ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ടും അത് ഗാരേജിലിട്ടിരിക്കുന്നു; ഉമ്രാനെ കുറിച്ച് ബ്രെറ്റ് ലീ

കാന്‍ബറ: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. ഇന്ത്യന്‍ ടീമില്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ലീയുടെ പ്രതികരണം. പരിക്കിനെ തുടര്‍ന്ന് ലോകകപ്പിന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കണമായിരുന്നുവെന്ന് ലീ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കൈയിലുണ്ടായിട്ടും അത് ഗാരേജിലിട്ടിരിക്കുന്ന അവസ്ഥയാണ് ഇന്ത്യയുടേതെന്നും ബ്രെറ്റ് ലീ പറഞ്ഞു.
''ഉമ്രാന്‍ മാലിക്ക് 150 കി.മീ വേഗത്തില്‍ പന്തെറിയുന്നയാളാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഉണ്ടായിട്ടും അത് ഗാരേജില്‍ ഇട്ടിരിക്കുകയാണ് ഇന്ത്യ. പിന്നെ ആ കാര്‍ ഉണ്ടായിട്ട് എന്തു കാര്യം. ഉറപ്പായും ഉമ്രാനെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ശരിയാണ് അദ്ദേഹം ചെറുപ്പമാണ്. മത്സരപരിചയം കുറവാണ്, എന്നാല്‍ അദ്ദേഹത്തിന് 150 കി.മീ വേഗത്തില്‍ പന്തെറിയാന്‍ കഴിയും, അദ്ദേഹത്തെ ടീമിലെടുത്ത് പന്തുകള്‍ മൂളിപ്പറക്കുന്ന ഓസ്‌ട്രേലിയയിലേക്ക് ഇറക്കി വിടൂ. 140 കി.മീ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍ കൂടെയുള്ളതും 150 കി.മീ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍ കൂടെയുള്ളതും തമ്മില്‍ വ്യത്യാസമുണ്ട്.'' - ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ലീ പ്രതികരിച്ചു.
.
Content Highlights: Australia pacer Brett Lee has put in his vote for Umran malik