചെടുത്തത്. മറുവശത്ത് പാകിസ്താനാകട്ടെ ന്യൂസീലന്‍ഡിനെ തകര്‍ത്താണ് ഫൈനലിലെത്തിയത്. ഫൈനലില്‍ പാകിസ്താനും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറും.
Content Highlights: icc t20 world cup 2022, icct20 world cup,englad vs pakistan, england vs pakistan final, icc