പൂരം വരവായി; തൃശ്ശൂർ പൂരാവേശത്തിലാണ്

#കെ.കെ. ശ്രീരാജ്
ഫയല്‍ ചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി
ഫയല്‍ ചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി

തൃശ്ശൂര്‍: ആരവങ്ങള്‍ക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും കുടമാറ്റവും പൂത്തുലയുന്ന വഴിയില്‍ ഇതു ചെറിയൊരു പൂരമായി മാറി. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മയാണ് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരനടയിലൂടെ വന്നത്.

ഇതേ സമയം, തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ചമയപ്രദര്‍ശനങ്ങള്‍ കാണാന്‍ ആളൊഴുക്കായി. വെളിച്ചത്തില്‍ കുളിച്ചുനിന്ന ഗോപുരങ്ങള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. തേക്കിന്‍കാട് മൈതാനത്തിലും സ്വരാജ് റൗണ്ടിലും ജനം നിറഞ്ഞു. 12.15-ഓടെയാണ് തെക്കേഗോപുരവഴി തുറന്നിട്ടത്. നെയ്തലക്കാവ് ക്ഷേത്രത്തില്‍നിന്ന് എട്ടരയോടെ പുറപ്പെട്ട പൂരം പത്തേകാലോടെ മണികണ്ഠനാലിലെത്തി. തുടര്‍ന്ന് കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളം ആസ്വാദകരെ ആവേശം കൊള്ളിച്ചു. 11.50-ഓടെ ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് വടക്കുന്നാഥനെ വണങ്ങാന്‍ നെയ്തലക്കാവിലമ്മ ക്ഷേത്രത്തിനകത്തുകയറി. തെക്കേഗോപുരനട അപ്പോഴേക്കും ജനസാഗരമായിരുന്നു.

ആവേശഗോപുരം

പൂരത്തിന്റെ ആള്‍ക്കൂട്ടം രണ്ട് സ്ഥലങ്ങളിലായി വിഭജിച്ചുകിടക്കുകയായിരുന്നു ആദ്യം. ചിലര്‍ കിഴക്കൂട്ടിന്റെ മേളലഹരിയില്‍ കുരുങ്ങി ശ്രീമൂലസ്ഥാനത്തേക്കൊഴുകി. ചിലര്‍ ഗോപുരനട തുറക്കുന്നിടത്തു മുന്നില്‍ സ്ഥാനമുറപ്പിക്കാന്‍ അവിടേക്ക് ഒഴുകി. മണികണ്ഠനാലില്‍ മേളം നാമ്പിട്ടപ്പോള്‍ത്തന്നെ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. ശ്രീമൂലസ്ഥാനത്തെ പന്തലിലേക്ക് മേളം പ്രവേശിച്ചതോടെ ആവേശം കൂടുതല്‍ കരുത്തോടെ വളര്‍ന്നു.

ആവേശത്തിന്റെ വേറിട്ട മുഖങ്ങളാണ് ഇവിടെ കാണാനായത്. താളംപിടിച്ച് വായുവില്‍ വിരല്‍ തുള്ളിക്കുന്നത് പ്രായഭേദമില്ലാത്ത മുദ്രയായിമാറി. മേളമുറുക്കങ്ങള്‍ കൂടിനിന്ന ശരീരങ്ങളിലേക്കും പടര്‍ന്നു. താളം വിരലിലോ തലയിലോ കൊരുക്കാത്ത ഒരാള്‍പോലുമില്ലായിരുന്നു അവിടെ. ചിലര്‍ കുട്ടികളെ തോളത്തേറ്റി. അവിടെനിന്ന് ശരീരമിളക്കി താളത്തിനൊത്തു നൃത്തംവെച്ചു. വെയിലിന്റെ പൊള്ളലിനെ മേളത്തിന്റെ കുളിര്‍ കീഴടക്കി.

പലമുറുക്കങ്ങള്‍ക്കുശേഷം മേളം കൊട്ടിത്തീര്‍ന്നപ്പോള്‍ മഴ നിലച്ച പ്രതീതിയായിരുന്നു. മരപ്പെയ്ത്തുപോലെ പലരുടെയും വിരലുകളില്‍ താളം വിടാതെ തുള്ളി. വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിച്ച നെയ്തലക്കാവിലമ്മ പ്രദക്ഷിണത്തിനും കൊമ്പുപറ്റിനും മറ്റു ചടങ്ങുകള്‍ക്കും ശേഷമാണ് തെക്കേഗോപുരനട തുറക്കാനെത്തിയത്. അപ്പോഴൊക്കെ തെക്കേഗോപുരനട ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. മേളം തീര്‍ന്നതോടെ ശ്രീമൂലസ്ഥാനത്തുനിന്ന് തെക്കേഗോപുരനടയിലേക്ക് ആളൊഴുക്കുണ്ടായി. ഗോപുരത്തിനു നേരെ മുന്നിലെത്താന്‍ ഓരോരുത്തരും കിണഞ്ഞു ശ്രമിച്ചു.

കനത്ത വെയിലിനെ അതിജീവിക്കാന്‍ ചിലര്‍ കുട ഉയര്‍ത്തിയപ്പോള്‍ പിന്നില്‍ നില്‍ക്കുന്നവര്‍ പ്രതിഷേധിച്ചു. ഒടുവില്‍ തെക്കേഗോപുരനടയില്‍ ആനത്തിളക്കം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരവം അണപൊട്ടി. ഗോപുരനട തുറന്നുവരുന്ന നെയ്തലക്കാവിലമ്മയെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. തുമ്പിക്കൈ ഉയര്‍ത്തി എറണാകുളം ശിവകുമാര്‍ നിന്നതോടെ ആരവം പാരമ്യത്തിലെത്തി. ഗോപുരനട തുറന്നിട്ടിട്ടും പൂരത്തില്‍ ലയിച്ചവര്‍ പിരിയാന്‍ മറന്നുനിന്നു. ശിവകുമാര്‍ ഗോപുരനട വിട്ട് ഇറങ്ങിത്തുടങ്ങുന്നതിനനുസരിച്ചാണ് ആളുകള്‍ ഒഴിഞ്ഞത്.

തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തെത്തി നിലപാടുതറയില്‍ പ്രദക്ഷിണംവെച്ച് ശംഖ് മൂന്നുവട്ടം മുഴക്കിയതോടെയാണ് വിളംബരം പൂര്‍ത്തിയായത്. ഇതോടെ എറണാകുളം ശിവകുമാറിന്റെ ദൗത്യം അവസാനിച്ചു. പിന്നീട് മറ്റൊരു ആനപ്പുറത്തേറി നെയ്തലക്കാവിലേക്ക് ഭഗവതി തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. ഇടയ്ക്ക് ഇറക്കിപ്പൂജയും നടന്നു.
 

Content Highlights: thrissur pooram starts today