അന്ന് പരിക്കേറ്റ് പുറത്തായി, ഇന്ന് ലോകകപ്പിലെ താരം; ഇത് സൂപ്പര്‍ കറന്‍

1992- ഏകദിന ലോകകപ്പിന്റെ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാക് ആരാധകര്‍. ആ സ്വപ്‌നവും പേറിയാണ് പാകിസ്താന്‍ 2022 ട്വന്റി ലോകകപ്പ് ഫൈനലിലിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്നപ്പോഴേ ബാബര്‍ അപകടം തിരിച്ചറിഞ്ഞിരിക്കണം. ഇംഗ്ലീഷ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ പാകിസ്താന്റെ തുടക്കം പാളി. റണ്‍സ് കണ്ടെത്താന്‍ മുന്‍നിര നന്നായി ബുദ്ധിമുട്ടി. ഇംഗ്ലീഷ് ബൗളിങ്ങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് സാം കറനെന്ന അവരുടെ ഓള്‍ റൗണ്ടറായിരുന്നു. വെറും നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സാം കറന്‍ പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകര്‍ത്തെറിഞ്ഞു. ഒടുവില്‍ മത്സരത്തിലേയും ടൂര്‍ണമെന്റിലേയും താരമായിക്കൊണ്ടാണ് സാം കറന്‍ മെല്‍ബണില്‍ നിറഞ്ഞുനിന്നത്.
സ്വപ്‌നസാക്ഷാത്കാരത്തിനൊടുക്കം മെല്‍ബണില്‍ ബട്ട്‌ലര്‍ കപ്പുയര്‍ത്തുമ്പോള്‍ സാം കറന്‍ എന്ന 24-കാരന്‍ 2021 ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുകാണണം. അന്ന് പരിക്ക് മൂലം ലോകകപ്പില്‍ കളിക്കാന്‍ സാം കറന് കഴിഞ്ഞിരുന്നില്ല. ബെന്‍സ്റ്റോക്‌സും ജൊഫ്ര ആര്‍ച്ചറും പുറത്തായ ടൂര്‍ണമെന്റില്‍ സാം കറന്‍ കൂടി കളിക്കില്ലെന്നായതോടെ ഇംഗ്ലണ്ട് ടീമിന് വലിയ തിരിച്ചടിയായിരുന്നു അത്. സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് 2021 ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പുറത്താകുന്നത്.
ഇത്തവണ ഓസ്‌ട്രേലിയയിലെത്തിയ ഇംഗ്ലീഷ് നിരയില്‍ സാം കറനുമുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ചുകൊണ്ടാണ് കറന്‍ തുടങ്ങിയത്. അഫ്ഗാനെതിരായ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ കറന്‍ തിളങ്ങി. വെറും പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കറന്‍ അഞ്ച് വിക്കറ്റെടുത്തത്. ട്വന്റി 20 യില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇംഗ്ലണ്ട് പുരുഷതാരമായി മാറാനും കറന് സാധിച്ചു. ട്വന്റി 20 ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന എട്ടാമത്തെ മാത്രം താരമായിരുന്നു കറന്‍. തന്റെ ആദ്യ ട്വന്റി 20 ലോകകപ്പ് മത്സരത്തിലാണ് സാം കറന്‍ ഈ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഡെത്ത് ഓവറുകളില്‍ കണിശതയോടെ പന്തെറിയാന്‍ കഴിയുന്നതാണ് സാം കറന്റെ മികവ്. ഡെത്ത് ഓവറുകളില്‍ വിക്കറ്റെടുക്കാനും റണ്ണൊഴുക്ക് തടയാനും സാം കറന് സാധിക്കുന്നിടത്താണ് ഇംഗ്ലണ്ട് എതിരാളികളുടെ ടോട്ടല്‍ സ്‌കോര്‍ കുറച്ചുകൊണ്ടുവരുന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം തുടര്‍ന്ന സാം കറന്‍ ഇംഗ്ലീഷ് പടയിലെ കരുത്തുറ്റ സാന്നിധ്യമായി മാറി.
കലാശപ്പോരിലും നന്നായി പന്തെറിഞ്ഞ സാം പാകിസ്താന്റെ റണ്ണൊഴുക്ക് തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വെറും 12 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത് കറന്‍ കളിയിലെ താരമായി മാറിക്കൊണ്ടാണ് ഇംഗ്ലീഷ് വിജയം അരക്കെട്ടുറപ്പിച്ചത്. പിന്നാലെ ഐ.സി.സി, ടൂര്‍ണമെന്റിലെ താരമായും കറനെ തിരഞ്ഞെടുത്തു. ജോസ് ബട്ട്‌ലര്‍, അലക്‌സ് ഹെയില്‍സ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം പിന്തള്ളിയാണ് കറന്‍ ലോകകപ്പിന്റെ താരമായി മാറിയത്.
Content Highlights: England’s Sam Curran named ICC Player of the Tournament