പൂരപ്പിറ്റേന്ന് ഉപചാരം ചൊല്ലി പിരിയും; തൃശ്ശൂര്‍ പൂരത്തിന്റെ ക്ലൈമാക്‌സ് ഇങ്ങനെ

പകല്‍പ്പൂരത്തിനു ശേഷം ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിയുന്നതാണ് തൃശ്ശൂര്‍ പൂരത്തിന്റെ ക്ലൈമാക്‌സ്. ഇവിടം മുതലാണ് അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പിന് തുടക്കംകുറിക്കുന്നത് . പൂരം ഏറ്റവും നന്നായി ആസ്വദിച്ചതിലുള്ള സന്തോഷത്തിനിടയിലും പൂരം കഴിഞ്ഞതിന്റെ സങ്കടവും പേറിക്കൊ ണ്ടായിരിക്കും ഓരോരുത്തരും തേക്കിന്‍കാട്ടില്‍നിന്ന് യാത്രയാകുന്നത്. ഈ സമ്മിശ്രവികാരത്തിനിടയിലും അടുത്ത വര്‍ഷത്തെ പൂരത്തില്‍ പങ്കുകൊള്ളാമെന്ന ശുഭപ്രതീക്ഷയിലായിരിക്കില്ലേ മടക്കയാത്ര. എന്നിരുന്നാലും പൂരത്തിലലിഞ്ഞു ചേര്‍ന്ന ഇവരുടെ വിടവാങ്ങലിന്റെ ദൈന്യത ഓരോ മുഖത്തുനിന്നും വായിച്ചെടുക്കാം. അവസാനത്തെ കാഴ്ചക്കാരനും യാത്രയായാല്‍ മറ്റു കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിക്കൂ..
സംഘാടകരും ക്ഷേത്രച്ചുമതലക്കാരും കരിമരുന്നുപ്രയോഗം നടത്തിയവരും പന്തല്‍ പണിക്കാരും ഇല്യൂമിനേഷന്‍കാരും എന്നുവേണ്ട പൂരത്തിന്റെ പിന്നണിയില്‍നിന്ന് പ്രവര്‍ത്തിച്ച മുഴുവന്‍ പേരും ഇപ്പോഴും പൂരപ്പറമ്പില്‍ സജീവമാണ്. മാസങ്ങള്‍ക്കു മുന്‍പേ തന്നെ പൂരവിശേഷങ്ങള്‍ ലോകം മുഴുവന്‍ എത്തിച്ച ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ വാഹന വ്യൂഹങ്ങള്‍ മാത്രം തത്കാലം വിശ്രമത്തിലാണെന്ന് പറയാം.
തേക്കിന്‍കാടിനെ വര്‍ണത്തിലാറാടിച്ച വിവിധ തരം നാടോടിസംഘങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയാവുന്നത് കാണാം. കുങ്കുമം, ബലൂണ്‍ കച്ചവടക്കാര്‍ മുതല്‍ കൈതോലവിശറി വിറ്റിരുന്നവര്‍ വരെ കച്ചവടക്കാരും വഴിവാണിഭക്കാരും കൈനോട്ടക്കാരും ദിവസങ്ങളോളം കീഴടക്കിയിരുന്ന തേക്കിന്‍കാട് പതുക്കെ വിജനമാകാന്‍ തുടങ്ങും. തലേദിവസത്തെ കൊടുംചൂടില്‍ ഇളം കാറ്റ് പകര്‍ന്ന പേപ്പര്‍ വിശറികളും സണ്‍ഷേയ്ഡുകളും പൂരം വിശേഷങ്ങള്‍ വായനക്കാര്‍ക്ക് എത്തിച്ച വര്‍ത്തമാന പത്രങ്ങളും അനാഥമായി പൂരപ്പറമ്പില്‍ ചിതറിക്കിടക്കുന്നു.
ഒഴിഞ്ഞ വെള്ളക്കുപ്പികളുടെ ഒരു കൂമ്പാരംതന്നെയുണ്ടാകും. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവയെല്ലാം എടുത്തു മാറ്റി തേക്കിന്‍കാടും പരിസരവും പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിന പ്രയത്‌നം നടത്തുന്നവര്‍ക്കും വേണം ഒരു അനുമോദനം.
രണ്ടുദിവസത്തെ പൊടിപൊടിച്ച കച്ചവടത്തിനുശേഷം ബഹുഭൂരിപക്ഷം വാണിഭക്കാരും ഉച്ചകഴിഞ്ഞാല്‍ തിരിച്ചു പോകാനുള്ള തിരക്കിലായിരിക്കും. കുറച്ചുപേര്‍ ഒന്നോ രണ്ടോ ദിവസം കൂടി ഇവിടെ തങ്ങും. എല്ലാ വര്‍ഷവും മുടക്കം കൂടാതെ സ്ഥിരമായി എത്തുന്ന ഇത്തരം കച്ചവടക്കാരാണ് പൂരങ്ങളുടെ മറ്റൊരു അവിഭാജ്യ ഘടകം. ആളും ആരവവും ഒഴിഞ്ഞാലും വിശ്രമമില്ലാത്ത മറ്റൊരു കൂട്ടരാണ് പൂരം സംഘാടകര്‍. ആഴ്ചകളോളം ഉറക്കമൊഴിച്ചിട്ടും ഉറക്കക്ഷീണമില്ലാത്ത അവരെയും ഒന്ന് വീക്ഷിക്കാം. കലാകാരന്മാരും ആനകളും ചുമതലക്കാരും പിരിഞ്ഞു പോയാലും ഇവര്‍ക്ക് വിശ്രമമില്ല.
ശേഷിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തികരിക്കാനുള്ള ഒരുക്കങ്ങളിലും ചമയങ്ങള്‍ യഥാവിധി തിരികെ വയ്ക്കുന്നതിലും എന്തിനേറെ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നതില്‍ വരെ ഇവര്‍ നേരിട്ട് ഇടപെടുന്നുണ്ടാകും. പൂര - ഉത്സവ സംസ്‌കാരങ്ങള്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഓരോ വര്‍ഷവും കൂടുതല്‍ മനോഹരമാക്കുന്നതിനും അണിയറയിലും അരങ്ങത്തുമായി മാസങ്ങളോളം അതികഠിനമായ പരിശ്രമം നടത്തുന്നവരാണിവര്‍. പ്രതിഫലേച്ഛയില്ലാത്ത ഇവരുടെയെല്ലാം ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും സഹകരണവുമൊക്കെയാണ് പൂരങ്ങളും ഉത്സവങ്ങളുമൊക്കെ തനിമ ചോര്‍ന്ന് പോകാതെ സംരക്ഷിക്കാന്‍ പ്രാപ്തമാക്കുന്നത്. പൂരത്തില്‍ ഓരോ വര്‍ഷവും വൈവിധ്യം നിറഞ്ഞ പുതുമ കൊണ്ടുവരാന്‍ സംഘാടകര്‍ ശ്രമിക്കാറുണ്ട്.
ഈ ശ്രമമാണ് പലപ്പോഴും ഈ ആഘോഷങ്ങള്‍ പതിവിലും കൂടുതല്‍ മനോഹരമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പേര്‍ പൂരം ആസ്വദിക്കുന്നതിന് എത്താറുള്ളതും. വൈകുന്നേരം നടക്കുന്ന ആറാട്ടുകള്‍ക്കും കൊടികുത്തിനും വേണ്ടി തയ്യാറെടുക്കുന്ന ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, പൂജകൊട്ട് അടിയന്തിരക്കാര്‍, കഴകക്കാര്‍, കുത്തുവിളക്ക് പിടിക്കുന്നവര്‍, ആനപ്പുറം കയറുന്നവര്‍, ആന, ആനക്കാര്‍, ശുചീകരണ ജീവനക്കാര്‍, സുരക്ഷാ ജോലിക്കാര്‍ തുടങ്ങിയവര്‍ക്കും വിശ്രമിക്കാനുള്ള സമയമായില്ല.ഭഗവതിമാരുടെ ആറാട്ടും തുടര്‍ന്നുള്ള എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമാക്കാനുള്ള ശ്രമത്തിലാണ് അവര്‍ ഇപ്പോഴും.
സുഖസുഷുപ്തിയിലാണ്ട നഗരവും
രണ്ടു ദിവസം തുടര്‍ച്ചയായി ഓടിത്തളര്‍ന്ന വാഹനങ്ങളൊഴിഞ്ഞ സ്വരാജ് റൗണ്ടും എല്ലാത്തിനും നേര്‍ സാക്ഷിയായ ശ്രീവടക്കുന്നാഥനും കാത്തിരിപ്പ് ആരംഭിക്കുന്നു.... അടുത്ത പൂരത്തിനായി...
Content Highlights: thrissur pooram upacharam chadangukal