പൂരങ്ങളുടെ പൂരത്തിലെ വാദ്യപ്പെരുമ

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം വാദ്യപ്പെരുമകൊണ്ട് ഏറെ പ്രസിദ്ധമാണ്. തൃശ്ശൂര്‍ പൂരത്തിലെ പാണ്ടിമേളവും പഞ്ചവാദ്യവുമാണ് ഏറ്റവും പ്രധാനമായ വാദ്യവിശേഷം. പാറമേക്കാവ് വിഭാഗത്തിന് ഇലഞ്ഞിത്തറയില്‍ നടക്കുന്ന പാണ്ടിമേളവും പൂരപ്പിറ്റേന്ന് നടക്കുന്ന പാണ്ടിമേളവും പൂരദിവസം രാത്രി നടക്കുന്ന പഞ്ചവാദ്യവുമാണ് ഏറെ പ്രധാനപ്പെട്ടത്. പൂരദിവസം പകലും രാത്രിയും ബ്രഹ്‌മസ്വം മഠത്തില്‍നിന്ന് നായ്ക്കനാല്‍ വരെയുള്ള എഴുന്നള്ളിപ്പില്‍ നടക്കുന്ന പഞ്ചവാദ്യം പൂരദിവസം വൈകീട്ട് മൂന്നുമണി മുതല്‍ നായ്ക്കനാലില്‍നിന്ന് ശ്രീമൂലസ്ഥാനത്തേക്കും പൂരപ്പിറ്റേന്ന് രാവിലെ നായ്ക്കനാലില്‍നിന്ന് ശ്രീമൂലസ്ഥാനത്തേക്കും നടക്കുന്ന പാണ്ടിമേളത്തോടെയുള്ള എഴുന്നള്ളിപ്പുകള്‍ അതീവ പ്രാധാന്യമുള്ളവയാണ്.
പാറമേക്കാവ്
പാറമേക്കാവ് വിഭാഗത്തിന്റെ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പാണ്ടിമേളം, പഞ്ചവാദ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. ഏറ്റവും പഴക്കം ചെന്ന മേളങ്ങളില്‍ ഒന്നാണ് പാണ്ടിമേളം. കൊടുങ്ങല്ലൂര്‍ ഭഗവതി പാണ്ടിനാട്ടില്‍നിന്ന് എഴുന്നള്ളുമ്പോള്‍ അകമ്പടിയായത് പാണ്ടിമേളമാണെന്ന് പറയപ്പെടുന്നു. വിളംബകാലത്തില്‍ തുടങ്ങി ഒരു ഗോപുരം കണക്കെ കൊട്ടിക്കൂര്‍പ്പിക്കുന്ന പാണ്ടിമേളം മേളാസ്വാദകരെ ആവേശക്കൊടുമുടിയിലേക്കെത്തിക്കും. പതിഞ്ഞ കാലത്തില്‍ തുടങ്ങുന്ന ചെമ്പടമേളത്തിനുശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. മൂന്നുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന പാണ്ടിമേളം ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. പാണ്ടിമേളത്തിന്റെ കൊലുമ്പല്‍ ഏറെ പ്രസിദ്ധമാണ്. ഇരുപതുമിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന കൊലുമ്പല്‍ സിംഹഗര്‍ജനം പോലെ ഗാംഭീര്യം നിറഞ്ഞതാണ്. തുടര്‍ന്നുള്ള വിളംബകാലത്തിലുള്ള കലാശങ്ങള്‍ കുറുംകുഴല്‍, കൊമ്പ് കലാകാരന്മാര്‍ക്ക് ഏറെ സ്വാധീനമുള്ളതാണ്. കുറുംകുഴലിന്റെയും കൊമ്പിന്റെയും നാദം നല്‍കുന്ന സംഗീതസുഖം വിശേഷപ്പെട്ടതാണ്. തുടര്‍ന്ന് പാണ്ടിമേളം ലാസ്യഭാവം വിട്ട് 'തുറന്നുപിടിക്കല്‍' എന്ന ഘട്ടത്തിലേക്ക് എത്തും. അതിനടുത്തത് അടിച്ചുകലാശവും പിന്നീട് എടുത്തുകലാശവും ആണ്. ഈ ഘട്ടങ്ങളിലെല്ലാമുള്ള കലാശങ്ങള്‍ കഴിഞ്ഞാല്‍ പാണ്ടിമേളത്തിന്റെ ഏറ്റവും പ്രധാനമായ 'തകൃതകൃത' ഘട്ടമായി. പിന്നീട് പാണ്ടിയുടെ ഇടകാലവും 'മുട്ടിന്‍മേല്‍ കേറ്റിയ' കാലവുമാണ്. ഈ ഘട്ടംവരെ 14 അക്ഷരകാലത്തിലാണ് പാണ്ടിമേളം കൊട്ടുക.
തുടര്‍ന്നാണ് പാണ്ടിമേളം ഏഴ് അക്ഷരകാലത്തിലേക്ക് ചുരുങ്ങുക. ഏഴ് അക്ഷരകാലത്തില്‍ ഉള്ള തകൃതകൃത കലാശങ്ങള്‍ക്ക് ശേഷം പാണ്ടിയുടെ അവസാനഘട്ടമായ കുഴമറിഞ്ഞകലാശങ്ങളോടെ പാണ്ടിമേളം അവസാനിക്കും. വിളംബകാലം കഴിയുന്നതോടെ പാണ്ടിമേളം പൂര്‍ണമായും രൗദ്രഭാവത്തിലേക്ക് മാറും. നെല്ലിടനെല്ലിട കാലംകയറി കൊട്ടിക്കൂര്‍പ്പിക്കുന്ന പാണ്ടിമേളത്തിന് തൃശ്ശൂരില്‍ ആസ്വാദകര്‍ ഏറെയാണ്. തൃശ്ശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയില്‍ അവതരിപ്പിക്കുന്നതിനാല്‍ ഇതിനെ തൃശ്ശൂര്‍ പൂരം പാറമേക്കാവ് വിഭാഗം ഇലഞ്ഞിത്തറമേളം എന്നും പറയുന്നു. ഇലഞ്ഞിത്തറമേളത്തിന്റെ പ്രാമാണികരായി വിവിധ കലാകാരന്മാര്‍ പലഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടുമുന്‍പ് 1920- കളില്‍ കൂറ്റയില്‍ കൃഷ്ണമാരാര്‍ എന്ന പ്രഗല്ഭനായിരുന്നു ഇലഞ്ഞിത്തറമേളത്തിന്റെ പ്രാമാണികന്‍.
തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി പട്ട്രാത്ത് രാമമാരാര്‍, മാക്കോത്ത് കൃഷ്ണമാരാര്‍, മാക്കോത്ത് നാണുമാരാര്‍, പരിയാരത്ത് കുഞ്ഞന്‍മാരാര്‍, പല്ലശ്ശന പദ്മനാഭമാരാര്‍, പരിയാരത്ത് കുഞ്ചുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, രാമന്‍കണ്ടത്ത് കൃഷ്ണന്‍കുട്ടിമാരാര്‍, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ഇലഞ്ഞിത്തറമേളത്തിന്റെ പ്രാമാണികരായി. നിരവധി വര്‍ഷക്കാലം പാറമേക്കാവില്‍ ഉരുട്ടുചെണ്ടക്കാരനായി പ്രവര്‍ത്തിക്കുകയും പിന്നീട് തിരുവമ്പാടി വിഭാഗം മേളപ്രാമാണികനായി പ്രവര്‍ത്തിക്കുകയും ചെയ്ത് ഇരുവിഭാഗങ്ങളിലും മേള പ്രാമാണികനാവാന്‍ സാധിച്ച കിഴക്കൂട്ട് അനിയന്‍ മാരാരാണ് ഇപ്പോഴത്തെ ഇലഞ്ഞിത്തറമേള പ്രാമാണികന്‍. വലംതല പ്രാമാണികരായി ചെമ്പാലി മാധവമാരാര്‍, പരിയാരത്ത് കൃഷ്ണമാരാര്‍, ഈച്ചരത്ത് വേലുമാരാര്‍. കുനിശ്ശേരി കൃഷ്ണമാരാര്‍, പോറാത്ത് നാരായണമാരാര്‍, പോറാത്ത് അനിയന്‍മാരാര്‍, കടവത്ത് നാരായണന്‍ മാരാര്‍, പരിയാരത്ത് ഉണ്ണിമാരാര്‍ തുടങ്ങി പ്രഗല്ഭരായ കലാകാരന്മാരാണ് പോയ കാലങ്ങളില്‍ പാറമേക്കാവിലുണ്ടായിരുന്നത്. പെരുവനം ഗോപാലകൃഷ്ണനാണ് ഇന്നത്തെ വലംതല പ്രാമാണികന്‍.
വട്ടേക്കാട്ട് വേലായുധപ്പണിക്കര്‍, വട്ടേക്കാട്ട് കൃഷ്ണപ്പണിക്കര്‍. പഴോര് രാമന്‍ നായര്‍, കൊമ്പത്ത് കുട്ടന്‍ പണിക്കര്‍. കൊടകര കൃഷ്ണന്‍കുട്ടിനായര്‍, കൊടകര ശിവരാമന്‍ നായര്‍ തുടങ്ങിയ പ്രതിഭകളാണ് മുന്‍കാലങ്ങളിലെ കുറുംകുഴല്‍ പ്രാമാണികരായി പാറമേക്കാവിലുണ്ടായിരുന്നത്. വെളപ്പായ നന്ദനനാണ് ഒരു ദശാബ്ദത്തിലേറെക്കാലമായി പാറമേക്കാവിലെ കുറുംകുഴല്‍ പ്രാമാണികന്‍. ഊരത്ത് രാമന്‍നായര്‍, ഊരത്ത് ശങ്കുണ്ണി നായര്‍, വട്ടേക്കാട്ട് ഗോപാലന്‍നായര്‍, വട്ടേക്കാട്ട് കൃഷ്ണന്‍ നായര്‍, കൂടത്തിങ്കല്‍ കുഞ്ചുനായര്‍, ചെങ്ങമനാട് അപ്പുനായര്‍, മച്ചാട് രാമകൃഷ്ണന്‍ നായര്‍, കുമ്മത്ത് രാമന്‍നായര്‍ തുടങ്ങിയ പ്രതിഭകളാണ് മുന്‍കാലങ്ങളില്‍ പാറമേക്കാവ് വിഭാഗം കൊമ്പുനിരയെ സമ്പുഷ്ടമാക്കിയിരുന്നത്. മച്ചാട് രാമചന്ദ്രനാണ് ഇന്നത്തെ കൊമ്പു പ്രാമാണികന്‍. വടക്കത്ത് നാരായണന്‍ നായര്‍, കൂനത്ത് നാരായണപ്പണിക്കര്‍, കോതറ ശേഖരന്‍ നായര്‍ (സീനിയര്‍), ചെറിയത്ത് തങ്കുമാരാര്‍, അഷ്ടമിച്ചിറ ചന്ദ്രന്‍, പാഴൂര്‍ ചന്ദ്രന്‍, കോതറ ശേഖരന്‍ നായര്‍, പല്ലാവൂര്‍ രാഘവപിഷാരടി, ചേര്‍പ്പ് മണി തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ പാറമേക്കാവില്‍ ഇലത്താളനിരയെ നയിച്ചവരാണ്. കുമ്മത്ത് നന്ദനനാണ് ഇന്നത്തെ ഇലഞ്ഞിത്തറ മേളത്തിന്റെ ഇലത്താള പ്രാമാണികന്‍. ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായി പഴയകാലത്ത് കുടമാറ്റ സമയം വളരെ കുറവായിരുന്നു. ഇലഞ്ഞിത്തറമേളം വൈകീട്ട് അഞ്ചുമണിവരെയൊക്കെ നീളാറുണ്ടെന്ന് മുന്‍കാല പ്രാമാണികരും മുന്‍കാല ദേവസ്വം ഭാരവാഹികളും സാക്ഷ്യപ്പെടുത്തുന്നു. പൂരപ്പിറ്റേന്ന് നടക്കുന്ന പകല്‍പ്പൂരം മേളവും പഴയകാലം മുതല്‍ ഏറെ പ്രശസ്തമാണ്. മേളരംഗത്ത് മുകളില്‍പ്പറഞ്ഞ പ്രാമാണികരെക്കൂടാതെ ഒട്ടേറെ പ്രഗല്ഭരായ കലാകാരന്മാരും ഒത്തുചേര്‍ന്നിരുന്നു. സംഘകലയായ മേളത്തില്‍ എല്ലാ കലാകാരന്മാരും 'ഒരേ മനസ്സോടെ' പ്രവര്‍ത്തിക്കുമ്പോഴാണ് മേളം ഗംഭീരമാകുന്നത്.
പഞ്ചവാദ്യം പാറമേക്കാവില്‍
മേളത്തിന് അഞ്ചുനൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ടെങ്കില്‍ പഞ്ചവാദ്യത്തിന് ഒരു നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമേ അവകാശപ്പെടാനുള്ളൂ. മുന്‍കാലങ്ങളില്‍ പാറമേക്കാവിന് രാത്രിയിലും മേളത്തോടെയുള്ള എഴുന്നള്ളിപ്പായിരുന്നുവെന്ന് പറയപ്പെടുന്നു. രാമമംഗലം ഭാഗത്തെ താഴത്തേടത്ത് ഗോവിന്ദമാരാര്‍, തേരോളി അച്യുതക്കുറുപ്പ്, ചെങ്ങമനാട് ശേഖരക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള തിമില പ്രാമാണികരാണ് ആദ്യകാലങ്ങളില്‍ പാറമേക്കാവില്‍ ഉണ്ടായിരുന്നത്. അക്കാലത്ത് പഞ്ചവാദ്യത്തിന് തിമിലയും മദ്ദളവും ഇന്നത്തേതില്‍നിന്ന് കുറവായിരുന്നു. പിന്നീടാണ് അന്നമനട സീനിയര്‍ പരമേശ്വരമാരാര്‍ പാറമേക്കാവ് പഞ്ചവാദ്യ പ്രാമാണികനായി എത്തുന്നത്. ആയിരത്തിതൊള്ളായിരത്തി നാല്‍പ്പതുകളിലാണ് അന്നമനട പരമേശ്വരമാരാര്‍ പാറമേക്കാവില്‍ പ്രാമാണികനാകുന്നത്. തുടര്‍ന്ന് പണ്ടാരത്തില്‍ കുട്ടപ്പമാരാര്‍, ശങ്കരപുരം അപ്പുമാരാര്‍, കുഴൂര്‍ നാരായണമാരാര്‍. ചോറ്റാനിക്കര നാരായണമാരാര്‍, ചോറ്റാനിക്കര വിജയന്‍മാരാര്‍, പരക്കാട് തങ്കപ്പമാരാര്‍ തുടങ്ങിയ പ്രഗല്ഭരായ കലാകാരന്മാരാണ് തിമിലനിരയെ മുന്‍കാലങ്ങളില്‍ നയിച്ചിരുന്നത്. മാക്കോത്ത് ശങ്കരന്‍കുട്ടിമാരാര്‍. ആറ്റൂര്‍ ശങ്കരന്‍കുട്ടിമാരാര്‍. തിരുവില്വാമല ചിന്നക്കുട്ട പൊതുവാള്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാര്‍, കോങ്ങാട് വിജയന്‍, വൈക്കം ചന്ദ്രന്‍ തുടങ്ങിയ മുന്‍നിര തിമിലക്കാരുടെ പ്രാഗല്ഭ്യവും പാറമേക്കാവ് പഞ്ചവാദ്യത്തിന് കരുത്തായിട്ടുണ്ട്. ചോറ്റാനിക്കര നന്ദപ്പമാരാരാണ് ഇന്നത്തെ പാറമേക്കാവ് പഞ്ചവാദ്യനിരയെ നയിക്കുന്നത്. പുന്നത്തൂര്‍ മാധവന്‍നായര്‍, കടവല്ലൂര്‍ ഗോവിന്ദന്‍ നായര്‍, കടവല്ലൂര്‍ ശങ്കുണ്ണിനായര്‍, തൃക്കൂര്‍ കൃഷ്ണന്‍കുട്ടിമാരാര്‍. ചാലക്കുടി നാരായണന്‍ നമ്പീശന്‍, തൃക്കൂര്‍ ഗോപാലന്‍കുട്ടിമാരാര്‍, തൃക്കൂര്‍ രാജന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍ തുടങ്ങിയ കലാകാരന്മാര്‍ പാറമേക്കാവിലെ മുന്‍കാല മദ്ദളപ്രാമാണികരായിരുന്നു. കലാമണ്ഡലം കുട്ടിനാരായണനാണ് ഇന്നത്തെ മദ്ദളപ്രാമാണികന്‍. പല്ലാവൂര്‍ അപ്പുമാരാര്‍, ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍, കാക്കയൂര്‍ അപ്പുക്കുട്ടമാരാര്‍, ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍ തുടങ്ങിയ കലാകാരന്മാരായിരുന്നു പഞ്ചവാദ്യത്തില്‍ ഇടയ്ക്കനിരയെ നയിച്ചിരുന്നത്. തിരുവില്വാമല ജയന്‍ പൊതുവാളാണ് ഇന്നത്തെ ഇടയ്ക്ക പ്രാമാണികന്‍. കൊമ്പ്, ഇലത്താളം എന്നിവയില്‍ മുന്‍കാലങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും ഒരേ പ്രാമാണികരായിരുന്നു ഉണ്ടായിരുന്നത്. ഇലത്താളത്തില്‍ പല്ലാവൂര്‍ രാഘവ പിഷാരടി, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവര്‍ പഞ്ചവാദ്യത്തില്‍ ഇലത്താളപ്രാമാണികരായി ഉണ്ടായിരുന്നു. പരക്കാട് ബാബുവാണ് ഇന്നത്തെ പഞ്ചവാദ്യത്തിന്റെ ഇലത്താള പ്രാമാണികന്‍.
തിരുവമ്പാടി
തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളിയാണ് തിരുവമ്പാടി. തിരുവമ്പാടി വിഭാഗത്തിന്റെ വാദ്യ വിശേഷത്തില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം, നായ്ക്കനാലില്‍നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് നടക്കുന്ന പാണ്ടിമേളം എന്നിവ ഏറെ പ്രസിദ്ധമാണ്. തിരുവമ്പാടി വിഭാഗത്തിലെ മഠത്തില്‍വരവ് പഞ്ചവാദ്യം ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇന്നത്തെ രീതിയിലുള്ള പഞ്ചവാദ്യം ആദ്യമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് മഠത്തില്‍വരവ് പഞ്ചവാദ്യത്തിനാണ്. ഒരു നൂറ്റാണ്ടിനുമുന്‍പ് അന്നമനട അച്യുതമാരാര്‍, തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി തുടങ്ങിയവരാണ് അതിന് നേതൃത്വം നല്‍കിയത്. മുന്‍കാലങ്ങളില്‍ പഞ്ചവാദ്യത്തിന് ശുദ്ധമദ്ദളത്തിനു പകരം തൊപ്പിമദ്ദളവും ഇലത്താളത്തിനുപകരം ചേങ്ങിലയും കുറുംകുഴലും ആയിരുന്നുവത്രേ. പിന്നീടാണ് ഇന്നത്തെ രീതിയില്‍ പഞ്ചവാദ്യം അവതരിപ്പിച്ചുതുടങ്ങിയത്.
രാവിലെ പതിനൊന്നുമണിക്ക് മഠത്തിലെ ഇറക്കിപ്പൂജയ്ക്കും വേദവിദ്യാര്‍ഥികളുടെ വേദാലാപനത്തിനും ശേഷമാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. മൂന്ന് തവണ ശംഖനാദം മുഴക്കിയാല്‍ തിമിലയില്‍ വിരല്‍വിന്യാസത്തോടെ പഞ്ചവാദ്യം ആരംഭിക്കും. രണ്ട് തിമിലക്കാര്‍ ചേര്‍ന്ന് കാലംനിരത്തല്‍ കഴിഞ്ഞാല്‍ മഠത്തിനു മുന്‍പില്‍ മൂന്നാനകളുടെ അകമ്പടിയോടെ ആനപ്പുറത്ത് ഭഗവതി എഴുന്നള്ളി നില്‍ക്കും. തിമിലയില്‍ പഞ്ചവാദ്യത്തിന്റെ മുഖം കൊട്ടി പ്രാമാണികന്റെ ഇരുവശങ്ങളിലുമുള്ള തിമിലക്കാര്‍ തിമിലയില്‍ താളവട്ടം കൊട്ടുന്നു. തിമിലയില്‍ രണ്ടുവശത്തുള്ളവരുടെ താളവട്ടം കഴിയുന്നതോടെ മദ്ദളക്കാര്‍ മുഖം കൊട്ടുന്നു. മദ്ദളക്കാരുടെ താളവട്ടവും കൂട്ടിക്കൊട്ടും കഴിയുന്നതോടെ 896 അക്ഷരകാലത്തിലുള്ള പതികാലത്തില്‍നിന്ന് രണ്ടാംകാലത്തിലേക്ക് പഞ്ചവാദ്യം കടക്കുകയായി. ഇടയ്ക്കക്കാരുടെ താളവട്ടത്തിനും കൂട്ടിക്കൊട്ടലിനും ശേഷം മദ്ദളക്കാര്‍ ഒരു താളവട്ടം കൊട്ടുന്നു. മദ്ദളക്കാരുടെ കൂട്ടിക്കൊട്ടലോടെ പഞ്ചവാദ്യം മൂന്നാംകാലത്തിലേക്ക് പ്രവേശിക്കുന്നു.
മൂന്നാംകാലത്തില്‍ പഞ്ചവാദ്യം മൂന്നാം കാലത്തിലാകുന്നതോടെ മഠത്തില്‍നിന്ന് സ്വരാജ് റൗണ്ടിലേക്ക് എത്തും. നടുവിലാല്‍ പന്തലില്‍ എത്തിയാല്‍ മൂന്നാം കാലത്തില്‍നിന്ന് പഞ്ചവാദ്യം ഇടകാലത്തിലേക്ക് കാലം മാറും. തിമിലക്കാരുടെയും മദ്ദളക്കാരുടെയും കൂട്ടിക്കൊട്ടലുകള്‍ക്കൊടുവില്‍ പഞ്ചവാദ്യം ആസ്വാദകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കും. തിമിലക്കാരുടെ കൂട്ടിക്കൊട്ട് ദ്രുതകാലത്തിലാകുന്നതോടെ ഇരുകിടയിലേക്കും തകൃതയിലേക്കും ആകും. ആസ്വാദകരെ ആവേശത്തിലാഴ്ത്തി ഇടകാലം നടുവിലാല്‍ പന്തലില്‍ കലാശിക്കും. തുടര്‍ന്ന് മുറുകിയ ഇടകാലം അഥവാ ചെറിയ ഇടകാലം തുടങ്ങി തിരുവമ്പാടി ദേവസ്വം ഓഫീസിനടുത്ത് മുറുകിയ ഇടകാലം കലാശിക്കുന്നു. പതിന്നാല് അക്ഷരകാലത്തിലുള്ള തൃപുടയോടെ നായ്ക്കനാലില്‍ എത്തുകയും അവിടെ ചെറിയ തൃപുടയ്ക്കു ശേഷം മൂന്നര അക്ഷരകാലത്തില്‍ കാലം മാറി രണ്ടേമുക്കാലോടെ ഏകതാളത്തില്‍ പഞ്ചവാദ്യം സമാപിക്കും. ആസ്വാദകര്‍ക്ക് ഏറെ ആവേശം ജനിപ്പിക്കുന്ന തിമിലയിടച്ചിലും നടക്കും. മുന്‍കാലങ്ങളില്‍ പഞ്ചവാദ്യത്തിന്റെ സമയദൈര്‍ഘ്യം വളരെ കുറവായിരുന്നു. പെരുമ്പിള്ളി നാരായണമാരാരായിരുന്നു 1920-കളിലെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിലെ പ്രാമാണികന്‍. തുടര്‍ന്ന് ഇരുപത്തിയഞ്ച് വയസ്സുകാരനായ ചെറുപ്പക്കാരന്‍ അന്നമനട അച്യുതമാരാര്‍ തിമിലപ്രാമാണികനായി. അന്നമനട അച്യുതമാരാരുടെ കാലത്താണ് പഞ്ചവാദ്യം ഇന്നത്തെ നിലയില്‍ വികാസം പ്രാപിച്ചത്. നീണ്ട അറുപത് കൊല്ലക്കാലം മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ പ്രാമാണികനായിരുന്നു അന്നമനട അച്യുതമാരാര്‍. അക്കാലത്ത് അന്നമനട പീതാംബരമാരാര്‍, പൊറുത്തുവീട്ടില്‍ നാണുമാരാര്‍, അന്നമനട സീനിയര്‍ പരമേശ്വരമാരാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് സീനിയര്‍ പരമേശ്വരമാരാര്‍ പാറമേക്കാവ് പഞ്ചവാദ്യനിരയിലേക്ക് പോയി.
അന്നമനട അച്യുതമാരാര്‍ക്ക് ശേഷം പൊറുത്തുവീട്ടില്‍ നാണുമാരാര്‍, പല്ലാവൂര്‍ മണിയന്‍മാരാര്‍, പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ മാരാര്‍, അന്നമനട പരമേശ്വരമാരാര്‍ (ജൂനിയര്‍), കേളത്ത് കുട്ടപ്പമാരാര്‍ എന്നിവര്‍ പ്രാമാണികരായിരുന്നു. തൃപ്പാളൂര്‍ കട്ടപ്പമാരാര്‍. പള്ളിപ്പാട്ട് അച്യുതമാരാര്‍, കുഴൂര്‍ ചന്ദ്രമാരാര്‍, കുനിശ്ശേരി അനിയന്‍ മാരാര്‍ തുടങ്ങി നിരവധി പ്രഗല്ഭരായ കലാകാരന്മാരും മഠത്തില്‍വരവ് പഞ്ചവാദ്യത്തെ സമ്പുഷ്ടമാക്കിയ തിമിലക്കാരാണ്. കോങ്ങാട് മധുവാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ പ്രാമാണികന്‍. പഞ്ചവാദ്യത്തില്‍ ശുദ്ധമദ്ദളം ഉപയോഗിക്കാമെന്നും അതിന്റെ പ്രയോഗ സാധ്യതയും മനസ്സിലാക്കിയ തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, അകല്ലൂര്‍ മാധവവാര്യര്‍, കൊളമംഗലത്ത് നാരായണന്‍ നായര്‍, തിച്ചൂര്‍ മണിയന്‍ പണിക്കര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, തിച്ചൂര്‍ വാസുവാരിയര്‍, കുനിശ്ശേരി ചന്ദ്രന്‍, കല്ലേക്കുളങ്ങര കൃഷ്ണവാരിയര്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ തുടങ്ങി അതിപ്രഗല്ഭരായ മദ്ദള പ്രയോക്താക്കള്‍ മഠത്തില്‍വരവ് പഞ്ചവാദ്യനിരയെ സമ്പുഷ്ടമാക്കിയവരാണ്. കോട്ടയ്ക്കല്‍ രവി ആണ് ഇന്നത്തെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയെ നയിക്കുന്നത്.
മച്ചാട് മഠത്തിലാത്ത് നാണുനായര്‍, കണ്ടങ്ങില്‍ ഗോപാലന്‍നായര്‍, പതിയാന കൃഷ്ണന്‍ നായര്‍ എന്നിവര്‍ തിരുവമ്പാടിയിലെ മുന്‍കാല കൊമ്പുപ്രമാണികരായിരുന്നു. കൊമ്പ് എന്ന വാദ്യത്തിന് ഏറെ പ്രയോഗസാധ്യതകള്‍ ഉണ്ടെന്ന് വാദ്യാസ്വാദകലോകത്തിനു കാണിച്ചുകൊടുത്ത മച്ചാട് അപ്പുനായര്‍ ദീര്‍ഘകാലം തിരുവമ്പാടിയുടെ കൊമ്പുപ്രാമാണികന്‍ ആയിരുന്നു. മച്ചാട് ഉണ്ണികൃഷ്ണന്‍ നായര്‍ ആയിരുന്നു പിന്നീട് പ്രാമാണികനായി ഉണ്ടായിരുന്നത്. മച്ചാട് മണികണ്ഠനാണ് ഇന്നത്തെ മഠത്തില്‍ വരവ് പ്രാമാണികന്‍.മുളയ്ക്കല്‍ കൃഷ്ണന്‍ നായര്‍, ആണ്ടവന്‍ പദ്മനാഭമാരാര്‍, തറയില്‍ ശങ്കരപ്പിള്ള, ഗോപാലന്‍ നായര്‍, സുന്ദരന്‍ നായര്‍, ചേലക്കര കുട്ടപ്പന്‍ നായര്‍, ചേലക്കര ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പ്രതിഭാധനരായ ഇലത്താളകലാകാരന്മാരാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തെയും മേളത്തെയും സമ്പുഷ്ടമാക്കിയിരുന്നത്. ചേലക്കര സൂര്യനാണ് ഇന്നത്തെ പഞ്ചവാദ്യത്തിലെ ഇലത്താള പ്രാമാണികന്‍. പട്ടരാത്ത് ശങ്കരമാരാര്‍, പല്ലശ്ശന ചന്ദ്രമാരാര്‍, തിച്ചൂര്‍ മോഹനന്‍ എന്നീ കലാകാരന്മാര്‍ നിരവധികാലം മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ഇടയ്ക്ക പ്രാമാണികരായി ഉണ്ടായിരുന്നു. പല്ലശ്ശന സുധാകരനാണ് ഇന്നത്തെ ഇടയ്ക്ക പ്രാമാണികന്‍.
തിരുവമ്പാടി വിഭാഗം മേളം
തിരുവമ്പാടി വിഭാഗം മേളപ്രാമാണികനായി ഒരു നൂറ്റാണ്ട് മുന്‍പ് പഴയന്നൂര്‍ ശങ്കരമാരാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കുമരപുരം കുഞ്ഞികൃഷ്ണമാരാര്‍, പട്ടരാത്ത് രാമമാരാര്‍ എന്നിവര്‍ പ്രാമാണികരായി. പട്ടരാത്ത് ശങ്കുണ്ണിമാരാര്‍, പെരുവനം നാരായണമാരാര്‍, പട്ടരാത്ത് ശങ്കരമാരാര്‍, കാച്ചാംകുറുശ്ശി (കാരേക്കാട്ട്) ഈച്ചരമാരാര്‍, തൃപ്പേക്കുളം അച്യുതമാരാര്‍, പല്ലശ്ശന പൊന്നുകുട്ടമാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ , കിഴക്കൂട്ട് അനിയന്‍മാരാര്‍ എന്നിവര്‍ തിരുവമ്പാടിയുടെ മേളപ്രാമാണികരായിരുന്നു. ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാരാണ് ഇന്ന് തിരുവമ്പാടിയിലെ മേളപ്രാമാണികന്‍. തിരുവമ്പാടിയില്‍ ചെമ്മന്തട്ട കുട്ടന്‍നായര്‍, പോഴങ്കണ്ടത്ത് രാമപ്പണിക്കര്‍, ആലുക്കല്‍ ഗോപാലന്‍ നായര്‍, ചേലക്കര നാരായണന്‍ നായര്‍, വെളപ്പായ ഉണ്ണികൃഷ്ണന്‍ നായര്‍, ഗുരുവായൂര്‍ സേതു എന്നിവര്‍ കുറുംകുഴല്‍ പ്രാമാണികരായ കലാകാരന്മാരാണ്. കൊമ്പത്ത് അനില്‍കുമാറാണ് ഇന്നത്തെ കുറുംകുഴല്‍ പ്രാമാണികന്‍. കുറ്റൂര്‍ നാരായണക്കുറുപ്പ്, ചാമപറമ്പില്‍ ശങ്കരമാരാര്‍, കാക്കനാട് കൃഷ്ണന്‍ നായര്‍, വെള്ളിനേഴി രാംകുമാര്‍ തുടങ്ങി നിരവധി പ്രതിഭാധനരായ കലാകാരന്മാരാണ് തിരുവമ്പാടിയിലെ മേളത്തിന്റെ വലംതല പ്രാമാണികരായുണ്ടായിരുന്നത്. പഴയകാലങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും ഒരേ ആളുകളാണ് ഇലത്താളവും കൊമ്പും കൈകാര്യം ചെയ്തിരുന്നത്. ഇലത്താളത്തില്‍ ഈച്ചരത്ത് മാധവന്‍ നായര്‍, കുമ്മത്ത് വേണു, പൈപ്പോത്ത് രാജന്‍ തുടങ്ങിയ കലാകാരന്മാര്‍ തിരുവമ്പാടി മേളത്തിലെ ഇലത്താള പ്രാമാണികരായിരുന്നു. രണ്ടു പതിറ്റാണ്ടായി ഏഷ്യാഡ് ശശിമാരാരാണ് മേളത്തിലെ ഇലത്താള പ്രാമാണികന്‍. കൊമ്പില്‍ മച്ചാട് അപ്പുനായര്‍ അടക്കമുള്ളവര്‍ മേളത്തിലും പ്രാമാണികനായിരുന്നു. പതിയാന ഉണ്ണികൃഷ്ണന്‍ മേളത്തിലെ കൊമ്പു പ്രാമാണികനായിരുന്നു. ഓടക്കാലി മുരളിയാണ് ഇന്നത്തെ മേളത്തിലെ കൊമ്പുപ്രാമാണികന്‍. പ്രശസ്തരും അപ്രശസ്തരുമായ നിരവധി കലാകാരന്മാര്‍ കൈയും മെയ്യും മറന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സംഘകലയായ മേളം ഗംഭീരമാവുന്നത്. ഒരു നൂറ്റാണ്ടിനപ്പുറംവരെ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളില്‍ മേളം, പഞ്ചവാദ്യം എന്നിവയില്‍ പങ്കെടുത്തിരുന്ന പ്രാമാണികരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത് മുന്‍കാല പ്രാമാണികരോട് ചോദിച്ചും ലേഖനങ്ങളില്‍നിന്നുമാണ്. ഇതില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആയത് മനഃപൂര്‍വമല്ല. ഈ വാദ്യകലാ സംസ്‌കാരം പുതുതലമുറയിലേക്ക് എത്തിച്ച എല്ലാകലാകാരന്മാരും ഏറെ ബഹുമാനം അര്‍ഹിക്കുന്നു.
Content Highlights: vadhyaperuma in thrissur pooram